ഗോളടിച്ച് കൗട്ടിനോയുടെ തിരിച്ച് വരവ്, നാല് ഗോൾ ജയവുമായി ബയേൺ മ്യൂണിക്ക്

ബുണ്ടസ് ലീഗയിൽ നാല് ഗോൾ ജയവുമായി ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക്. ഇൻട്രിം കോച്ചായ ഹാൻസി ഫ്ലിക്കിന് തുടർച്ചയായ മൂന്നാം ജയം. ഫോർച്യൂണ ദാസൽദോർഫിനെതിരെ എതിരില്ലാത്ത നാല് ഗോൾ ജയമാണ് ബയേൺ നേടിയത്. പവാർദ്,ടൊളീസോ,ഗ്നാബ്രി,കൗട്ടിനോ എന്നിവരാണ് ബയേണിനായി ഗോളടിച്ചത്. ബാഴ്സയിൽ നിന്നും ബയേണിലെത്തി ഗോൾ കണ്ടെത്താൻ വിഷമിച്ചിരുന്ന കൗട്ടിനോയും ഇന്നു ഗോളടിച്ചു. ബ്രസീലിയൻ താരത്തിന്റെ മൂന്നാം ബുണ്ടസ് ലീഗ ഗോളാണിത്.

അതേ സമയം ബുണ്ടസ് ലീഗയിലെ വർഷങ്ങൾ പഴക്കമുള്ള ജെർഡ് മുള്ളറുടെ റെക്കോർഡ് തകർക്കാനുള്ള അവസരം ലെവൻഡോസ്കിക്ക് നഷ്ടമായി. തുടർച്ചയായ 12ആം മത്സരത്തിലും ഗോളടിക്കാനുള്ള ലെവൻഡോസ്കിയുടെ ശ്രമങ്ങൾ പരാജയപ്പെട്ടു. എങ്കിലും ഒരു അസിസ്റ്റുമായി ലെവൻഡോസ്കിയും കളം നിറഞ്ഞ് കളിച്ചു. കൗട്ടിനീയുടെ ഗോളിന് വഴിയൊരുക്കിയത് ലെവൻഡോസ്കിയാണ്. 2018 സെപ്റ്റംബറിന് ശേഷം ആദ്യമായി സ്കോർ ചെയ്യാൻ കൊരെന്റിൻ ടൊളീസോയ്ക്കായി. ബുണ്ടസ് ലീഗ ടേബിൾ ടോപ്പേഴ്സായ ബൊറുസിയ മോഷൻഗ്ലാഡ്ബാക്ക് യൂണിയൻ ബെർലിനോട് പരാജയപ്പെട്ടതിനാൽ ഒരു പോയന്റ് മാത്രം പിന്നിലാണിപ്പോൾ ബയേൺ.