പാലസ് വിറപ്പിച്ചു, പക്ഷെ പതിവ് ജയം തുടർന്ന് ലിവർപൂൾ

ക്രിസ്റ്റൽ പാലസ് ഉയർത്തിയ വെല്ലുവിളി മറികടന്ന് ലിവർപൂളിന് പ്രീമിയർ ലീഗിൽ വീണ്ടും ജയം. എവേ മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്കാണ് അവർ ജയിച്ചു കയറിയത്. ജയത്തോടെ 37 പോയിന്റുള്ള അവർ ഒന്നാം സ്ഥാനത്ത് തുടരും. 15 പോയിന്റ് ഉള്ള പാലസ് 13 ആം സ്ഥാനത്താണ്.

ഇരു പകുതികളിലുമായി ശക്തമായ വെല്ലുവിളിയാണ് പാലസ് ലിവർപൂളിന് നൽകിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം സാഡിയോ മാനെ 49 ആം മിനുട്ടിൽ ലിവർപൂളിനെ മുന്നിൽ എത്തിച്ചു. പക്ഷെ 82 ആം മിനുട്ടിൽ സാഹയുടെ മനോഹര ഫിനിഷിൽ പാലസ് സമനില ഗോൾ നേടി. പക്ഷേ ഈ സീസണിൽ പല തവണ ആവർത്തിച്ച ലിവർപൂളിന്റെ വൈകി വരുന്ന ഗോളുകൾ ഇത്തവണയും എത്തി. 85 ആം മിനുട്ടിൽ ഫിർമിനോയാണ് ലിവർപൂളിനെ വീണ്ടും മുന്നിൽ എത്തിച്ചത്. പിന്നീട് സാഹക്ക് നല്ലൊരു അവസരം ലഭിച്ചെങ്കിലും താരം പുറത്തേക്ക് അടിച്ചത് ക്ളോപ്പിനും സംഘത്തിനും ഭാഗ്യമായി.