ബുണ്ടസ് ലീഗയിൽ എഫ്.സി കോളിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു വിജയതുടർച്ച നിലനിർത്തി ബയേൺ മ്യൂണിച്ച്. മത്സരത്തിൽ ആധിപത്യം പുലർത്തിയെങ്കിലും കടുത്ത പോരാട്ടം ആണ് കോളിൻ ബയേണിനു നൽകിയത്. 12 മത്തെ മിനിറ്റിൽ മാരിയസ് വോൾഫിന്റെ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ബയേൺ മത്സരത്തിൽ മുന്നിലെത്തി. ഒന്നാം പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് പ്രത്യാക്രമണത്തിൽ ജോഷുവ കിമ്മിച്ച് നൽകിയ പാസിൽ നിന്നു ലക്ഷ്യം കണ്ട സെർജ് ഗാനാബ്രി ബയേണിന്റെ ലീഡ് ഇരട്ടിയാക്കി. പൊരുതി നോക്കിയ കോളിൻ 82 മത്തെ മിനിറ്റിൽ ഡൊമിനിക് ഡ്രെക്സലറിലൂടെ ഒരു ഗോൾ മടക്കിയെങ്കിലും പരാജയം സമ്മാനിക്കുക ആയിരുന്നു.
അതേസമയം ഹമ്മൽസിന്റെ ഇരട്ടഗോൾ മികവിൽ ആണ് പുതുതായി സ്ഥാനക്കയറ്റം നേടി എത്തിയ അർമിന ബിലെഫീൽസിനെ ഡോർട്ട്മുണ്ട് മറികടന്നത്. രണ്ടാം പകുതിയിൽ 53, 71 മിനിറ്റുകളിൽ ആയിരുന്നു ഹമ്മൽസിന്റെ ഗോളുകൾ പിറന്നത്. നിലവിൽ ബയേണിനും ഡോർട്ട്മുണ്ടിനും 6 മത്സരങ്ങളിൽ നിന്നു 15 പോയിന്റുകൾ ആണ് ഉള്ളത്. ഗോൾ വ്യത്യാസത്തിൽ മുന്നിലുള്ള ബയേൺ ആണ് നിലവിൽ ഒന്നാമത്. ഇന്ന് നടന്ന മറ്റ് മത്സരങ്ങളിൽ ഫ്രാങ്ക്ഫർട്ട് വെർഡർ ബ്രമൻ മത്സരം 1-1 നു സമനിലയിൽ അവസാനിച്ചപ്പോൾ ഷാലക്കയെ സ്റ്റുഗാർട്ട് സമാനമായ സ്കോറിന് സമനിലയിൽ തളച്ചു.