ക്ഷമയുണ്ട്, കാത്തിരിക്കാൻ തയ്യാർ; നെഗ്ൽസ്മന്റെ ടീമിൽ കണ്ണുനട്ട് ഗ്രാവൻബെർഷ്

20221019 234220

അയാക്സിൽ നിന്നും വലിയ പ്രതീക്ഷലോടെയാണ് റ്യാൻ ഗ്രാവൻബെർഷ് ബയേണിൽ എത്തുന്നത്. മിഡിൽഫീൽഡറായി അയാകസിൽ തിളങ്ങിയിരുന്ന താരത്തിന് പക്ഷെ ജർമൻ ക്ലബ്ബിൽ അത്ര സുഖകരമല്ല കാര്യങ്ങൾ. പ്രതിഭാധനരായ ഒരു പിടി താരങ്ങൾ ഉള്ള ബയേൺ മധ്യ നിരയിൽ അവസരങ്ങൾ കിട്ടാതെ വരുന്നതിനിടെ ഒരു ജർമൻ മാധ്യമവുമായി ഗ്രാവൻബെർഷ് നിലവിലെ സാഹചര്യത്തെ കുറിച്ചു സംസാരിക്കുകയുണ്ടായി.

“ഒട്ടും എളുപ്പമല്ല നിലവിലെ സാഹചര്യം, അവസരങ്ങൾ ലഭിക്കണമെന്ന് തന്നെയാണ് തന്റെ ആഗ്രഹം. പക്ഷെ ക്ഷമയോടെ കാത്തിരിക്കേണ്ടി വരുമെന്ന് തിരിച്ചറിയുന്നുണ്ട്” ഡച്ച് താരം പറഞ്ഞു. തന്റെ കഴിവ് സ്വയം തിരിച്ചറിയുന്നുണ്ട് എന്നും പക്ഷെ ബയേൺ പോലൊരു ക്ലബ്ബിൽ ഒരുപാട് മികച്ച താരങ്ങൾ ഉണ്ടാവുന്നത് സ്വാഭാവികമാണെന്നും താരം ചൂണ്ടിക്കാണിച്ചു. “കാത്തിരിക്കുക തന്നെയാണ് മുന്നിലുള്ള വഴി” ഗ്രാവൻബെർഷ് കൂട്ടിച്ചേർത്തു.

അതേ സമയം ലോകകപ്പ് അടുത്തിരിക്കെ അവസരങ്ങൾ ലഭിക്കാത്തത് താരത്തെ അസ്വസ്ഥതനാകുമെന്ന് ഉറപ്പാണ്. നിലവിലെ സാഹചര്യത്തിൽ മികച്ച പ്രകടനം പുറത്തെടുത്താൽ അല്ലാതെ ഡച്ച് മധ്യനിരയിൽ ഇടം പിടിക്കുന്നതും താരത്തിന് ബുദ്ധിമുട്ടാണ്. കൂടാതെ ദിവസങ്ങൾക്ക് മുൻപ് താരത്തിന്റെ ഏജന്റുമാർ സാഹചര്യം വിലയിരുത്തുവാൻ ക്ലബ്ബുമായി ചർച്ചകൾ നടത്തിയിരുന്നതായും വാർത്തകൾ വന്നിരുന്നു.