കഴിഞ്ഞ സീസണിന്റെ രണ്ടാം പകുതിയിൽ ലാ ലീഗയിൽ കുതിപ്പ് നടത്തിയ ബാഴ്‌സലോണ മുന്നേറ്റത്തിൽ നിർണായക സാന്നിധ്യം ആയിരുന്നു പാട്രിക് ഔബമയാങ്. ട്രാൻസ്ഫർ വിൻഡോയുടെ അവസാനം നാടകീയമായി ആഴ്‌സനൽ വിട്ടെത്തിയ താരം തുടർച്ചയായി ഗോളുകൾ കണ്ടെത്തി ബാഴ്‌സക്ക് ഊർജം നൽകി. പിന്നീട് ചെൽസിയിലേക്ക് ചേക്കേറിയ താരം ഇപ്പോൾ ബാഴ്‌സലോണയിലേക്ക് തിരിച്ചുവരുമെന്ന് അഭ്യൂഹങ്ങൾ ശക്തമായിരിക്കുകയാണ്. മെംഫിസ് ഡീപെയെ അത്ലറ്റികോ മാഡ്രിഡ് നോട്ടമിട്ടത്തിന് പിറകെയാണ് പകരം ഒരു സ്‌ട്രൈക്കറെ എത്തിക്കാൻ ബാഴ്‌സലോണ ശ്രമിക്കുന്നതായുള്ള വാർത്തകൾ പുറത്തു വരുന്നത്.
അതേ സമയം മേംഫിസ് ഡീപെയ് ടീം വിട്ടാൽ മാത്രമേ ഇത്തരമൊരു കൈമാറ്റത്തെ കുറിച്ചു ബാഴ്‌സലോണ ചിന്തിക്കുകയുള്ളൂ. സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർടിവൊയും ഇത്തരമൊരു സാധ്യത ടീം മാനേജ്‌മെന്റിന് മുന്നിലുള്ളതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഔബമയങിന് ആവട്ടെ, ചെൽസിയിലേക്ക് ചേക്കേറിയ ശേഷം ഒട്ടും നല്ല സമയം അല്ല. ടൂഷലിന്റെ പുറത്താകലും താരത്തിന്റെ പ്രകടനത്തെ ബാധിച്ചു. സാലറിയിൽ കുറവ് വരുത്തേണ്ടി വന്നാലും ക്യാമ്പ്ന്യൂവിലേക്കുള്ള മടങ്ങി വരവിന് താരത്തിന് സമ്മതം തന്നെ ആയേക്കും. ജാവോ ഫെലിക്‌സും കൂടി എത്തുന്നതോടെ മുന്നേറ്റ താരത്തിന് വീണ്ടും അവസരങ്ങൾ കുറഞ്ഞേക്കും. അതേ സമയം ജനുവരിയിൽ ടീമിൽ യാതൊരു മാറ്റവും താൻ ആഗ്രഹിക്കുന്നില്ലെന്ന് സാവി ഒരിക്കൽ കൂടി വ്യക്തമാക്കിയിരുന്നു.