ഫെലിപ്പേ വോൾവ്സിലേക്ക്, സോയുഞ്ചു എത്തിയേക്കും; ട്രാൻസ്ഫർ നീക്കങ്ങൾ ശക്തമാക്കി അത്ലറ്റികോ മാഡ്രിഡ്

20230112 012100

സീസണിൽ താളം കണ്ടെത്താൻ ആവാതെ ഇടറുന്ന അത്ലറ്റികോ മാഡ്രിഡ് ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ടീം ശക്തമാക്കാനുള്ള നീക്കങ്ങൾ തുടരുന്നു. പ്രതിരോധ താരം ഫെലിപ്പേയെ വോൾവ്സിന് കൈമാറാൻ നീക്കങ്ങൾ ആരംഭിച്ചു. താരത്തിന്റെ നിലവിലെ കരാർ സീസണോടെ അവസാനിക്കാൻ ഇരിക്കുകയാണ്. അടുത്ത കാലത്ത് സിമിയോണിയും ഫെലിപ്പേയെ ടീമിലേക്ക് പരിഗണിക്കാറില്ലയിരുന്നു. ആകെ രണ്ടു ലീഗ് മത്സരങ്ങളിൽ മാത്രമാണ് സീസണിൽ താരം കളത്തിൽ ഇറങ്ങിയത്. അത് കൊണ്ട് ഫെലിപ്പെയെ കൈമാറിയാൽ മറ്റൊരു താരത്തെ ടീമിലേക്ക് എത്തിക്കാനും ടീമിനാകും.

20230112 012103

ലെസ്റ്റർ സിറ്റി താരം സോയുഞ്ചുവിനെ ടീമിലേക്ക് എത്തിക്കാൻ നേരത്തെ അത്ലറ്റികോ മാഡ്രിഡ് നേരത്തെ തീരുമാനിച്ചിരുന്നു. സീസണിന് ശേഷം ടർക്കിഷ് താരത്തെ കൊണ്ട് വരാൻ ആയിരുന്നു പദ്ധതി. എന്നാൽ ഒരു പക്ഷെ ജനുവരിയിൽ തന്നെ പ്രതിരോധ താരം മെട്രോപോളിറ്റനോയിലേക്ക് എത്തിയേക്കും എന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. ജാവോ ഫെലിക്‌സ്, മാത്യുസ് കുയ്ന എന്നിവരെ ലോണിൽ അയച്ച അത്ലറ്റികോക്ക് പകരക്കാരെ ടീമിലേക്ക് എത്തിക്കേണ്ടതായിട്ടും ഉണ്ട്. ലീഗിൽ നിലവിൽ അഞ്ചാം സ്ഥാനത്തുള്ള ടീമിന് ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയേക്കാൾ പതിനാല് പോയിന്റ് കുറവാണ്. അത് കൊണ്ട് തന്നെ ഇത്തവണ ചാംപ്യൻസ് ലീഗ് ബെർത്ത് നിലനിർത്തണമെങ്കിൽ കാര്യമായ മാറ്റങ്ങൾ തന്നെ ടീമിൽ കൊണ്ടുവരേണ്ടതായിട്ടുണ്ട്. അതേ സമയം മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വിക്ടർ ലിന്റ്ലോഫിനെ കുറിച്ചും അത്ലറ്റികോ ഇംഗ്ലീഷ് ടീമിനോട് ആരാഞ്ഞതായി ഫാബ്രിസിയോ റിപ്പോർട്ട് ചെയ്തു. എന്നാൽ എറിക് റ്റെൻ ഹാഗിന് താരത്തെ ടീമിൽ തന്നെ നിലനിർത്താൻ ആയിരുന്നു താൽപര്യം എന്നതിനാൽ കൂടുതൽ ചർച്ചകൾ നടന്നില്ല.