ഏഷ്യൻ കപ്പ് യോഗ്യത തേടി ഇന്ത്യ ഇറങ്ങുകയാണ്. ഇന്ന് കൊൽക്കത്തയിൽ സ്വന്തം കാണികൾക്ക് മുന്നിൽ ഇറങ്ങുന്ന ഇന്ത്യ കംബോഡിയയെ ആണ് നേരിടുന്നത്. താരതമ്യേന എളുപ്പമുള്ള ഗ്രൂപ്പ് ഡിയിൽ ആണ് ഇന്ത്യ ഉള്ളത്. കംബോഡിയ, അഫ്ഘാനിസ്ഥാൻ, ഹോങ്കോങ് എന്നിവരാണ് ഇന്ത്യക്ക് മുന്നിൽ ഉള്ളത്. ഈ മൂന്ന് മത്സരങ്ങളും വിജയിച്ച് ഇന്ത്യ ഗ്രൂപ്പിൽ ഒന്നാമത് ഫിനിഷ് ചെയ്യും എന്ന് തന്നെയാണ് ഇന്ത്യൻ ഫുട്ബോൾ ആരാധകർ കരുതുന്നത്.
എന്നാൽ ഏഷ്യൻ കപ്പിനായുള്ള ഒരുക്കവും സ്റ്റിമാചിന് കീഴിലുള്ള ഇന്ത്യയുടെ പ്രകടനവും ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് ആശങ്ക നൽകുന്നുണ്ട്. ജോർദാനെതിരായ പരാജയം ആണ് ഇന്ത്യയുടെ അവസാന മത്സരം. അന്ന് വളരെ മോശം പ്രകടനമായിരുന്നു ഇന്ത്യയിൽ നിന്ന് കണ്ടത്. ഇന്ന് കുറച്ചു കൂടെ നല്ല ഇലവനെ ആകും ഇന്ത്യ ഇറക്കുന്നത്. യുവതാരം ലിസ്റ്റൺ സുനിൽ ഛേത്രിക്ക് ഒപ്പം ആദ്യ ഇലവനിൽ തന്നെ ഇറങ്ങും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
മലയാളി താരങ്ങളായ സഹലും ആശിഖും ഇന്ന് ടീമിനൊപ്പം ഉണ്ടാകും. ഇന്ന് രാത്രി 8.30ന് നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും കാണാം.