ന്യൂകാസിൽ യുണൈറ്റഡ് മിഡ്ഫീൽഡർ ഐസക്ക് ഹെയ്ഡൻ നോർവിച് സിറ്റിയിൽ

ന്യൂകാസിൽ യുണൈറ്റഡ് മിഡ്ഫീൽഡർ ഐസക്ക് ഹെയ്ഡൻ ചാമ്പ്യൻഷിപ്പ് ടീമായ നോർവിച്ച് സിറ്റിയിൽ ചേർന്നു. 2022/23 സീസണിലുടനീളം ലോണിൽ ആകും ഹെയ്ഡൻ നോർവിചിൽ കളിക്കുക. സീസണ് അവസാനം ഹെയ്ഡൻ നോർവിചിൽ സ്ഥിര കരാർ ഒപ്പുവെച്ചേക്കും. ദീർഘകാലമായി പരിക്ക് കാരണം പുറത്തായിരുന്നു ഹെയ്ഡൻ. കഴിഞ്ഞ സീസണിന്റെ അവസാന ഭാഗത്തേക്കുള്ള എഡ്ഡി ഹോവിന്റെ 25 അംഗ പ്രീമിയർ ലീഗ് സ്ക്വാഡിൽ ഇടം നേടാൻ താരത്തിനായിരുന്നില്ല.

2016-ൽ ആഴ്‌സണലിൽ നിന്ന് ആയിരുന്നു ഹെയ്ഡൻ ന്യൂകാസിലിൽ എത്തിയത്. ചാമ്പ്യൻഷിപ്പ് കിരീടം നേടി പ്രീമിയർ ലീഗിൽ തിരികെ വന്ന ന്യൂകാസിൽ സ്ക്വാഡിന്റെ ഭാഗമായിരുന്നു ഹെയ്ഡൻ‌. സെന്റ് ജെയിംസ് പാർക്കിൽ തന്റെ ആറ് വർഷത്തിനിടെ 171 മത്സരങ്ങൾ കളിച്ച അദ്ദേഹം ഏഴ് ഗോളുകൾ നേടിയിട്ടുണ്ട്.