ഇത് ഇന്ത്യയുടെ രാത്രിയല്ല, അത്യുഗ്രൻ പ്രകടനം കാഴ്ചവെച്ചിട്ടും പരാജയം

ഇത് ഇന്ത്യയുടെ രാത്രിയല്ല എന്ന് തന്നെ പറയേണ്ടി വരും. നിരവധി അവസരങ്ങൾ, യു എ ഇ ഗോൾകീപ്പറുടെ ലോകോത്തര സേവ്, പോസ്റ്റിൽ തട്ടി മടങ്ങിയ രണ്ട് അവസരങ്ങൾ..ഒരൊറ്റ ഒരു ഇന്ത്യൻ ശ്രമം വരെ ഗോൾ വലയിലേക്ക് കയറിയില്ല. മറുവശത്ത് യു എ ഇക്ക് ആകെ ലഭിച്ചത് മൂന്ന് അവസരങ്ങൾ. അതിൽ രണ്ടെണ്ണം ഒരു പിഴവുമില്ലാതെ വലയിൽ. എതിർല്ലാത്ത രണ്ടു ഗോളുകളുടെ യു എ ഇ വിജയം. ഇത് ഇന്ത്യയുടെ രാത്രിയല്ല എന്ന് വിശ്വസിക്കുകയല്ലാതെ എന്ത് പറഞ്ഞ് ഇന്ത്യൻ ആരാധകർക്ക് ആശ്വസിക്കാൻ കഴിയും എന്ന് അറിയില്ല. പക്ഷെ ഇത്രയും വലിയ സ്റ്റേജിൽ ഇത്ര മികച്ച ടീമിനെതിരെ ഇന്ത്യ നടത്തിയ പ്രകടനം ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഒരിക്കലും മറന്നേക്കില്ല.

മാറ്റങ്ങൾ ഇല്ലാതെ ഇറങ്ങിയ ഇന്ത്യ ഇന്ന് മികച്ച രീതിയിലാണ് തുടങ്ങിയത്. മികച്ച പ്രസിംഗ് ആണ് തുടക്കം മുതൽ ഇന്ത്യ നടത്തിയത്. കളിയിലെ ആദ്യ അവസരം ആഷിഖ് കുരുണിയനായിരുന്നു ലഭിച്ചത്. ഛേത്രിയുടെ പ്രസിംഗിൽ നിന്ന് ലഭിച്ച പന്ത് ഒട്ടും താമസിക്കാതെ ഒരു പാസിലൂടെ ഛേത്രി ആഷിഖിൽ എത്തിച്ചു. പക്ഷെ ആഷിഖിന്റെ ഇടം കാലൻ ഷോട്ട് ഒരു വേൾഡ് ക്ലാസ് സേവിലൂടെ ഖാലിദ് എസ്സ രക്ഷിച്ചു.

കളിയിലെ രണ്ടാമത്തെ അവസരം സുനി ഛേത്രിയുടെ മുന്നിൽ ആണ് വന്നത്. ഒരു എണ്ണം പറഞ്ഞ ക്രോസ് വലതു വിങ്ങിൽ നിന്ന് വന്നു. യു എ ഇ സെന്റർ ബാക്കുകളെ മറികടന്ന് ഛേത്രി ചെയ്ത ഹെഡർ പക്ഷെ ഗോൾകീപ്പർക്ക് നേരെ ആയിപ്പോയി. ഈ രണ്ട് അവസരങ്ങളും മറ്റിരു ദിവസമാണെങ്കിൽ ഗോളാകുമെന്ന് ഉറപ്പുള്ള അവസരങ്ങൾ ആയിരുന്നു. ഇതു കൂടാതെ ജിങ്കന്റെ കോർണറിലെ അവസരങ്ങളും ഇന്ത്യ തുലച്ചു.

ആദ്യ പകുതിയുടെ അവസാനമാണ് ഇന്ത്യക്ക് പിഴച്ചത്. അനസ് യു എ ഇയുടെ അറ്റാക്കറുടെ കുതിപ്പ് തടയാൻ മടിച്ചത് ഇന്ത്യക്ക് വിനയായി മാറി. അവസരം മുതലെടുത്ത് കഫ്ലാൻ മുബാറക്കിലൂടെ യു എ ഇ മുന്നിൽ എത്തി. ആ ഗോൾ ഇന്ത്യയെ ഞെട്ടിച്ചു. അത് കഴിഞ്ഞ അടുത്ത നിമിഷം ഛേത്രിക്ക് ഒരു അവസരം കൂടി കിട്ടിയെങ്കിലും അതും മുതലെടുക്കാൻ ഇന്ത്യക്കായില്ല.

രണ്ടാം പകുതിയിലും ഇന്ത്യ തന്നെ അറ്റാക്കിംഗ് മൂവുകൾ അധികവും നടത്തിയത്. പന്ത് കൈവശം വെച്ചത് യു എ ഇ ആണെങ്കിലും പന്ത് കിട്ടിയപ്പോൾ ഒക്കെ ഡയറക്ട് ഫുട്ബോൾ കളിച്ച് അറ്റാക്കിംഗ് നടത്താൻ ഇന്ത്യക്കായി. രണ്ടാം പകുതിയിൽ ജെജെയെ ഇന്ത്യ രംഗത്ത് ഇറക്കി. ജെജെയുടെ ഷോട്ട് പോസ്റ്റിന് ഉരുമ്മി പോകുന്നതും രണ്ടാം പകുതിയിൽ കണ്ടു.

രണ്ടാം പകുതിയിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ഗോൾശ്രമം നടത്തിയത് ഉദാന്ത ആയിരുന്നു. ജെജെ-ഛേത്രി-ഉദാന്ത എന്നിവർ നടത്തിയ മൂവിൽ നിന്ന് അവസാാനം പിറന്ന ഉദാന്ത സ്ട്രൈക്ക് ബാറിൽ തട്ടി പുറത്തേക്ക് പോയി. കളിയുടെ അവസാന മിനുറ്റുകൾ വരെ സമനില ഗോളിനായി ഇന്ത്യ ശ്രമിച്ചു എങ്കിലും ഫലമുണ്ടായില്ല. അതിനിടെ 87ആം മിനുട്ടിൽ മക്ബൂതിലൂടെ യു എ ഇ വിജയം ഉറപ്പിച്ച രണ്ടാം ഗോൾ നേടി കളി ഇന്ത്യയിൽ നിന്ന് അകലെയാക്കി. കളിയുടെ അവസാനം ജിങ്കന്റെ ഒരു ശ്രമവും ബാറിൽ തട്ടി മടങ്ങുന്നത് ഇന്ത്യൻ ആരാധകർക്ക് കാണേണ്ടി വന്നു.

ഇന്നത്തെ ജയത്തോടെ യു എ ഇ നാലു പോയന്റുമായി ഗ്രൂപ്പിൽ ഒന്നാമത് എത്തി. തോറ്റെങ്കിലും മൂന്ന് പോയന്റുമായു ഇന്ത്യ രണ്ടാമത് ഉണ്ട്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ബഹ്റൈനെ ആണ് ഇന്ത്യ നേരിടേണ്ടത്. അന്ന് നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത ഉറപ്പിക്കാൻ ഇന്ത്യക്കാകും എന്ന് പ്രതീക്ഷിക്കാം.