ഏഷ്യൻ കിരീടം ആർക്ക്, ജപ്പാനും ഖത്തറും ഇന്ന് ഇറങ്ങും

പുതിയ ഏഷ്യൻ ചാമ്പ്യന്മാരെ ഇന്ന് അറിയാം. ഏഷ്യൻ കപ്പിന്റെ കലാശ കൊട്ടിൽ ഇന്ന് ജപ്പാനും ഖത്തറും നേർക്കുനേർ വരും. ഏഷ്യൻ കപ്പ് ഏറ്റവും കൂടുതൽ തവണ ഉയർത്തിയിട്ടുള്ള ടീമാണ് ജപ്പാൻ. ഖത്തറിന് ആകട്ടെ ഇത് അവരുടെ ചരിത്രത്തിലെ ആദ്യത്തെ ഏഷ്യ കപ്പ് ഫൈനലുമാണ്. ഖത്തർ അത്ഭുത കുതിപ്പ് തന്നെയാണ് ഈ ഏഷ്യൻ കപ്പിൽ നടത്തിയത്.

ഇതുവരെ ഖത്തർ ഒരു ഗോൾ പോലും ഏഷ്യൻ കപ്പിൽ വഴങ്ങിയിട്ടില്ല. ഏഷ്യൻ കപ്പിലെ എക്കാലത്തെയും മികച്ച ഡിഫൻസീവ് റെക്കോർഡ് ആണത്. സെമിയിൽ ആതിഥേയരും വൈരികളുമായ യു എ ഇയെ ചിത്രത്തിലേ ഇല്ലാത്തതാക്കും വിധം പരാജയപ്പെടുത്തിയാണ് ഖത്തർ ഫൈനലിലേക്ക് കാലെടുത്ത് വെച്ചത്. എതിരില്ലാത്ത നാലു ഗോളുകൾക്ക് ആയിരുന്നു ഖത്തറിന്റെ സെമിയിലെ ജയം.

ജപ്പാൻ എല്ലാ മത്സരങ്ങളും ജയിച്ചു തന്നെയാണ് വന്നത് എങ്കിലും സെമി വരെ അവരുടെ മികച്ച ഫോമിലേക്ക് എത്തിയിരുന്നില്ല. എന്നാൽ സെമിയിൽ ഇറാനെ കശാപ്പ് ചെയ്ത് കിരീടത്തിനായാണ് തങ്ങൾ വന്നിരിക്കുന്നത് എന്ന് അറിയിക്കാൻ ജപ്പാനായി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഈ ടൂർണമെന്റിലെ ഫേവറിറ്റ്സ് ആയിരുന്ന ഇറാനെ ജപ്പാൻ സെമിയിൽ തോൽപ്പിച്ചത്.

ഇന്ന് കിരീടം നേടിയാൽ ജപ്പാന്റെ അഞ്ചാം ഏഷ്യൻ കിരീടമാകും അത്. 8 ഗോളുകൾ നേടി ടൂർണമെന്റിലെ ടോപ്പ് സ്കോറർ ആയി നിൽക്കുന്ന ഖത്തർ യുവതാരം അൽമോസ് അലി ഇന്ന് ഒരു ഗോൾ കൂടെ നേടിയാൽ ഒരൊറ്റ ഏഷ്യൻ കപ്പിൽ 9 ഗോളുകൾ അടിക്കുന്ന ആദ്യ താരമെന്ന റെക്കോർഡിലും എത്താം. ഇന്ന് രാത്രി 7.30നാണ് ഫൈനൽ നടക്കുക.

Previous articleഇന്ത്യയ്ക്കെതിരെ ആശ്വാസ ജയവുമായി ന്യൂസിലാണ്ട് വനിതകള്‍
Next article“മാഞ്ചസ്റ്റർ യുണൈറ്റഡ് പഴയ മാഞ്ചസ്റ്റർ ആയി” – റെനെ മുളൻസ്റ്റീൻ