‘മെനി ഗോൾ വിത്ത് എ ബോൾ’ അരിമ്പ്രയിലെ അവധിക്കാല സൗജന്യ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് മാർച്ച് 30 ന് ആരംഭിക്കും

വള്ളുവമ്പ്രം: അരിമ്പ്ര മിഷൻ സോക്കർ അക്കാദമിയുടെ നേതൃത്വത്തിൽ അരിമ്പ്ര ജി.വി.എച്ച്.എസ് സ്കൂൾ പി.ടി.എ യുടെ സഹകരണത്തോടെ അരിമ്പ്രയിലെയും പരിസര പ്രദേശങ്ങളിലെയും കുട്ടികളുടെ മധ്യവേനൽ അവധിക്കാലം ഫുട്ബോളിലൂടെ ആരോഗ്യ ദായകമാക്കുക മികച്ച താരങ്ങളെ കണ്ടെത്തുക എന്നീ ലക്ഷ്യങ്ങളോടെ ”മെനി ഗോൾ വിത്ത് എ ബോൾ” എന്ന പേരിൽ ഒരു മാസം നീണ്ടു നിൽക്കുന്ന സമ്മർ സ്പെഷ്യൽ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിയ്ക്കുന്നു. അരിമ്പ്ര ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ ഇരുപത്തഞ്ച് കിലോമീറ്റർ ചുറ്റളവിനകത്ത് താമസിയ്ക്കുന്ന 01-01-2003 നും 31-12-2013 ഇടയിൽ ജനിച്ച അഞ്ച് മുതൽ പതിനേഴ് വയസ്സ് പ്രായക്കാരിൽ നിന്നും തെരെഞ്ഞെടുക്കപ്പെടുന്ന നൂറ് കുട്ടികളെ ഉദ്ദേശിച്ചാണ് പ്രസ്തുത ഫുട്ബോൾ ഓപ്പറേഷന് രൂപം നൽകിയിട്ടുള്ളത്.

മാർച്ച് 30 ന് രാവിലെ ഈ അധ്യായന വർഷത്തോടെ 33 വർഷത്തെ അധ്യാപക സേവനത്തിന് ശേഷം വിരമിയ്ക്കുന്ന അരിമ്പ്ര ജി.വി.എച്ച്.എസ് സ്കൂൾ പ്രധാനാധ്യാപിക എം.വിലാസിനി ടീച്ചർ ക്യാമ്പ് ഔപചാരികമായി ഉൽഘാടനം ചെയ്യും. പ്രദേശത്തെ പൗര പ്രമുഖരും പ്രശസ്ത കായിക താരങ്ങളും പി.ടി.എ ഭാരവാഹികളും ഉൽഘാടന ചടങ്ങിൽ സംബന്ധിയ്ക്കും.

.
ആൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ കോച്ചിംഗ് ലൈസൻസും സംസ്ഥാന – ദേശീയ തലങ്ങളിലെ ഫുട്ബോൾ മത്സര പരിചയ സമ്പന്നരുമായ കായികാധ്യാപകരുടെ കീഴിൽ അരിമ്പ്ര ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ ഇലവൻസ് ഫുട്ബോൾ മൈതാനത്ത് രാവിലെയും വൈകുന്നേരവുമായി കുട്ടികൾക്ക് പരിശീലനം നൽകുക.

ക്യാമ്പിലേക്ക് തെരെഞ്ഞടുക്കപ്പെടുന്ന കുട്ടികൾ ഒരോരുത്തരും ക്യാമ്പിൽ നിന്ന് ലഭിയ്ക്കുന്ന നിർദ്ദേശാനുസരണം ഒരോരോ ബോളുകൾ വാങ്ങേണ്ടതായി വരും എന്നതൊഴികെ മറ്റു യാതൊരു വിധ ഫീസുകളോ മറ്റോ ഈ ക്യാമ്പിന് വേണ്ടി ഈടാക്കുന്നതല്ല. പ്രസ്തുത ബോളുകൾ തന്നെ ക്യാമ്പ് സമാപന ദിവസം അവരവർക്ക് സ്വന്തം പ്രാക്ടീസ് ചെയ്യുന്നതിനായി തിരിച്ചു നൽകുന്നതായിരിയ്ക്കും.

പരിശീലനത്തിന്റെ വിവിധ ഘട്ടങ്ങളിൽ കുട്ടികൾക്ക് ദേശീയ – അന്തർദേശീയ താരങ്ങളുടെയും ഉന്നത പരിശീലകരുടെയും മുമ്പിൽ തങ്ങളുടെ കേളീ മികവ് പ്രദർശിപ്പിയ്ക്കാനും അത് വഴി ഉയർന്ന തലങ്ങളിലേക്കുള്ള അവസരങ്ങക്ക് വഴി ഒരുക്കിക്കൊടുക്കാനും, ആരോഗ്യ ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിയ്ക്കാനും ഈ ഫുട്ബോൾ കളരി ലക്ഷ്യമിടുന്നുണ്ട്.

മാർച്ച് 30ന് രാവിലെ 6.30 മുതൽ നടക്കുന്ന ട്രയൽസിലൂടെയാണ് ക്യാമ്പിലേക്ക് കുട്ടികളെ തെരെഞ്ഞെടുക്കുക. ക്യാമ്പിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള കുട്ടികൾ തങ്ങളുടെ രക്ഷിതാക്കളോടൊപ്പം ഇരുവരുടെയും ഒറിജിനൽ ആധാർ കാർഡുകളും അവയുടെ ഫോട്ടോ കോപ്പികളും ഓരോ പാസ്പോർട്ട് സൈസ് ഫോട്ടോകളുമായാണ് അരിമ്പ്ര ജി.വി.എച്ച്.എസ് സ്കൂൾ മൈതാനത്ത് ഹാജരാകേണ്ടത് എന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ; 9539814015