ഇന്ന് അഫ്ഗാനെതിരെ ഇന്ത്യ, ആദ്യ ജയം നേടണം

2022 ഫിഫാ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ വിജയം തേടി ഇന്ത്യ ഇന്ന് അഫ്ഗാനിസ്താനെതിരെ ഇറങ്ങും. താജിക്കിസ്ഥാനിൽ ഇന്നലെ എത്തിയ ഇന്ത്യ അവിടുത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെടാനുള്ള ശ്രമത്തിലാണ്. താജികിസ്താനിലെ ദുഷൻബെയിൽ ആണ് അഫ്ഗാനിസ്താൻ അവരുടെ ഹോം മത്സരങ്ങൾ കളിക്കുന്നത്.
ഗ്രൂപ്പിലെ ഇന്ത്യയുടെ നാലാം മത്സരമാണ് ഇത്. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് സമനിലയും ഒരു തോൽവിയുമായി 2 പോയിന്റ് ആണ് ഇന്ത്യക്ക് ഇപ്പോൾ ഉള്ളത്. ഒമാനെതിരെയും ഖത്തറിനെതിരെയും മികച്ച പ്രകടനങ്ങൾ നടത്തിക്കൊണ്ട് തുടങ്ങിയ ഇന്ത്യക്ക് പക്ഷെ അവസാന മത്സരം നിരാശയായിരുന്നു നൽകിയത്. ബംഗ്ലാദേശിനോട് കൊൽക്കത്തയിൽ വെച്ച് സമനില വഴങ്ങിയ ഇന്ത്യ ഇന്ന് ആദ്യ ജയം മാത്രമാകും ലക്ഷ്യമിടുന്നത്.
ഇന്ന് കൂടെ വിജയിച്ചില്ല എങ്കിൽ ഈ യോഗ്യത റൗണ്ട് ഇന്ത്യ കടക്കാനുള്ള സാധ്യത മങ്ങും. പ്രതികൂല കാലാവസ്ഥയും ആർട്ടിഷൽ ടർഫും ഒക്കെ ഇന്ത്യക്ക് ഇന്ന് പ്രശ്നമാണ്. ഒപ്പം ഇന്ത്യൻ ഡിഫൻസിൽ പ്രധാന താരങ്ങൾ ഇല്ലാത്തതും സ്റ്റിമാചിന് തലവേദന നൽകുന്നു. പരിക്കേറ്റ ജിങ്കനും ഉമ്മ മരണപ്പെട്ടതിനാൽ അനസും ഇന്ന് ടീമിനൊപ്പം ഇല്ല. ആദിൽ ഖാനാകും ഇന്ന് ഡിഫൻസിനെ നയിക്കുന്നത്. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുക.