ഉക്രൈൻ യുദ്ധം കാരണം റഷ്യൻ, ബെലാറസ് താരങ്ങളെ വിലക്കിയ വിംബിൾഡൺ അധികൃതർക്ക് നേരെ കൊഞ്ഞനം കാട്ടി മുൻ റഷ്യൻ താരം എലേന റിബാക്കിന വിംബിൾഡൺ ഫൈനലിൽ. റഷ്യയിൽ ജനിച്ചു 2018 വരെ റഷ്യക്ക് ആയി കളിച്ച ഇപ്പോഴും മോസ്കോയിൽ ജീവിക്കുന്ന നിലവിൽ കസാഖിസ്ഥാനെ പ്രതിനിധീകരിക്കുന്ന 17 സീഡ് ആയ റിബാക്കിന സെമിയിൽ മുൻ ജേതാവും 16 സീഡും ആയ സിമോണ ഹാലപ്പിനെ ആണ് മറികടന്നത്. നേരിട്ടുള്ള സെറ്റുകൾക്ക് ആണ് മുൻ ജേതാവിനെ റിബാക്കിന തകർത്തത്. വിംബിൾഡണിൽ തുടർച്ചയായ 12 ജയവുമായി സെമിയിൽ എത്തിയ ഹാലപ്പ് ഇത് വരെ ടൂർണമെന്റിൽ ഒരു സെറ്റ് പോലും കൈവിട്ടിരുന്നില്ല. എന്നാൽ റിബാക്കിനക്ക് മുന്നിൽ ഹാലപ്പ് തകർന്നറിഞ്ഞു.
ഇതോടെ വിംബിൾഡണിൽ ഫൈനലിൽ എത്തുന്ന ആദ്യ കസാഖിസ്ഥാൻ താരവും ആയി റിബാക്കിന. മത്സരത്തിൽ തുടക്കത്തിൽ തന്നെ ഉഗ്രൻ തുടക്കം ആണ് റിബാക്കിനക്ക് ലഭിച്ചത്. ഹാലപ്പിന്റെ ആദ്യ സർവീസ് തന്നെ ഭേദിച്ച താരം വീണ്ടും ബ്രൈക്ക് കണ്ടത്തി സെറ്റ് 6-3 നു സ്വന്തം പേരിൽ കുറിച്ചു. രണ്ടാം സെറ്റിൽ ഒരിക്കൽ ബ്രൈക്ക് വഴങ്ങിയെങ്കിലും 2 തവണ ബ്രൈക്ക് കണ്ടത്തിയ റിബാക്കിന സെറ്റ് 6-3 നു തന്നെ നേടി ഫൈനൽ ഉറപ്പിച്ചു. 4 ഏസുകൾ റിബാക്കിന ഉതിർത്തപ്പോൾ 8 തവണയാണ് ഹാലപ്പ് സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയത്. തീർത്തും ആധികാരിക പ്രകടനം ആണ് റിബാക്കിന കാഴ്ച വച്ചത്. ഫൈനലിൽ ടുണീഷ്യൻ താരം ഒൻസ് ജാബ്യുർ ആണ് റിബാക്കിനയുടെ എതിരാളി. ആദ്യ ഗ്രാന്റ് സ്‌ലാം കിരീടം ആണ് ഫൈനലിൽ ഇരു താരങ്ങളും ലക്ഷ്യം വക്കുക. 2015 നു ശേഷം ഗ്രാന്റ് സ്‌ലാം ഫൈനലിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് റിബാക്കിന.