വിംബിൾഡൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി യുവ ഇറ്റാലിയൻ താരം യാനിക് സിന്നർ. അഞ്ചാം സീഡ് ആയ കാർലോസ് അൽകാരസ് ഗാർഫിയയെ നാലു സെറ്റുകൾ നീണ്ട മത്സരത്തിൽ വീഴ്ത്തിയാണ് പത്താം സീഡ് ആയ സിന്നർ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്. മുമ്പ് ഓസ്‌ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ ക്വാർട്ടർ ഫൈനലുകളിലേക്ക് മുന്നേറിയ താരം ഇതോടെ എല്ലാ ഗ്രാന്റ് സ്‌ലാം സർഫസുകളിലും ക്വാർട്ടർ ഫൈനലുകളിലേക്ക് മുന്നേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറി. ഈ വിംബിൾഡണിനു മുമ്പ് പുൽ മൈതാനത്ത് ഒരു മത്സരവും ജയിക്കാത്ത സിന്നർ സ്വപ്ന കുതിപ്പ് ആണ് നിലവിൽ വിംബിൾഡണിൽ നടത്തുന്നത്. മത്സരത്തിൽ ആദ്യ സെറ്റിൽ അൽകാരസിന് മേൽ വലിയ ആധിപത്യം ആണ് സിന്നർ പുലർത്തിയത്. രണ്ടു തവണ അൽകാരസിന്റെ സർവീസ് ബ്രൈക്ക് ചെയ്ത സിന്നർ സെറ്റ് 6-1 നു നേടി അൽകാരസിനെ ഞെട്ടിച്ചു.
മോശം പ്രകടനം രണ്ടാം സെറ്റിലും അൽകാരസ് തുടർന്നപ്പോൾ സിന്നർ രണ്ടാം സെറ്റിലും ബ്രൈക്ക് കണ്ടത്തി. തുടർന്ന് കടുത്ത പോരാട്ടം പുറത്ത് എടുത്തു എങ്കിലും സെറ്റ് 6-4 നു കൈവിട്ടു അൽകാരസ്. മൂന്നാം സെറ്റിൽ അൽകാരസ് മത്സരത്തിൽ തിരിച്ചു വന്നു. ഇടക്ക് മത്സരത്തിൽ സിന്നർ അൽകാരസിന്റെ സർവീസിൽ മാച്ച് പോയിന്റുകൾ സൃഷ്ടിച്ചു. എന്നാൽ ഇത് അൽകാരസ് രക്ഷിച്ചു. തുടർന്ന് ഇരു താരങ്ങളും സർവീസ് നിലനിർത്തിയപ്പോൾ സെറ്റ് ടൈബ്രൈക്കറിലേക്ക് നീണ്ടു. ടൈബ്രൈക്കറിൽ ഇരു താരങ്ങളും സർവ്വം മറന്നു പൊരുതി. സെറ്റ് പോയിന്റുകൾ സിന്നർ രക്ഷിച്ചപ്പോൾ 2 മാച്ച് പോയിന്റുകൾ രക്ഷിച്ച അൽകാരസ് അവിശ്വസനീയം ആയ ഷോട്ടുകളിലൂടെ സെറ്റ് സ്വന്തം പേരിൽ കുറിച്ചു പരാജയത്തിൽ നിന്നു രക്ഷപ്പെട്ടു. മൂന്നാം സെറ്റിലും മൂന്നാം സെറ്റിന്റെ ആവർത്തനം ആണ് തുടക്കത്തിൽ കണ്ടത്. എന്നാൽ തുടക്കത്തിൽ തന്നെ അൽകാരസിന്റെ സർവീസ് സിന്നർ ബ്രൈക്ക് ചെയ്തു.
എന്നാൽ തൊട്ടടുത്ത സിന്നറിന്റെ സർവീസിൽ അൽകാരസ് 3 ബ്രൈക്ക് പോയിന്റുകൾ സൃഷ്ടിച്ചു. എന്നാൽ ഇത് മൂന്നും രക്ഷിച്ച സിന്നർ സെറ്റിൽ 4-1 നു മുന്നിൽ എത്തി. തുടർന്ന് അൽകാരസിന്റെ സർവീസിൽ സിന്നർ മാച്ച് പോയിന്റുകൾ സൃഷ്ടിച്ചു എങ്കിലും ഇത് സ്പാനിഷ് താരം രക്ഷിച്ചെടുത്തു. എന്നാൽ സ്വന്തം സർവീസിൽ മാച്ച് പോയിന്റ് തുടർന്ന് സിന്നർ സൃഷ്ടിച്ചു. ഇതിൽ ഒരെണ്ണം രക്ഷിക്കാൻ ആയെങ്കിലും ഒടുവിൽ 6-3 നു സെറ്റ് സ്വന്തം പേരിൽ കുറിച്ചു സിന്നർ ക്വാർട്ടർ ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു. മത്സരത്തിൽ അൽകാരസ് 9 ഏസുകൾ ഉതിർത്തപ്പോൾ സിന്നർ 4 ഏസുകൾ ആണ് ഉതിർത്തത്. മത്സരത്തിൽ സിന്നറിന്റെ ഒരു സർവീസ് പോലും ബ്രൈക്ക് ചെയ്യാൻ അൽകാരസിന് ആയില്ല അതേസമയം അൽകാരസിന്റെ സർവീസ് നാലു തവണ സിന്നർ ബ്രൈക്ക് ചെയ്തു. ക്വാർട്ടർ ഫൈനലിൽ നൊവാക് ജ്യോക്കോവിച്ച്, ടിം വാൻ റിജ്തോവൻ മത്സര വിജയിയെ ആണ് സിന്നർ നേരിടുക.