ഒരു സെറ്റും കൈവിടാതെ തുടർച്ചയായ രണ്ടാം വിംബിൾഡൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ഒൻസ്

വിംബിൾഡണിൽ തുടർച്ചയായ രണ്ടാം വർഷവും ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ടുണീഷ്യൻ താരവും മൂന്നാം സീഡും ആയ ഒൻസ് ജാബ്യുർ. നിലവിൽ ഇത് വരെ ഒരു സെറ്റ് പോലും കൈവിടാതെ ആണ് ഒൻസ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്. ബെൽജിയം താരവും 24 സീഡും ആയ എൽസി മെർട്ടൻസിനെ തോൽപ്പിച്ചു ആണ് ഒൻസ് വിംബിൾഡൺ അവസാന എട്ടിലേക്ക് മുന്നേറിയത്. ആദ്യ സെറ്റിൽ തുടക്കത്തിൽ ബ്രൈക്ക് പോയിന്റുകൾ കണ്ടത്തി മുൻതൂക്കം ഒൻസ് നേടിയെങ്കിലും മെർട്ടൻസ് ബ്രൈക്ക് തിരിച്ചു പിടിച്ചു മത്സരത്തിൽ തിരിച്ചു വന്നു. അതോടെ ആദ്യ സെറ്റ് ടൈബ്രൈക്കറിലേക്ക് നീണ്ടു.

20220704 013743

ടൈബ്രൈക്കറിൽ കടുത്ത പോരാട്ടം ആണ് കാണാൻ ആയത്. സെറ്റ് പോയിന്റുകൾ രക്ഷിച്ച മെർട്ടൻസ് ഒൻസിനോട് പൊരുതി നിന്നു. എന്നാൽ ഒടുവിൽ ടൈബ്രൈക്കറിൽ 11-9 നു ജയം കണ്ട ഒൻസ് ആദ്യ സെറ്റ് സ്വന്തം പേരിൽ കുറിച്ചു. രണ്ടാം സെറ്റിൽ തുടക്കത്തിൽ തന്നെ ഒൻസ് ബ്രൈക്ക് കണ്ടത്തി. തുടർന്ന് സെറ്റ് 6-4 നു നേടിയ ഒൻസ് അനായാസം അവസാന എട്ടിലേക്ക് മുന്നേറി. മത്സരത്തിൽ 5 ഏസുകൾ ഉതിർത്ത ഒൻസ് മൂന്നു തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 4 തവണ എതിരാളിയുടെ സർവീസ് ബ്രൈക്ക് ചെയ്തു. കരിയറിലെ ആദ്യ ഗ്രാന്റ് സ്‌ലാം സെമിഫൈനൽ ലക്ഷ്യം വക്കുന്ന ഒൻസ് ക്വാർട്ടർ ഫൈനലിൽ 66 റാങ്കുകാരിയായ ചെക് റിപ്പബ്ലിക് താരം മേരി ബോസ്കോവയെ ആണ് നേരിടുക.