വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ എത്തിയ ആദ്യ അറബ് വനിത താരമായ ടുണീഷ്യൻ താരവും 21 സീഡ് ഒൻസ് ജെബേറിനെ വീഴ്ത്തി രണ്ടാം സീഡ് ആര്യാന സബലങ്ക വിംബിൾഡൺ സെമിഫൈനലിൽ. ടുണീഷ്യൻ താരത്തിന് മേൽ വ്യക്തമായ ആധിപത്യം ആണ് സബലങ്ക മത്സരത്തിൽ പുറത്തെടുത്തത്. നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു സബലങ്കയുടെ ക്വാർട്ടർ ഫൈനലിലെ ജയം. തങ്ങളുടെ ആദ്യ ഗ്രാന്റ് സ്ലാം സെമിഫൈനൽ ലക്ഷ്യം വച്ചാണ് ഇരു താരങ്ങളും വിംബിൾഡൺ സെന്റർ കോർട്ടിൽ ഇറങ്ങിയത്. മത്സരത്തിൽ ഒരു ബ്രൈക്ക് വഴങ്ങിയെങ്കിലും 3 തവണ ഒൻസിന്റെ സർവീസ് ബ്രൈക്ക് ചെയ്താണ് സബലങ്ക ജയം കണ്ടത്. ആദ്യ സെറ്റ് 6-4 നും രണ്ടാം സെറ്റ് 6-3 നും ആണ് സബലങ്ക ജയം കണ്ടത്. ആദ്യ ഗ്രാന്റ് സ്ലാം എന്ന ലക്ഷ്യം തന്നെയാണ് വിംബിൾഡൺ അവസാന നാലിൽ എത്തുമ്പോഴും സബലങ്ക ലക്ഷ്യം വക്കുക. തോറ്റെങ്കിലും ചരിത്രം എഴുതിയതിൽ തല ഉയർത്തി ആവും ഒൻസ് മടങ്ങുക. 3 മുൻ ഗ്രാന്റ് സ്ലാം ജേതാക്കളെ മറികടന്ന് ആയിരുന്നു ഒൻസ് ക്വാർട്ടറിൽ എത്തിയത്.
സെമിഫൈനലിൽ മുൻ ലോക ഒന്നാം നമ്പർ താരം ആയ എട്ടാം സീഡ് ചെക് താരം കരോലിന പ്ലിസ്കോവയാണ് സബലങ്കയുടെ എതിരാളി. സീഡ് ചെയ്യാത്ത സ്വിസ് താരം വിക്ടോറിയ ഗോലുബിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർക്കുക ആയിരുന്നു പ്ലിസ്കോവ ക്വാർട്ടറിൽ. ഓരോ സർവീസിലും ആയി ഇരട്ട ബ്രൈക്ക് കണ്ടത്തിയ ചെക് താരം 8 ഏസുകൾ ഉതിർത്തു 6-2, 6-2 എന്ന സ്കോറിന് ആണ് ജയം കണ്ടത്. വിംബിൾഡണിൽ ഇത് വരെ ഒരു സെറ്റ് പോലും മികച്ച ഫോമിലുള്ള പ്ലിസ്കോവ വഴങ്ങിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇതോടെ റാങ്കിങ്ങിൽ ആദ്യ പത്തിലും താരം തിരിച്ചെത്തും. കരിയറിലെ പ്ലിസ്കോവയുടെ നാലാം ഗ്രാന്റ് സ്ലാം സെമിഫൈനൽ ആണ് ഇത്, വിംബിൾഡണിലെ ആദ്യത്തെയും. മുമ്പ് മറ്റ് മൂന്ന് ഗ്രാന്റ് സ്ലാം സെമിയിലും പ്ലിസ്കോവ പ്രവേശിച്ചിരുന്നു. മുമ്പ് പരസ്പരം ഏറ്റുമുട്ടിയ രണ്ടു മത്സരങ്ങളിലും സബലങ്കയാണ് ജയം കണ്ടത്, ഇതിൽ ഒരു മത്സരം പുൽ മൈതാനത്തും ആയിരുന്നു.