വിംബിൾഡൺ രണ്ടാം റൗണ്ടിൽ ലിത്വാനിയൻ താരം റികാർഡാസ് ബരാങ്കിസിനെ നാലു സെറ്റ് പോരാട്ടത്തിൽ ആണ് റാഫേൽ നദാൽ തോൽപ്പിച്ചത്. ആദ്യ സെറ്റിൽ നിർണായക ബ്രൈക്ക് കണ്ടത്തിയ നദാൽ സെറ്റ് 6-4 നു നേടി മത്സരത്തിൽ മുൻതൂക്കം കണ്ടത്തി. രണ്ടാം സെറ്റിൽ മികച്ച തുടക്കം ആണ് ബരാങ്കിസിനു ലഭിച്ചത്. നദാലിനെ ബ്രൈക്ക് ചെയ്യാൻ ബരാങ്കിസിനു ആയി, എന്നാൽ ബ്രൈക്ക് തിരിച്ചു പിടിച്ച നദാൽ വീണ്ടുമൊരു ബ്രൈക്ക് കൂടി കണ്ടത്തി സെറ്റ് 6-4 നു നേടി മത്സരം ഒരു സെറ്റ് മാത്രം അകലെയാക്കി. മൂന്നാം സെറ്റിൽ എന്നാൽ നദാലിനെ ഒരിക്കൽ കൂടി ബ്രൈക്ക് ചെയ്ത ബരാങ്കിസ് സർവീസ് നിലനിർത്തി സെറ്റ് 6-4 നു നേടി മത്സരം നാലാം സെറ്റിലേക്ക് നീട്ടി. നാലാം സെറ്റിൽ ഉഗ്രൻ തുടക്കം ലഭിച്ച നദാൽ 3-0 നു മുന്നിൽ എത്തി.
എന്നാൽ ഇടക്ക് മഴ വന്നത് മത്സരം അൽപ്പ നേരം നിർത്തി വക്കാൻ ഇടയാക്കി. വീണ്ടും കളി തുടർന്നപ്പോൾ മികവ് തുടർന്ന നദാൽ സെറ്റ് 6-3 നു നേടി മൂന്നാം റൗണ്ട് ഉറപ്പിച്ചു. നീളൻ റാലികൾ ജയിച്ച നദാൽ തന്റെ മികവ് പലപ്പോഴും എടുത്തു കാണിച്ചു. മത്സരത്തിൽ 13 ഏസുകൾ ഉതിർത്ത നദാൽ തന്റെ ഏറ്റവും മികവിലേക്ക് ഇത് വരെ ഉയർന്നിട്ടില്ല എന്നു തന്നെ പറയണം. മൂന്നാം റൗണ്ടിൽ ലോറൻസോ സൊനേഗയാണ് നദാലിന്റെ എതിരാളി. അതേസമയം 13 സീഡ് കനേഡിയൻ താരം ഡെന്നിസ് ഷപോവലോവ് രണ്ടാം റൗണ്ടിൽ പുറത്തായി. യുവ അമേരിക്കൻ താരം ബ്രാണ്ടൺ നകശിമയാണ് നാലു സെറ്റ് പോരാട്ടത്തിൽ കനേഡിയൻ താരത്തെ അട്ടിമറിച്ചത്. 6-2, 4-6, 6-1, 7-6 എന്ന സ്കോറിന് ആയിരുന്നു ഷപോവലോവിന്റെ പരാജയം.