വിംബിൾഡൺ അവസാന നാലിലേക്ക് മുന്നേറി ചരിത്രം എഴുതി ടുണീഷ്യൻ താരവും ലോക രണ്ടാം നമ്പറും ആയ ഒൻസ് ജാബ്യുർ. സീഡ് ചെയ്യാത്ത ചെക് റിപ്പബ്ലിക് താരം മേരി ബോസ്കോവക്ക് എതിരെ ആദ്യ സെറ്റ് കൈവിട്ട ശേഷം തിരിച്ചു വന്നു ജയം കണ്ടാണ് ഒൻസ് ചരിത്രം എഴുതിയത്. പുരുഷ, വനിത വിഭാഗങ്ങളിൽ ആയി ചരിത്രത്തിൽ ആദ്യമായി ഗ്രാന്റ് സ്ലാം സെമിഫൈനലിൽ എത്തുന്ന അറബ് താരമായും വടക്കൻ ആഫ്രിക്കൻ താരവും ആയി ഇതോടെ ഒൻസ് മാറി. ആദ്യ സെറ്റിൽ നന്നായി കളിച്ച ചെക് താരത്തിന് എതിരെ 6-3 നു ഒൻസ് സെറ്റ് കൈവിട്ടു.
എന്നാൽ രണ്ടാം സെറ്റ് മുതൽ ഒൻസ് ഗിയർ മാറ്റി. തുടർച്ചയായി ബ്രൈക്കുകൾ കണ്ടത്തിയ ഒൻസ് രണ്ടാം സെറ്റ് 6-1 നേടി മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. മൂന്നാം സെറ്റിലും സമാനമായ പ്രകടനം ആണ് അറബ് താരം പുറത്തെടുത്തത്. തുടർച്ചയായി എതിരാളിയുടെ സർവീസ് ബ്രൈക്ക് ചെയ്ത ഒൻസ് 6-1 നു മൂന്നാം സെറ്റും നേടി ആഫ്രിക്കക്ക് ആയി ചരിത്രം എഴുതി. നിലവിൽ വിംബിൾഡണിൽ അവശേഷിക്കുന്ന ഏറ്റവും റാങ്ക് കൂടിയ താരമായ ഒൻസ് വിംബിൾഡൺ കിരീടം തന്നെയാണ് ലക്ഷ്യം വക്കുന്നത്. സെമിയിൽ ഒൻസ് തന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായ താത്ജാന മരിയയെ ആണ് നേരിടുക.