ബ്രിട്ടീഷ് പതാകയേന്തി കാമറൂൺ നോറി വിംബിൾഡൺ സെമിയിൽ, 5 സെറ്റ് പോരാട്ടത്തിൽ ഗോഫിനെ വീഴ്ത്തി

വിംബിൾഡണിൽ 2016 നു ശേഷം ആദ്യമായി കാമറൂൺ നോറിയിലൂടെ ബ്രിട്ടീഷ് താരം അവസാന നാലിൽ. 2016 ൽ ആന്റി മറെ കിരീടം നേടിയതിനു ശേഷം ഇത് ആദ്യമായാണ് ഒരു താരം വിംബിൾഡൺ സെമിഫൈനലിൽ എത്തുന്നത്. സീഡ് ചെയ്യാത്ത ബെൽജിയം താരം ഡേവിഡ് ഗോഫിനെ അഞ്ചു സെറ്റ് പോരാട്ടത്തിൽ തോൽപ്പിച്ചു ആണ് ബ്രിട്ടന്റെ പുതിയ ഹീറോ ആയി നോറി സെമിഫൈനലിലേക്ക് മുന്നേറിയത്. ആദ്യ സെറ്റുകളിൽ ഗോഫിന്റെ മികവ് ആണ് കാണാൻ ആയത്. ആദ്യ സെറ്റ് ഗോഫിൻ 6-3 നു നേടിയപ്പോൾ രണ്ടാം സെറ്റിൽ പൊരുതിയ നോറി 7-5 നു സെറ്റ് നേടി മത്സരത്തിൽ ഒപ്പം എത്തി.

Screenshot 20220706 002958 01

മൂന്നാം സെറ്റിൽ ഗോഫിൻ നോറിക്ക് മേൽ ആധിപത്യം നേടിയപ്പോൾ സെറ്റ് 6-2 നു ബെൽജിയം താരത്തിന് സ്വന്തം. നാലാം സെറ്റിൽ ആരാധകരുടെ മികച്ച പിന്തുണയോടെ തിരിച്ചടിച്ച നോറി ബെൽജിയം താരത്തിന്റെ സർവീസ് ബ്രൈക്ക് ചെയ്തു സെറ്റ് 6-3 നു നേടി മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. അഞ്ചാം സെറ്റിൽ സർവീസ് വിട്ട് കൊടുക്കാതെ ഇരു താരങ്ങളും പൊരുതി. ഒടുവിൽ അവസാനം ഗോഫിന്റെ സർവീസ് ഭേദിച്ച നോറി മത്സരത്തിന് ആയി സർവീസ് ചെയ്യാൻ ആരംഭിച്ചു. ഒടുവിൽ 7-5 നു സെറ്റ് നേടി സ്വന്തം രാജ്യത്തെ ഗ്രാന്റ് സ്‌ലാമിൽ താരം അവസാന നാലു ഉറപ്പിച്ചു. മത്സരത്തിൽ 5 വീതം ബ്രൈക്കുകൾ ആണ് ഇരു താരങ്ങളും കണ്ടത്തിയത്. സെമിയിൽ സാക്ഷാൽ നൊവാക് ജ്യോക്കോവിച്ച് ആണ് ഒമ്പതാം സീഡ് ആയ കാമറൂൺ നോറിയുടെ എതിരാളി.