വിംബിൾഡണിൽ പുതിയ ചരിത്രം കുറിച്ച് ലോക രണ്ടാം നമ്പർ ആയ ടുണീഷ്യൻ താരം ഒൻസ് ജാബ്യുർ. വിംബിൾഡൺ ഫൈനലിലേക്ക് മുന്നേറിയ താരം ചരിത്രത്തിൽ ആദ്യമായി ഗ്രാന്റ് സ്ലാം ഫൈനലിൽ എത്തുന്ന ആഫ്രിക്കൻ, അറബ് താരമായി മാറി. അത്ഭുത പ്രകടനവും ആയി സെമിയിൽ എത്തിയ തന്റെ അടുത്ത സുഹൃത്ത് ആയ ജർമ്മൻ താരം സീഡ് ചെയ്യാത്ത താത്ജാന മരിയയെ മൂന്നു സെറ്റ് പോരാട്ടത്തിൽ ആണ് മൂന്നാം സീഡ് ഒൻസ് ജാബ്യുർ സെമിയിൽ മറികടന്നത്. മത്സരത്തിൽ ആദ്യ സെറ്റിൽ ഒൻസിന്റെ ആധിപത്യം ആണ് കാണാൻ ആയത്. ബ്രൈക്ക് പോയിന്റുകൾ നേടിയ ഒൻസ് സെറ്റ് 6-2 നു സ്വന്തം പേരിൽ കുറിച്ചു.
രണ്ടാം സെറ്റിൽ എന്നാൽ മരിയ തിരിച്ചടിച്ചു. മത്സരത്തിൽ ഒൻസിന്റെ സർവീസ് ആദ്യമായി ബ്രൈക്ക് ചെയ്ത മരിയ സെറ്റ് 6-3 നു നേടി മത്സരത്തിൽ ഒപ്പം എത്തി. മൂന്നാം സെറ്റിൽ എന്നാൽ ഒൻസ് ഒന്നാം സെറ്റിൽ നിർത്തിയ ഇടത്ത് നിന്നു തുടങ്ങി. തുടർച്ചയായി ബ്രൈക്കുകൾ കണ്ടത്തിയ ഒൻസ് 5-0 നു മുന്നിലെത്തി. തുടർന്ന് സെറ്റ് 6-1 നു നേടി ഒൻസ് ചരിത്ര ഫൈനലിലേക്ക് മുന്നേറുക ആയിരുന്നു. മനോഹരമായ പ്രകടനം ആയിരുന്നു ഒൻസ് സെമിയിൽ പുറത്ത് എടുത്തത്. മികച്ച സ്ലൈയിസുകൾ ഉതിർത്ത ഒൻസ് നെറ്റ് പോയിന്റുകൾ അനായാസം നേടി. ഫൈനലിൽ മുൻ ജേതാവ് റൊമാനിയയുടെ സിമോണ ഹാലപ്പ്, കസാഖിസ്ഥാന്റെ എലേന റിബാക്കിന എന്നിവരിൽ ഒരാളെ ആണ് ഒൻസ് നേരിടുക. ആദ്യ ഗ്രാന്റ് സ്ലാം എന്ന സ്വപ്നം ആയിരിക്കും ഒൻസ് ഫൈനലിൽ ലക്ഷ്യം വക്കുക.