ഏഴാം വിംബിൾഡൺ കിരീടവും 21 മത്തെ ഗ്രാന്റ് സ്‌ലാം കിരീടവും ഉയർത്തി നൊവാക് ജ്യോക്കോവിച്ച്. നാലു സെറ്റ് പോരാട്ടത്തിൽ ആദ്യ സെറ്റ് നഷ്ടമായ ശേഷം നിക് കിർഗിയോസിനെ 4-6, 6-3, 6-4, 7-6 എന്ന സ്കോറിന് തോൽപ്പിച്ചു ആണ് ജ്യോക്കോവിച്ച് വിംബിൾഡൺ കിരീടം ഉയർത്തിയത്. ഇത് വരെ കരിയറിൽ ജയിക്കാൻ ആവാത്ത നിക് കിർഗിയോസിനെ പക്ഷെ ഇത്തവണ ജ്യോക്കോവിച്ച് മറികടന്നു. 2013 നു ശേഷം സെന്റർ കോർട്ടിൽ തോൽക്കാത്ത പതിവ് തുടർന്ന ജ്യോക്കോവിച്ച് കിരീട നേട്ടത്തോടെ വിംബിൾഡണിൽ പീറ്റ് സാമ്പ്രസിന്റെ റെക്കോർഡിനു ഒപ്പം എത്തി. ഗ്രാന്റ് സ്‌ലാം കിരീട നേട്ടങ്ങളിൽ റോജർ ഫെഡററിനെയും സെർബിയൻ താരം ഇതോടെ മറികടന്നു. നിലവിൽ 8 വിംബിൾഡൺ കിരീടങ്ങൾ ഉള്ള റോജർ ഫെഡററും 22 ഗ്രാന്റ് സ്‌ലാം കിരീടങ്ങൾ ഉള്ള റാഫേൽ നദാലും മാത്രം ആണ് ജ്യോക്കോവിച്ചിന് മുന്നിൽ ഉള്ളത്.
ആദ്യ സെറ്റിൽ ആദ്യ ഗ്രാന്റ് സ്‌ലാം ഫൈനൽ കളിക്കുന്ന സീഡ് ചെയ്യാത്ത നിക് കിർഗിയോസിന്റെ മികവ് ആണ് കാണാൻ ആയത്. മികച്ച അച്ചടക്കത്തോടെ കളിച്ച നിക് തുടർച്ചയായി മികച്ച സർവീസുകൾ ഉതിർത്തു. ജ്യോക്കോവിച്ച് ഇരട്ട സർവീസ് പിഴവ് വരുത്തിയപ്പോൾ നിക് ആദ്യ സെറ്റിൽ സെർബിയൻ താരത്തിന്റെ സർവീസ് ബ്രൈക്ക് ചെയ്തു. രണ്ടാം സർവീസിലും തന്റെ സർവീസ് മികവ് നിക് പുറത്ത് എടുത്തു. ജ്യോക്കോവിച്ച് ഒരു സെറ്റ് പോയിന്റ് രക്ഷിച്ചു എങ്കിലും ഏസിലൂടെ സെറ്റ് 6-4 നു നിക് സ്വന്തം പേരിൽ കുറിച്ചു. രണ്ടാം സെറ്റിൽ കൂടുതൽ അക്രമണകാരിയാവുന്ന ജ്യോക്കോവിച്ചിനെ ആണ് കാണാൻ ആയത്. കരിയറിൽ ആദ്യമായി ഓസ്‌ട്രേലിയൻ താരത്തിന്റെ സർവീസ് ജ്യോക്കോവിച്ച് ബ്രൈക്ക് ചെയ്തു.
തുടർന്ന് നിക് 4 ബ്രൈക്ക് പോയിന്റുകൾ ജ്യോക്കോവിച്ചിന്റെ സർവീസിൽ സൃഷ്ടിച്ചു എങ്കിലും ഇത് എല്ലാം ജ്യോക്കോവിച്ച് മികച്ച പോരാട്ട വീര്യത്തോടെ രക്ഷിച്ചു. തുടർന്ന് സർവീസ് നിലനിർത്തി ജ്യോക്കോവിച്ച് സെറ്റ് 6-3 നു ഒന്നാം സീഡ് സ്വന്തമാക്കി. കരിയറിൽ ആദ്യമായാണ് ജ്യോക്കോവിച്ച് നിക്കിന് എതിരെ ഒരു സെറ്റ് നേടുന്നത്. രണ്ടാം സെറ്റിന്റെ അവസാനത്തിൽ ടീമിനോട് തർക്കിച്ചും തന്റെ ശ്രദ്ധ തെറ്റിയതും ആയ കിർഗിയോസിനെ ആണ് കാണാൻ ആയത്. പലപ്പോഴും കളിയിൽ താരം ഇല്ലായിരുന്നു. മൂന്നാം സെറ്റിൽ തുടക്കത്തിൽ തന്നെ ജ്യോക്കോവിച്ച് ബ്രൈക്ക് പോയിന്റുകൾ സൃഷ്ടിച്ചു എങ്കിലും നിക് ഇത് രക്ഷിച്ചു. കളിയിൽ ശ്രദ്ധ നഷ്ടപ്പെട്ടത് ആയി തോന്നിയ നിക് സ്വന്തം സർവീസിൽ 40-0 നു മുന്നിൽ നിന്ന ശേഷം ബ്രൈക്ക് വഴങ്ങിയതോടെ സെറ്റിൽ ജ്യോക്കോവിച്ച് ആധിപത്യം കണ്ടത്തി. തുടർന്ന് സർവീസ് നിലനിർത്തിയ ജ്യോക്കോവിച്ച് സെറ്റ് 6-4 നു നേടി മത്സരം ഒരു സെറ്റ് മാത്രം അകലെയാക്കി. കളിയിൽ പലപ്പോഴും കിർഗിയോസിന്റെ മോശം മുഖം ആണ് രണ്ടാം സെറ്റിന്റെ അവസാനം മുതൽ കാണാൻ ആയത്.
നാലാം സെറ്റിൽ ഇരു താരങ്ങളും തങ്ങളുടെ സർവീസ് മികച്ച രീതിയിൽ നിലനിർത്തി. പലപ്പോഴും ആവശ്യമുള്ള സമയത്ത് തന്റെ ഏറ്റവും വലിയ കരുത്തായ സർവീസിൽ ഏസുകളും ഉഗ്രൻ സർവീസുകളും ആയി കിർഗിയോസ് മത്സരത്തിൽ പിടിച്ചു നിന്നു. ജ്യോക്കോവിച്ച് ആവട്ടെ തന്റെ സർവീസിലും ആ മികവ് കാണിച്ചു. സർവീസ് രണ്ടു പേരും നിലനിർത്തിയതോടെ സെറ്റ് ടൈബ്രൈക്കറിലേക്ക്. ടൈബ്രൈക്കറിൽ ശ്രദ്ധ നഷ്ടപ്പെട്ട കിർഗിയോസിന് മേൽ ജ്യോക്കോവിച്ച് ആധിപത്യം നേടി. ടൈബ്രൈക്കറിൽ 5-1 നു എളുപ്പം ജ്യോക്കോവിച്ച് മുന്നിൽ എത്തി. സ്വന്തം സർവീസിൽ 2 മാച്ച് പോയിന്റുകൾ കിർഗിയോസ് രക്ഷിച്ചു എങ്കിലും ഒടുവിൽ ജ്യോക്കോവിച്ച് ടൈബ്രൈക്കർ ജയിച്ചു കിരീടം സ്വന്തം പേരിൽ കുറിച്ചു. നിലവിൽ വിംബിൾഡണിൽ പോയിന്റുകൾ ഇല്ലാത്തതിനാൽ റാങ്കിംഗിൽ ഏഴാം സ്ഥാനത്തേക്ക് ജ്യോക്കോവിച്ച് വീഴും. വിംബിൾഡണിൽ 2017 നു ശേഷം പരാജയം അറിയാത്ത ജ്യോക്കോവിച്ച് ചരിത്രത്തിലെ ഏറ്റവും മഹാനായ താരം താൻ ആണെന്ന് തെളിയിക്കാനുള്ള പ്രയാണത്തിൽ ആണ്.