വിംബിൾഡൺ നാലാം റൗണ്ടിലേക്ക് മുന്നേറി ഒന്നാം സീഡ് നൊവാക് ജ്യോക്കോവിച്ച്. നാട്ടുകാരനും ഇരുപത്തിയഞ്ചാം സീഡും ആയ മിയോമിർ കെക്മനോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു ആണ് ജ്യോക്കോവിച്ച് നാലാം റൗണ്ടിൽ എത്തിയത്. ആദ്യ സെറ്റ് 6-0 നു നേടി തന്റെ നയം വ്യക്തമാക്കിയ ജ്യോക്കോവിച്ച് 6-3, 6-4 എന്ന സ്കോറിന് രണ്ടും മൂന്നും സെറ്റുകൾ നേടി വിജയം ഉറപ്പിച്ചു. തന്റെ പ്രകടനത്തിലൂടെ എതിരാളികൾക്ക് വലിയ മുന്നറിയിപ്പ് ആണ് ജ്യോക്കോവിച്ച് നൽകുന്നത്. സെന്റർ കോർട്ടിൽ തുടർച്ചയായ 35 മത്തെ ജയം ആയിരുന്നു ജ്യോക്കോവിച്ചിന് ഇത്. വിംബിൾഡണിൽ തുടർച്ചയായ 24 മത്തെ ജയം കുറിച്ച ജ്യോക്കോവിച്ച് ഗ്രാന്റ് സ്‌ലാമിൽ 330 മത്തെ ജയവും കുറിച്ചു. അതേസമയം ജർമ്മൻ താരവും 32 സീഡും ആയ ഓസ്കാർ ഓട്ടയെ 6-3, 6-1, 6-2 എന്ന സ്കോറിന് തകർത്ത അഞ്ചാം സീഡ് കാർലോസ് അൽകാരസ് ഗാർഫിയയും നാലാം റൗണ്ട് ഉറപ്പിച്ചു. തീർത്തും ആധികാരിക പ്രകടനം ആണ് സ്പാനിഷ് യുവ താരത്തിൽ നിന്നു ഉണ്ടായത്.
22 സീഡ് നിക്കോളാസ് ബാസിലാഷ്വിലിയെ 6-4, 6-3, 6-4 എന്ന നേരിട്ടുള്ള സ്കോറിന് അട്ടിമറിച്ച ടിം വാൻ റിജുതോവൻ ആണ് നാലാം റൗണ്ടിൽ ജ്യോക്കോവിച്ചിന്റെ എതിരാളി. അമേരിക്കൻ താരം സ്റ്റീവ് ജോൺസനെ 6-4, 6-1, 6-0 എന്ന നേരിട്ടുള്ള സ്കോറിന് തകർത്തു ബ്രിട്ടീഷ് ഒന്നാം നമ്പറും ഒമ്പതാം സീഡും ആയ കാമറൂൺ നോറിയും നാലാം റൗണ്ടിൽ എത്തി. ഇരുപതാം സീഡ് അമേരിക്കൻ താരം ജോൺ ഇസ്നറിനെ 6-4, 7-6, 6-3 എന്ന സ്കോറിന് വീഴ്ത്തിയ ഇറ്റാലിയൻ താരവും പത്താം സീഡും ആയ യാനിക് സിന്നറും നാലാം റൗണ്ടിലേക്ക് മുന്നേറി. മത്സരത്തിൽ 24 ഏസുകൾ ഉതിർത്ത ഇസ്നർ പുരുഷ ടെന്നീസിൽ ഏറ്റവും കൂടുതൽ ഏസുകൾ ഉതിർക്കുന്ന ലോക റെക്കോർഡ് നേട്ടവും കൈവരിച്ചു. 37 കാരനായ ഇസ്നർ ഇവോ കാർലോവിച്ചിന്റെ 13, 728 ഏസുകൾ എന്ന റെക്കോർഡ് നേട്ടം മറികടക്കുക ആയിരുന്നു. 1991 മുതൽ ആണ് ഏസുകൾ കണക്കിൽ സൂക്ഷിക്കാൻ തുടങ്ങിയത്. മുമ്പ് ലോകത്തിലെ ഏറ്റവും ദൈർഘ്യം ഏറിയ ടെന്നീസ് മത്സരത്തിലും ഇസ്നർ ഭാഗം ആയിരുന്നു.