യു.എ.ഇയിലും ഓമനിലുമായി നടക്കുന്ന ടി20 ലോകകപ്പിന് ശേഷം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി തന്റെ ക്യാപ്റ്റൻസി സ്ഥാനം ഒഴിയുമെന്ന് സൂചനകൾ. നിശ്ചിത ഓവർ മത്സരങ്ങളുടെ ക്യാപ്റ്റൻസി ഒഴിയാനാണ് വിരാട് കോഹ്‌ലി ഉദ്ദേശിക്കുന്നത്. ടെസ്റ്റിൽ വിരാട് കോഹ്‌ലി ക്യാപ്റ്റൻ സ്ഥാനത്ത് തുടരും.
സീനിയർ താരമായ രോഹിത് ശർമ്മയെ ഏകദിന – ടി20 ടീമുകളുടെ ക്യാപ്റ്റൻസി ഏൽപ്പിക്കാനാണ് ആലോചന. തന്റെ ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് വിരാട് കോഹ്‌ലി ക്യാപ്റ്റൻസി സ്ഥാനത്ത് നിന്ന് മാറുന്നതെന്നാണ് സൂചനകൾ.
2017ൽ ധോണിയിൽ നിന്ന് വൈറ്റ് ബോൾ ക്രിക്കറ്റ് ക്യാപ്റ്റൻസി ഏറ്റെടുത്തത് മുതൽ വിരാട് കോഹ്‌ലിക്ക് ഐ.സി.സി കിരീടങ്ങൾ ഒന്നും നേടാനായിരുന്നില്ല. 2017ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ തോറ്റ ഇന്ത്യ 2019ലെ ലോകകപ്പിൽ വിരാട് കോഹ്‌ലിക്ക് കീഴിൽ സെമിയിൽ പുറത്തായിരുന്നു. നിലവിൽ ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയിട്ടുള്ള ക്യാപ്റ്റൻ ആണ് രോഹിത് ശർമ്മ.