14 റേസ് വിജയങ്ങൾ! ഫോർമുല വണ്ണിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ജയം കുറിച്ചു മാക്‌സ് വെർസ്റ്റാപ്പൻ

20221031 095526

ഫോർമുല വൺ കിരീടം ഉറപ്പിച്ചതിനു പിന്നാലെ ഫോർമുല വണ്ണിൽ പുതിയ ചരിത്രം എഴുതി റെഡ് ബുള്ളിന്റെ ഡച്ച് ഡ്രൈവർ മാക്‌സ് വെർസ്റ്റാപ്പൻ. മെക്സിക്കൻ ഗ്രാന്റ് പ്രീയിൽ പോൾ പൊസിഷനിൽ റേസ് തുടങ്ങിയ വെർസ്റ്റാപ്പൻ റേസിൽ ഒന്നാമത് എത്തിയതോടെ ഒരു സീസണിൽ ഏറ്റവും കൂടുതൽ റേസ് ജയങ്ങൾ നേടുന്ന ഡ്രൈവർ ആയി മാറി. ഈ സീസണിൽ 14 ഗ്രാന്റ് പ്രീകൾ ജയിച്ച വെർസ്റ്റാപ്പൻ മൈക്കിൾ ഷുമാർക്കർ, സെബാസ്റ്റ്യൻ വെറ്റൽ എന്നിവരുടെ റെക്കോർഡ് ആണ് പഴയ കഥയാക്കിയത്.

മാക്‌സ് വെർസ്റ്റാപ്പൻ

ഈ സീസണിൽ 416 പോയിന്റുകൾ ഇതിനകം നേടിയ വെർസ്റ്റാപ്പൻ ഒരു ഫോർമുല വൺ സീസണിൽ ഒരു ഡ്രൈവർ നേടുന്ന ഏറ്റവും ഉയർന്ന പോയിന്റ് നേട്ടത്തിലും എത്തി. മെക്സിക്കൻ ഗ്രാന്റ് പ്രീയിൽ മെഴ്‌സിഡസ് ഡ്രൈവർ ലൂയിസ് ഹാമിൾട്ടൻ രണ്ടാമത് എത്തിയപ്പോൾ റെഡ് ബുള്ളിന്റെ സെർജിയോ പെരസ് മൂന്നാമതും മെഴ്‌സിഡസിന്റെ ജോർജ് റസൽ നാലാമതും ഫെറാറിയുടെ കാർലോസ് സൈൻസ് അഞ്ചാമതും എത്തി. ബഡ്ജറ്റ് നിയമങ്ങൾ ലംഘിച്ച് വലിയ പിഴ ലഭിച്ച റെഡ് ബുള്ളിന് ഈ ജയം വലിയ ഊർജ്ജം ആണ് പകരുക.