വാറും അർമാനിയും രക്ഷക്ക്, സമനില കൊണ്ട് തടിതപ്പി അർജന്റീന

കോപ്പ അമേരിക്കയിൽ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിലും ജയം കണ്ടെത്താനാവാതെ അർജന്റീന. പരാഗ്വയാണ് അർജന്റീനയെ 1-1ന് സമനിലയിൽ കുടുക്കിയത്. വാർ അനുവദിച്ച പെനാൽറ്റിയും അർജന്റീന ഗോൾ കീപ്പർ അർമാനി രക്ഷപ്പെടുത്തിയ പെനാൽറ്റിയുമാണ് അർജന്റീനക്ക് സമനില നേടിക്കൊടുത്തത്.

ആദ്യ മത്സരത്തിൽ കൊളംബിയയോട് തോറ്റ ടീമിൽ നിന്ന് മാറ്റങ്ങളുമായാണ് അർജന്റീന ഇറങ്ങിയത്. അഗ്വേറൊയെയും ഡി മരിയയെയും പുറത്തിരുത്തി കളി തുടങ്ങിയ അർജന്റീന പതിവ് പോലെ കൂടുതൽ സമയം പന്ത് കൈവശം വെച്ചെങ്കിലും പരാഗ്വ ഗോൾ മുഖം ആക്രമിക്കാനായില്ല.  തുടർന്നാണ് ന്യൂ കാസിൽ താരം മിഗെൽ അൽമിറോണിന്റെ മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ റിച്ചാർഡ് സാഞ്ചസിലൂടെ പരാഗ്വ ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ അഗ്വേറൊയെ ഇറക്കി മത്സരത്തിലേക്ക് തിരിച്ച് വരാൻ അർജന്റീന ശ്രമിച്ചെങ്കിലും  കാര്യമായ ചലനം ഉണ്ടാക്കാൻ താരത്തിനായില്ല. തുടർന്നാണ് വാറിന്റെ സഹായത്തോടെ അർജന്റീനക്ക് പെനാൽറ്റി ലഭിക്കുന്നത്. പെനാൽറ്റി ബോക്സിൽ പരാഗ്വ താരത്തിന്റെ കയ്യിൽ പന്ത് തട്ടിയതിനാണ് അർജന്റീനക്ക് അനുകൂലമായി റഫറി വാറിന്റെ സഹായത്തോടെ പെനാൽറ്റി നൽകിയത്. പെനാൽറ്റി എടുത്ത ലിയോണൽ മെസ്സി ലക്‌ഷ്യം കാണുകയും ചെയ്തു.

തുടർന്നാണ് മത്സരത്തിലെ നിർണ്ണായക നിമിഷം പിറന്നത്. പരാഗ്വ താരത്തെ അർജന്റീന പ്രതിരോധ താരം ഓട്ടമെന്റി ഫൗൾ ചെയ്തതിന് പരാഗ്വക്ക് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. എന്നാൽ പെനാൽറ്റി എടുത്ത ഡെർലിസ് ഗോൺസാലസിന്റെ ശ്രമം അർജന്റീന ഗോൾ കീപ്പർ അർമാനി രക്ഷപ്പെടുത്തുകയായിരുന്നു. മത്സരം സമനിലയിലായതോടെ കോപ്പ അമേരിക്കയിൽ അർജന്റീനയുടെ നില പരുങ്ങലിലായി.  അവസാന മത്സരത്തിൽ ഖത്തർ ആണ് അർജന്റീനയുടെ എതിരാളികൾ.

Previous articleവാൻ ബിസാകയ്ക്ക് വേണ്ടി 55 മില്യൺ നൽകാൻ ഒരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്
Next articleപ്രീസീസണിൽ ബാഴ്സലോണക്ക് എതിരെ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കാൻ നാപോളി