മൂന്നാം തവണയും അത്ലറ്റിക് ബിൽബാവോ പരിശീലകൻ ആയി ഏണസ്റ്റോ വാൽവേർഡെ എത്തിയേക്കും. ടീം പ്രസിഡന്റിനെ തെരെഞ്ഞെടുക്കാനുള്ള വോട്ടിങ്ങിൽ ജോൺ ഉറിയാർത്തെ വിജയിച്ചതോടെയാണ് വാൽവെർഡെയുടെ മടങ്ങി വരവ് സാധ്യമായിരിക്കുന്നത്. വിജയിച്ചാൽ പരിശീലകനായി വാൽവെർഡെയെ എത്തിക്കും എന്നതായിരുന്നു നിയുക്ത പ്രസിഡന്റിന്റെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്ന്.
ബാഴ്സലോണയിൽ നിന്നും പുറത്തു വന്ന ശേഷം അൻപതിയെട്ടുകാരൻ മറ്റ് ടീമുകളുടെ ഒന്നും സ്ഥാനം ഏറ്റെടുത്തിരുന്നില്ല.ഇതോടെ ചെറിയ ഒരിടവേളക്ക് ശേഷം വീണ്ടും പരിശീലക കുപ്പായത്തിലേക്ക് മടങ്ങി വരാൻ വാൽവെർഡെക്ക് അവസരമൊരുങ്ങിയിരിക്കുകയാണ്.
ടീമുമായി വാൽവെർഡെക്ക് അഭേദ്യമായ ബന്ധമാണുള്ളത്. ആറു വർഷത്തോളം കളിക്കാരനെന്ന നിലയിൽ നൂറ്റി എഴുപത് മത്സരങ്ങളിൽ ബിൽബാവോക്ക് വേണ്ടി ഇറങ്ങിയിട്ടുണ്ട്.പിന്നീട് യൂത്ത് ടീമിന്റെ കൂടെയും ശേഷം മുഖ്യ ടീമിന്റെ കൂടെ സഹപരിശീലക സ്ഥാനത്തും പ്രവർത്തിച്ചു.2002-03 കാലഘട്ടത്തിൽ ആദ്യമായി ടീമിന്റെ മാനേജർ സ്ഥാനം ഏറ്റെടുത്തു. പിന്നീട് വരവ് 2013 മുതൽ 2017 വരെയുള്ള കാലത്ത് വീണ്ടും ടീം മാനേജർ ആയി തിരിച്ചെത്തി.അത്ലറ്റികോ ബിൽബാവോയുടെ കൂടെ ഏറ്റവും കൂടുതൽ പരിശീലകനായി ഇരുന്ന റെക്കോർഡും വാൽവെർഡെക്കാണ്.
306 മത്സരങ്ങളിൽ ആണ് അദ്ദേഹം ടീമിനെ ഒരുക്കിയത്.31 വർഷത്തെ ഇടവേളയ്ക്ക് ശേഷം ടീമിന് ഒരു ട്രോഫി നേടിക്കൊടുക്കാനും വാൽവെർഡെക്ക് സാധിച്ചു. ബാഴ്സലോണയെ തോൽപ്പിച്ചു സൂപ്പർകോപ്പ സ്വന്തമാക്കിയിട്ടായിരുന്നു ഈ നേട്ടം കൈവരിച്ചത്. ബാഴ്സലോണക്കൊപ്പം രണ്ടു ലീഗ് കിരീടങ്ങളും കോപ്പ ഡെൽ റേ, സൂപ്പർ കോപ്പ എന്നിവയും നേടാൻ സാധിച്ചു.
പുതിയ പരിശീലകൻ ആയി വാൽവെർഡെയെ അത്ലറ്റിക് ഉടൻ തന്നെ പ്രഖ്യാപിച്ചേക്കും.