യു.എസ് ഓപ്പണിൽ 15 സീഡ് എൽസി മെർട്ടൻസിനെ അനായാസം വീഴ്ത്തി രണ്ടാം സീഡ് ആര്യാന സബലങ്ക ക്വാർട്ടർ ഫൈനലിൽ. 6-4, 6-1 എന്ന സ്കോറിന് ആണ് സബലങ്ക ബെൽജിയം താരത്തെ തകർത്തത്. 5 ബ്രൈക്ക് പോയിന്റ് അവസരങ്ങളിൽ നാലു എണ്ണവും നേടുന്ന സബലങ്കയെ ആണ് മത്സരത്തിൽ കണ്ടത്. ക്വാട്ടറിൽ ഫ്രഞ്ച് ഓപ്പൺ ജേതാവ് ചെക് താരം ബാർബറോ ക്രജികോവയാണ് സബലങ്കയുടെ എതിരാളി. ഒമ്പതാം സീഡ് സ്പാനിഷ് താരം ഗബ്രീൻ മുഗുരുസയെ 6-3, 7-6 എന്ന നേരിട്ടുള്ള സ്കോറിന് ആണ് ക്രജികോവ വീഴ്ത്തിയത്. മത്സരത്തിൽ 10 ഏസുകൾ ഉതിർത്ത ക്രജികോവ 3 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 4 തവണ എതിരാളിയെ ബ്രൈക്ക് ചെയ്തു. രണ്ടാം സെറ്റിൽ ടൈബ്രേക്കറിലൂടെയാണ് ക്രജികോവ ജയം നേടിയത്.
തന്റെ ആദ്യ യു.എസ് ഓപ്പണിൽ അവസാന എട്ടിലേക്ക് മുന്നേറി 18 കാരിയായ ബ്രിട്ടീഷ് താരം എമ്മ റാഡുകാനു. അമേരിക്കൻ താരം ഷെൽബി റോജേഴ്‌സിനെ 6-2, 6-1 എന്ന സ്കോറിന് തകർത്താണ് എമ്മയുടെ സ്വപ്ന മുന്നേറ്റം. ടൂർണമെന്റിൽ ഇത് വരെ അവിശ്വസനീയ ടെന്നീസ് ആണ് സീഡ് ചെയ്യാത്ത എമ്മ പുറത്ത് എടുത്തത്, ഇത് വരെ യു.എസ് ഓപ്പണിൽ ഒരു സെറ്റ് പോലും എമ്മ വഴങ്ങിയിട്ടില്ല. മത്സരത്തിൽ 5 തവണയാണ് എമ്മ എതിരാളിയെ ബ്രൈക്ക് ചെയ്തത്. ഏഴാം സീഡ് പോളണ്ട് താരം ഇഗ സ്വിയാറ്റകിനെ വീഴ്ത്തി വരുന്ന 11 സീഡ് സ്വിസ് താരം ബലിന്ത ബെനചിച് ആണ് എമ്മയുടെ ക്വാർട്ടർ ഫൈനലിലെ എതിരാളി. മാരത്തോൺ ടൈബ്രേക്കറിലൂടെ ആദ്യ സെറ്റ് നേടിയ സ്വിസ് താരം 6-3 നു രണ്ടാം സെറ്റും നേടി അവസാന എട്ടിലേക്ക് ടിക്കറ്റ് എടുക്കുക ആയിരുന്നു. എമ്മ ക്വാർട്ടറിലും സ്വപ്ന കുതിപ്പ് തുടരുമോ എന്നത് ആണ് ആരാധകർ ഉറ്റുനോക്കുന്ന വസ്തുത.