യു.എസ് ഓപ്പൺ കിരീട നേട്ടത്തിന് ശേഷം ടെന്നീസ് ആരാധകരുടെ ഉത്തരം കിട്ടാതെ നീളുന്ന ചോദ്യത്തിന് തന്റെ അഭിപ്രായം വ്യക്തമാക്കി ഡാനിൽ മെദ്വദേവ്. താൻ ഇത് ആരോടും ഇങ്ങനെ പറയാറില്ല എന്നാൽ തന്നെ സംബന്ധിച്ച് നിങ്ങളാണ് ആണ് ചരിത്രത്തിലെ ഏറ്റവും മഹാനായ താരം എന്നു ജ്യോക്കോവിച്ചിനോട് നേരിട്ട് ആണ് മെദ്വദേവ് തന്റെ അഭിപ്രായം പറഞ്ഞത്. ചരിത്ര നേട്ടത്തിൽ നിന്ന് ജ്യോക്കോവിച്ചിനെ തടഞ്ഞതിൽ താരത്തിനോടും അദ്ദേഹത്തിന്റെ ആരാധകരോടും ക്ഷമ ചോദിക്കാനും റഷ്യൻ താരം മറന്നില്ല. തന്റെ ടീമിനും രണ്ടാം വിവാഹ വാർഷികം ആഘോഷിക്കുന്ന ഭാര്യക്കും കുടുബത്തിനും സുഹൃത്തുക്കൾക്ക് ആയിട്ടും കിരീടം സമർപ്പിക്കാനും മെദ്വദേവ് മറന്നില്ല.
അതേസമയം കണ്ണീർ അണിഞ്ഞ മുഖവുമായി എത്തിയെങ്കിലും ചിരിച്ചു കൊണ്ടാണ് ജ്യോക്കോവിച്ച് രണ്ടാം സ്ഥാനത്തിനായുള്ള കിരീടം ഏറ്റുവാങ്ങിയത്. മികച്ച താരമാണ് ഇന്ന് ജയിച്ചത് എന്നു പറഞ്ഞ ജ്യോക്കോവിച്ച് ഗ്രാന്റ് സ്‌ലാം കിരീടത്തിനു ഏറ്റവും അർഹതയുള്ള ആൾ മെദ്വദേവ് ആണ് എന്നും കൂട്ടിച്ചേർത്തു. തനിക്ക് ഇന്നേവരെ കിട്ടാത്ത വലിയ പിന്തുണയാണ് ന്യൂയോർക്കിൽ ഇത്തവണ ലഭിച്ചത് എന്നു പറഞ്ഞ താരം കാണികൾക്കും നന്ദി പറഞ്ഞു. തന്റെ ടീമിനും കുടുംബത്തിനും നന്ദി പറഞ്ഞ സെർബിയൻ താരം അടുത്ത സീസണിൽ മികച്ച തിരിച്ചു വരവ് നടത്തും എന്ന പ്രത്യാശയും പങ്ക് വച്ചു. നിലവിൽ 20 ഗ്രാന്റ് സ്‌ലാം കിരീടങ്ങളുമായി റോജർ ഫെഡറർ, റാഫേൽ നദാൽ എന്നിവർക്ക് ഒപ്പമാണ് ജ്യോക്കോവിച്ച്, ഇത് തകർക്കുക ആവും 2022 ലെ സെർബിയൻ താരത്തിന്റെ ലക്ഷ്യം.