ബ്രിട്ടന്റെ 4 പതിറ്റാണ്ടുകൾ നീണ്ട ഗ്രാന്റ് സ്‌ലാം വനിത ജേതാവിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച എമ്മ റാഡുകാനുവിനു അഭിനന്ദന പ്രവാഹം. സാക്ഷാൽ ബ്രിട്ടീഷ് രാജ്ഞി തന്നെ എമ്മയെ അഭിനന്ദിച്ചു രംഗത്ത് വന്നു. ഇത്രയും ചെറിയ പ്രായത്തിൽ എമ്മ കൈവരിച്ച നേട്ടം താരത്തിന്റെ കഠിനാധ്വാനത്തിന്റെയും ആത്മാർഥയുടെയും ഫലമാണ് എന്നാണ് രാജ്ഞി പറഞ്ഞത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും എമ്മയെ അഭിനന്ദിച്ചു രംഗത്ത് വന്നു. രാജ്ഞിക്ക് പുറമെ രാഷ്ട്രീയ, സാമൂഹിക, കായിക രംഗത്തെ നിരവധി ബ്രിട്ടീഷ് പ്രമുഖരും താരത്തെ അഭിനന്ദിച്ചു രംഗത്ത് വന്നു. വിംബിൾഡണിൽ സമ്മർദ്ദം കാരണം പിന്മാറിയെന്നു വിമർശിച്ചവർക്ക് എമ്മ നൽകുന്ന മറുപടി ആണ് ഇത് എന്നാണ് ടെലിവിഷൻ അവതാരകനായ പിയേഴ്‌സ് മോർഗൻ പ്രതികരിച്ചത്. ബ്രിട്ടീഷ് കായിക ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാണ് ഇത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിഹാസ താരം ആന്റി മറെ, ഇംഗ്ലീഷ് ഫുട്‌ബോൾ ടീമും, അംഗങ്ങളായ റാഷ്ഫോർഡ്, ഗ്രീലിഷ്, ഹെന്റെഴ്സൻ തുടങ്ങി പ്രമുഖരും, ക്രിക്കറ്റ് താരങ്ങളും, ഫോർമുല വൺ ഇതിഹാസം ലൂയിസ് ഹാമിൾട്ടനും എമ്മയെ അഭിനന്ദിച്ചു രംഗത്ത് വന്നു.
എമ്മയുടെ പ്രചോദനം ആയ റൊമാനിയൻ താരം സിമോണ ഹാലപ്പ് അടക്കമുള്ള ടെന്നീസ് ലോകത്തെ പ്രമുഖരും താരത്തിന്റെ അവിശ്വസനീയ നേട്ടത്തിൽ അഭിനന്ദനവും ആയി രംഗത്ത് വന്നു. മത്സര ശേഷം എമ്മയെ അഭിനന്ദിച്ചു ലൈയ്‌ലയും താരത്തിന്റെ പോരാട്ട വീര്യം വാഴ്ത്തി. ടൂർണമെന്റിൽ ഉടനീളം എമ്മ പുറത്ത് എടുത്ത പോരാട്ട വീര്യം അവിശ്വസനീയം ആണ് എന്ന് പറഞ്ഞ ലൈയ്‌ല ഫൈനൽ വരെ തന്നെ പിന്തുണച്ച ന്യൂയോർക്കിലെ കാണികൾക്ക് നന്ദിയും പറഞ്ഞു. അടുത്ത കൊല്ലം കാണാം എന്ന പ്രത്യാശയും കാനഡയുടെ 19 കാരി പങ്ക് വച്ചു. അതേസമയം ലൈയ്‌ലയിൽ നിന്നു എന്നും കടുത്ത പോരാട്ടം തന്നെയാണ് പ്രതീക്ഷിച്ചത് എന്നു പറഞ്ഞ എമ്മ താരത്തെ ഫൈനൽ നേട്ടത്തിൽ അഭിനന്ദിക്കുകയും ചെയ്തു. ഫൈനലിൽ തന്റെയും ലൈയ്‌ലയുടെയും സാന്നിധ്യം വനിത ടെന്നീസിന്റെ ഭാവി സുരക്ഷിതമാണ് എന്നത് ആണ് കാണിക്കുന്നത് എന്നു പറഞ്ഞ എമ്മ എല്ലാവർക്കും ഏതു ടൂർണമെന്റ് ജയിക്കാനും അവസരമുണ്ട് എന്നത് ആണ് ഇത് അടിവരയിടുന്നത് എന്നും കൂട്ടിച്ചേർത്തു. തനിക്ക് യു.എസ് ഓപ്പൺ കിരീടം നൽകിയ ബില്ലി ജീൻ കിങ് അടക്കമുള്ള ഇതിഹാസങ്ങളെ വരും തലമുറക്ക് മാതൃക ആക്കാൻ പറ്റുമെന്നും എമ്മ കൂട്ടിച്ചേർത്തു.