ഉമ്രാൻ നീ സൂപ്പർമാൻ

shabeerahamed

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ ടീമിലേക്ക് ഈ IPL സീസൺ നൽകുന്ന മിന്നും താരമാണ് ഉമ്രാൻ മാലിക്. ഇന്നത്തെ ബോളിങ് ഫിഗേർസ് തന്നെ നോക്കൂ, 4-0-25-5. തനിക്ക് അനുവദിച്ചിട്ടുള്ള 24 ബോളും 150കിമി സ്പീഡിൽ ഒരേ പോലെ എറിയുക എന്നത് ഒരു നിസ്സാര കാര്യമല്ല. ഇന്ന് ഇൻ ഫോം ബാറ്റ്‌സ്മാനായ സാഹയെ പുറത്താക്കിയ യോർക്കർ 153കിമി വേഗതയുള്ളതായിരിന്നു. ഇന്നത്തെ വിക്കറ്റുകൾ മാത്രമല്ല, ഇതിനു മുൻപുള്ള കളികളിൽ ഉമ്രാൻ എടുത്ത വിക്കറ്റുകളും മനോഹരങ്ങളായിരിന്നു. ഇത് വരെ എട്ട് കളികളിൽ നിന്നായി ഈ 22കാരൻ 15 വിക്കറ്റുകൾ ഈ സീസണിൽ എടുത്തു കഴിഞ്ഞു. ഇനിയും 6 കളികൾ പ്ലേ ഓഫിന് മുൻപ് ഉണ്ട്. ഹൈദരാബാദിന്റെ ഫോം വച്ച് നോക്കിയാൽ പ്ളേ ഓഫ് ഉറപ്പാണ്.

ഉമ്രാന്റെ ബോളുകൾക്കു സ്പീഡ് മാത്രമല്ല, കൃത്യതയുമുണ്ട്. യോർക്കർ, ബൗൺസർ എല്ലാം തന്നെ ഉദ്ദേശിച്ചയിടത്തു തന്നെ പിച്ച് ചെയ്യിക്കാൻ സാധിക്കുന്നു എന്നതാണ് ഈ പേസറുടെ മഹത്വം. എറിയുന്ന പിച്ചുകൾ ഏതെന്നു കൂടി നമ്മൾ ചിന്തിക്കണം. മുംബയിലെ ബാറ്റ്‌സ്‌മെൻ ഫ്രണ്ട്‌ലി പിച്ചുകളാണ് ഒക്കെയും. പല കളിക്കാരും ഉമ്രാന്റെ പന്തുകൾ കാണുന്നുണ്ടോ എന്ന് സംശയമുണ്ട്.
20220428 093709
മറ്റൊന്ന്, ഉമ്രാന്റെ ടെമ്പറമെന്റ് ആണ്. സാധാരണ യുവ പേസർമാർ കുറച്ചു കളികളിൽ മെച്ചപ്പെട്ട ബോളിങ് കാഴ്ച വച്ച് കഴിയുമ്പോൾ അഗ്രഷൻ കൂടി കൂടി തന്റെയും ബോളിന്റെയും പുറത്തുള്ള നിയന്ത്രണം നഷ്ടപ്പെടുന്ന കാഴ്ചയാണ് നമ്മൾ സാധാരണ കാണാറ്. എന്നാൽ ഇത് വരെയും ഒരു കളിയിൽ പോലും ഉമ്രാനെ നമ്മൾ അങ്ങനെ കണ്ടിട്ടില്ല. ഇതിലെ തമാശ എന്താണെന്നു വച്ചാൽ, മുൻകാല മുൻനിര ഫാസ്റ്റ് ബോളറും, അന്താരാഷ്ട്ര ക്രിക്കറ്റിലെ ആംഗ്രി മാനും ആയ, ഹൈദരാബാദിന്റെ ബോളിങ് കോച്ചായ ഡെയ്ൽ സ്റ്റെയ്ൻ ആണ് ഉമ്രാനെ ഈ നിലയിലേക്ക് പാകപ്പെടുത്തിയെടുത്ത് എന്നതാണ്.

ഇനിയും ഒരു മാസം കൂടി ഇതേ പോലെ ഈ യുവ കളിക്കാരനെക്കൊണ്ടു കളിപ്പിക്കാൻ സാധിച്ചാൽ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മാന്യ കളിക്കാരനായ കെയിൻ വില്യംസണ് ആദ്യമായി IPL കപ്പ് ഹൈദരാബാദിലേക്ക് കൊണ്ട് പോകാം എന്നതിനേക്കാൾ ഇന്ത്യൻ ക്രിക്കറ്റിന് ഓസ്‌ട്രേലിയക്കു കൊണ്ട് പോകാൻ ഒരു ലോകനിലവാരത്തിലുള്ള ബോളറെ കിട്ടും എന്നതാണ്. ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻ താരോദയം എന്ന് എന്ത് കൊണ്ടും വിശേഷിപ്പിക്കാവുന്ന ഉമ്രാനെ വേണ്ട രീതിയിൽ ഇന്ത്യൻ ക്രിക്കറ്റ് ഉപയോഗപ്പെടുത്തും എന്ന് നമുക്ക് വിശ്വസിക്കാം.