ടോണി ക്രൂസും പരിശീലകൻ ജോവാക്കിം ലോയുടെ തെറ്റായ തീരുമാനങ്ങളുമാണ് ജർമ്മനിയുടെ പതനത്തിന് കാരണമെന്ന് ഉലി ഹൂനസ്. യൂറോയിൽ നിന്നും ഇംഗ്ലണ്ടിനോട് പരാജയമേറ്റുവാങ്ങിയാണ് ജർമ്മനി പുറത്താവുന്നത്. ജർമ്മനിയുടെ പരാജയത്തിന് കാരണം മധ്യനിര താരം ടോണി ക്രൂസും ജർമ്മൻ പരിശീലകൻ ജോവാക്കിം ലോയുടെ ടാറ്റിക്സുകളുമാണെന്നാണ് മുൻ ലോകകപ്പ് ജേതാവും മുൻ ബയേൺ മ്യൂണിക്കിന്റെ പ്രസിഡന്റുമായ ഉലി ഹൂനസ് പറയുന്നത്. ലോകകപ്പ് യോഗ്യതയ്ക്കായുള്ള ആദ്യ രണ്ട് മത്സരങ്ങളിൽ ബാക്ക് ഫോറുമായി നല്ല പ്രകടമാണ് ജർമ്മനി നടത്തിയത്. എന്നാൽ ടോണി ക്രൂസിനെ ഉൾപ്പെടുത്താനാണ് ബാക്ക് ത്രീയുമായി ജർമ്മനി കളിച്ചതെന്നും ഹൂനസ് പറഞ്ഞു.
കിമ്മിഷ്-ഗോരെട്സ്ക- മുള്ളർ എന്നിവർ മധ്യനിരയിലും ഗ്നാബ്രിയും സാനെയും വിങ്ങിലും ഫ്രണ്ടിൽ കൈ ഹാവെർട്സുമായിരുന്നെങ്കിൽ ജർമ്മനിക്ക് ഈ അവസ്ഥ വരില്ലായിരുന്നുവെന്നും ഹൂനസ് തുറന്നടിച്ചു. ജർമ്മനിക്ക് വേണ്ടിയും ബയേണിന് വേണ്ടിയും കളിച്ചിരുന്ന ടോണി ക്രൂസ് മികച്ച താരമായിരുന്നു, എന്നാൽ ഇപ്പോൾ ഫുട്ബോളിന് പറ്റിയ താരമല്ല ക്രൂസ്. ടോണി ക്രൂസും അദ്ദേഹത്തിന്റെ സൈഡ് വേയ്സ് ഗെയിമും ഇന്നത്തെ ഫുട്ബോളിന് യോജിച്ചതല്ല. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഒരു ഗോൾ വഴങ്ങിയതിന് ശേഷവും സൈഡ് വെയ്സ് ഗെയിം ആണ് ടോണീ ക്രൂസ് നടത്തിയത്, മിഡിൽ ലൈൻ ക്രോസ് ചെയ്യുക പോലും ചെയ്തിരുന്നില്ല ടോണി ക്രൂസെന്നും ഉലി ഹൂനസ് കൂട്ടിച്ചേർത്തു. ഇതാദ്യമായല്ല ബയേൺ മുൻ പ്രസിഡന്റ് ടോണി ക്രൂസിനെതിരെ രംഗത്ത് വരുന്നത്.