നമീബിയന്‍ പ്രതീക്ഷകള്‍ തകര്‍ത്ത് യുഎഇ, ശ്രീലങ്കയും നെതര്‍ലാണ്ട്സും സൂപ്പര്‍ 12ലേക്ക്

Sports Correspondent

യുഎഇയുടെ നമീബിയയ്ക്കതിരെയുള്ള ഏഴ് റൺസ് വിജയത്തോടെ സൂപ്പര്‍ 12ലേക്ക് യോഗ്യത നേടാനാകാതെ നമീബിയ പുറത്തായി. ഇന്ന് 149 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ നമീബിയയ്ക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 141 റൺസ് മാത്രമേ നേടാനായുള്ളു.

വിജയിച്ചാൽ ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായി സൂപ്പര്‍ 12ലേക്ക് കടക്കുവാന്‍ നമീബിയയ്ക്ക് സാധിക്കുമായിരുന്നുവെങ്കിലും ബാറ്റിംഗ് നിറം മങ്ങിയത് ടീമിന് തിരിച്ചടിയായി. 69/7 എന്ന നിലയിലേക്ക് വീണ ടീമിനെ ഡേവിഡ് വീസ് – റൂബന്‍ ട്രംപൽമാന്‍ കൂട്ടുകെട്ട് 70 റൺസ് എട്ടാം വിക്കറ്റിൽ നേടിയെങ്കിലും വിജയം ഉറപ്പിക്കുവാന്‍ ഇവര്‍ക്കായില്ല.

അവസാന ഓവറിൽ 14 റൺസ് വേണ്ട ഘട്ടത്തിൽ ഡേവിഡ് വീസിന് കൂറ്റനടികള്‍ സാധിക്കാതെ പോയത് തിരിച്ചടിയായി. ഓവറിലെ നാലാം പന്തിൽ താരം പുറത്താകുമ്പോള്‍ 36 പന്തിൽ 55 റൺസായിരുന്നു വീസ് നേടിയത്. റൂബന്‍ 25 റൺസുമായി പുറത്താകാതെ നിന്നു.

യുഎഇയ്ക്കായി ബേസിൽ ഹമീദും സഹൂര്‍ ഖാനും 2 വിക്കറ്റ് നേടി.