ബാബറിനെ കോഹ്‍ലിയുമായി താരതമ്യം ചെയ്യുവാനുള്ള സമയം ആയിട്ടില്ല – വസീം അക്രം

Sports Correspondent

ഏഷ്യ കപ്പിൽ ഇന്ത്യ പാക്കിസ്ഥാന്‍ പോര് ഓഗസ്റ്റ് 28ന് ദുബായിയിൽ നടക്കുവാനിരിക്കവേ ഏവരും താരതമ്യം ചെയ്യുന്നത് വിരാട് കോഹ്‍ലിയെയും ബാബര്‍ അസമിനെയും ആണ്. ബാബര്‍ തന്റെ കരിയറിലെ തന്നെ മികച്ച ഫോമിൽ കളിക്കുമ്പോള്‍ തന്റെ മികവ് പുറത്തെടുക്കുവാന്‍ ബുദ്ധിമുട്ടുകയാണ് വിരാട് കോഹ്‍ലി.

അടുത്ത വിരാട് കോഹ്‍ലി എന്നാണ് ഏവരും ബാബര്‍ അസമിനെ കരിയറിന്റെ തുടക്കം മുതൽ വിശേഷിപ്പിക്കുന്നത്. എന്നാൽ അത്തരമൊരു താരതമ്യത്തിന് സമയം ആയിട്ടില്ല എന്നാണ് മുന്‍ പാക്കിസ്ഥാന്‍ താരം വസീം അക്രം പറയുന്നത്.

വിരാട് കോഹ്‍ലിയിലേക്ക് ബാബര്‍ അസം നടന്നടുക്കുകയാണെന്നും എന്നാൽ ഇപ്പോള്‍ ആ താരതമ്യം അപ്രസക്തമാണെന്നും വസീം പറഞ്ഞു. നിലവിൽ ഐസിസി റാങ്കിംഗിൽ മൂന്ന് ഫോര്‍മാറ്റിലും ഒന്നാം നമ്പര്‍ ബാബര്‍ അസം ആണ്.

വിരാട് ഇപ്പോള്‍ ഫോമിൽ അല്ലെങ്കിലും ബാബറിനെക്കാള്‍ ഒരു പടി മുന്നിലാണ് വിരാട് കോഹ്‍ലി എന്നാണ് വസീം അക്രം പറഞ്ഞത്. ബാബര്‍ അസം ഇതിഹാസ താരമാകുവാനുള്ള ശരിയായ പാതയിലാണെന്നും വസീം അക്രം കൂട്ടിചേര്‍ത്തു.

 

Story Highlights: Wasim Akram says it is too early to compare Babar Azam with Virat Kohli.