പുരുഷന്മാരിൽ ഏറ്റവും കൂടുതൽ ഗ്രാന്റ് സ്‌ലാം കിരീടങ്ങൾ നേടുക എന്ന ജ്യോക്കോവിച്ചിന്റെ സ്വപ്നം മെദ്വദേവിൽ തട്ടി അവസാനിച്ചതോടെ ഈ ഇതിഹാസ താരങ്ങളും 2022 ഓസ്‌ട്രേലിയൻ ഓപ്പൺ വരെയെങ്കിലും 20 ഗ്രാന്റ് സ്‌ലാം എന്ന നേട്ടത്തിൽ തന്നെ തുടരും. പ്രായവും ഫോമും കണക്കിലെടുത്താൽ ജ്യോക്കോവിച്ച് അടുത്ത വർഷം തന്നെ ഈ റെക്കോർഡ് തകർക്കും എന്നാണ് പ്രതീക്ഷ എങ്കിലും നിലവിൽ റോജർ ഫെഡറർ, റാഫേൽ നദാൽ എന്നിവരും 20 ഗ്രാന്റ് സ്‌ലാം കിരീട നേട്ടങ്ങളുമായി ജ്യോക്കോവിച്ചിനു ഒപ്പമുണ്ട്. ഒരു വർഷം നാലു കിരീടം എന്ന കലണ്ടർ സ്‌ലാമിനു ഒപ്പം 21 കിരീടം നേടാനുള്ള അവസരം ആണ് ജ്യോക്കോവിച്ചിനു ഇത്തവണ നഷ്ടമായത്. 2003 വിംബിൾഡണിൽ തന്റെ ആദ്യ ഗ്രാന്റ് സ്‌ലാം കിരീടം നേടിയ റോജർ ഫെഡറർ തുടർന്ന് 8 വിംബിൾഡൻ കിരീടവും, 6 ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടവും, 5 യു.എസ് ഓപ്പൺ കിരീടവും, 2009 ലെ ഫ്രഞ്ച് ഓപ്പൺ കിരീടവും ആയാണ് 20 ഗ്രാന്റ് സ്‌ലാം എന്ന നേട്ടത്തിൽ എത്തിയത്.
2018 ഓസ്‌ട്രേലിയൻ ഓപ്പണിൽ അവസാന ഗ്രാന്റ് സ്‌ലാം നേടിയ ഫെഡറർ 2019 വിംബിൾഡണിൽ ആണ് അവസാന ഫൈനൽ കളിച്ചത്. 40 കാരനായ ഫെഡറർക്ക് ഇനിയൊരു ഗ്രാന്റ് സ്‌ലാം കിരീടം എന്നത് സ്വപ്നം മാത്രമാണ്. 2005 ഫ്രഞ്ച് ഓപ്പണിൽ ആദ്യ ഗ്രാന്റ് സ്‌ലാം കിരീടം നേടിയ നദാൽ തുടർന്നു 13 പ്രാവശ്യം ആണ് ഫ്രഞ്ച് ഓപ്പൺ കിരീടം ഉയർത്തിയത്. ഒപ്പം നാലു പ്രാവശ്യം യു.എസ് ഓപ്പണും, 2 പ്രാവശ്യം വിംബിൾഡനും നദാൽ ഉയർത്തി, ഒപ്പം 2009 ൽ ഓസ്‌ട്രേലിയൻ ഓപ്പണും. 2020 ലെ ഫ്രഞ്ച് ഓപ്പൺ ആണ് നദാലിന്റെ അവസാന ഗ്രാന്റ് സ്‌ലാം. കളിമണ്ണ് കോർട്ടിലെ രാജാവ് ആയ 35 കാരനായ നദാലിന് ഫ്രഞ്ച് ഓപ്പണിലും മറ്റ് ഗ്രാന്റ് സ്‌ലാമിലും ഇനിയും സാധ്യതകൾ ഉണ്ട് എന്ന് തന്നെ കരുതണം. 2008 ഓസ്‌ട്രേലിയൻ ഓപ്പണിൽ കിരീടം നേടി ഗ്രാന്റ് സ്‌ലാം വേട്ട തുടങ്ങിയ 34 കാരനായ ജ്യോക്കോവിച്ച് 9 പ്രാവശ്യം ഓസ്‌ട്രേലിയൻ ഓപ്പണും, 6 പ്രാവശ്യം വിംബിൾഡനും, 3 പ്രാവശ്യം യു.എസ് ഓപ്പണും, 2 പ്രാവശ്യം ഫ്രഞ്ച് ഓപ്പണും ഉയർത്തി. മൂന്നു പേരിൽ 4 ഗ്രാന്റ് സ്‌ലാമുകളും ഒന്നിൽ കൂടുതൽ നേടിയ താരം കൂടിയാണ് ഈ വർഷം യു.എസ് ഓപ്പൺ ഒഴിച്ചു എല്ലാ ഗ്രാന്റ് സ്‌ലാം കിരീടങ്ങളും നേടിയ ജ്യോക്കോവിച്ച്. ടെന്നീസിലെ ഏറ്റവും വലിയ ഉത്തരമില്ലാത്ത നിരന്തര തർക്കമായ ഏറ്റവും മഹാനായ താരം ആരെന്ന ചോദ്യത്തിന് ഗ്രാന്റ് സ്‌ലാം കണക്ക് ഉത്തരം ആയാൽ നിലവിൽ മൂന്നു പേരും സമാസമം എന്നു തന്നെ പറയേണ്ടി വരും. അതിനാൽ തന്നെ 2022 ൽ 20 തിൽ നിന്നു മുന്നോട്ടു പോവാൻ ആവും ഇതിഹാസ താരങ്ങളുടെ ശ്രമം എന്നാൽ കൂടുതൽ കരുത്തരായ പുതുതലമുറ അവർക്ക് വലിയ വെല്ലുവിളി ആവും എന്നുറപ്പാണ്.