ഐപിഎലിലെ പകുതി മത്സരങ്ങള്‍ പുരോഗമിച്ച ഘട്ടത്തിൽ പോയിന്റ് പട്ടികയിൽ ടോപ് ഫോറിൽ ഇടം ലഭിച്ച ടീമായിരുന്നു സൺറൈസേഴ്സ്. തുടക്കം രണ്ട് തോല്‍വിയോടെയായിരുന്നുവെങ്കിലും പിന്നീട് 5 തുടര്‍ ജയങ്ങള്‍ നേടുവാന്‍ ടീമിന് സാധിച്ചപ്പോള്‍ ഇത്തവണ ഡേവിഡ് വാര്‍ണര്‍, ജോണി ബൈര്‍സ്റ്റോ, റഷീദ് ഖാന്‍ എന്നിവരെ മെഗാ ലേലത്തിന് മുമ്പ് റിലീസ് ചെയ്ത തീരുമാനം തങ്ങളെ ബാധിക്കില്ല എന്ന പ്രതീക്ഷയാണ് ആരാധകര്‍ക്ക് നൽകിയത്.
എന്നാൽ തുടര്‍ന്നങ്ങോട്ട് കാര്യങ്ങള്‍ മാറി മറിയുന്നതാണ് കണ്ടത്. ആ അഞ്ച് ജയങ്ങള്‍ക്ക് ശേഷം അഞ്ച് പരാജയങ്ങളാണ് ടീം ഏറ്റുവാങ്ങിയത്. അതിൽ തന്നെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ വലിയ തോൽവി ടീമിന്റെ റൺറേറ്റിനെയും ബാധിച്ചു.
രണ്ട് മത്സരങ്ങള്‍ അവശേഷിക്കുന്ന ടീമിനെ ഏറ്റവും അലട്ടുന്നത് ക്യാപ്റ്റന്‍ കെയിന്‍ വില്യംസണിന്റെ ബാറ്റിംഗ് ഫോം ആണ്. അഭിഷേക് ശര്‍മ്മയിൽ നിന്ന് റൺസ് വരുമ്പോളും മറുവശത്ത് റൺസ് കണ്ടെത്തുവാന്‍ വില്യംസൺ ബുദ്ധിമുട്ടുകയാണ്.
എയ്ഡന്‍ മാര്‍ക്രം ആണ് ടീമിന്റെ വിശ്വസ്തനായ മറ്റൊരു താരം. റൺസ് കണ്ടെത്തുന്നുണ്ടെങ്കിലും സ്ഥിരമായി അത് നേടുവാന്‍ രാഹുല്‍ ത്രിപാഠിയ്ക്ക് സാധിക്കാത്തതാണ് ടീമിനെ അലട്ടുന്ന മറ്റൊരു പ്രശ്നം.
ഇനി മുംബൈ ഇന്ത്യന്‍സിനെതിരെയും പഞ്ചാബ് കിംഗ്സിനെതിരെയും ഉ്ള മത്സരങ്ങളിൽ ജയം നേടിയാലും 14 പോയിന്റിലേക്ക് മാത്രമേ സൺറൈസേഴ്സ് എത്തുകയുള്ളു. 14 പോയിന്റിൽ എത്തുവാന്‍ സാധ്യതയുള്ള ടീമുകളും എത്തിയ ടീമുകളും നേരത്തെ തന്നെ സൺറൈസേഴ്സിനെക്കാള്‍ മികച്ച റൺ റേറ്റിൽ നിൽക്കുന്നതിനാൽ തന്നെ ഇനിയുള്ള മത്സരങ്ങളിൽ വലിയ ജയം നേടേണ്ടത് ടീമിന് അനിവാര്യമാണ്.
എന്നാലും ടീമിന് പ്ലേ ഓഫ് ഉറപ്പിക്കുവാനാകില്ല എന്നതാണ് വാസ്തവം. 16 പോയിന്റിലേക്ക് എത്തുവാന്‍ സാധ്യതയുള്ള 4 ടീമുകള്‍ ഇനിയും ഉണ്ടെന്നതും രണ്ട് പ്ലേ ഓഫ് സ്പോട്ടുകളാണ് തത്വത്തിൽ അവശേഷിക്കുന്നതെന്ന കാര്യവും പരിഗണിക്കുമ്പോള്‍ സൺറൈസേഴ്സ് ഈ അഞ്ച് തുടര്‍ തോൽവികളിലൂടെ സ്വന്തം കുഴി തോണ്ടിയിരിക്കുകയാണ്.