ഐ എസ് എല്ലിൽ ബെംഗളൂരു എഫ് സിയുടെ മുന്നിൽ എത്തുമ്പോൾ ഗോവ പതറുന്ന പതിവു കാഴ്ച ഇന്ന് വീണ്ടും ആവർത്തിച്ചു. ഇന്ന് ബെംഗളൂരുവിൽ വെച്ച് നടന്ന മത്സരത്തിൽ ഗോവയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബെംഗളൂരു എഫ് ഐ പരാജയപ്പെടുത്തിയത്. ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ മികവാണ് ബെംഗളൂരുവിന് തുണയായത്.
ഗോളടിക്കാൻ ഉള്ള ഛേത്രിയുടെ മികവിന് കോട്ടംതട്ടി എന്ന വിമർശനങ്ങൾക്കുള്ള മറുപടി ആണ് ഛേത്രി ഇന്ന് നൽകിയത്. ഇന്ന് മത്സരത്തിന്റെ ആദ്യ പകുതിയിൽ ഗോവ ആയിരുന്നു മികച്ചു നിന്നത്. പക്ഷെ അവസരങ്ങൾ മുതലാക്കാത്തതിന് ഗോവ രണ്ടാം പകുതിയിൽ വില കൊടുക്കേണ്ടി വന്നു. 59ആം മിനുട്ടിൽ ഛേത്രിയിലൂടെ ബെംഗളൂരു മുന്നിൽ എത്തി. പിന്നാലെ 61ആം മിനുട്ടിൽ ഹ്യൂഗോ ബൗമസിലൂടെ സമനില ഗോൾ നേടിയെടുക്കാൻ ഗോവയ്ക്കായി. പക്ഷെ വീണ്ടും ഛേത്രി ഗോവൻ ഡിഫൻസിനെ കീഴ്പ്പെടുത്തി.
84ആം മിനുട്ടിൽ ആശിഖ് കുരിണിയന്റെ പാസിൽ നിന്നായിരന്നു ഛേത്രിയുടെ വിജയഗോൾ. പരാജയപ്പെട്ടു എങ്കിലും ഗോവ തന്നെയാണ് ഇപ്പോഴും ഒന്നാമത്. 21 പോയന്റ് ആണ് ഗോവയ്ക്ക് ഉള്ളത്. രണ്ടാമതുള്ള ബെംഗളൂരു എഫ് സിക്ക് 19 പോയന്റാണ് ഉള്ളത്.