പ്രയാസമേറിയ പിച്ചിൽ അനായാസ ബാറ്റിംഗുമായി സഞ്ജു, “ഭാഗ്യ” ഫിഫ്റ്റിയ്ക്ക് ശേഷം അടിച്ച് തകര്‍ത്ത് ജോസ് ബട്‍ലര്‍

Sports Correspondent

Sanjusamsonjosbuttler

സഞ്ജു സാംസണിന്റെ അതിവേഗ ഇന്നിംഗ്സിന് ശേഷം റൺസ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയ രാജസ്ഥാന്‍ റോയൽസിനെ 188 റൺസിലേക്ക് എത്തിച്ച് ജോസ് ബട്‍ലറുടെ 89 റൺസ്. ഒരു ഘട്ടത്തിൽ 30 പന്തിൽ 29 റൺസ് മാത്രം നേടിയ ബട്‍ലറുടെ ക്യാച്ച് ഹാര്‍ദ്ദിക് പാണ്ഡ്യ ഗ്രൗണ്ടിൽ സ്ലിപ് ചെയ്ത് നഷ്ടമായ ശേഷം താരം അടിച്ച് തകര്‍ക്കുന്ന കാഴ്ചയാണ് കണ്ടത്.

യശസ്വി ജൈസ്വാളിനെ വേഗത്തിൽ നഷ്ടമായ ശേഷം 55 റൺസാണ് പവര്‍പ്ലേ അവസാനിക്കുമ്പോള്‍ രാജസ്ഥാന്‍ നേടിയത്. സഞ്ജു തന്റെ മികവാര്‍ന്ന ബാറ്റിംഗ് തുടര്‍ന്നുവെങ്കിലും അര്‍ദ്ധ ശതകം താരത്തിന് നഷ്ടമായി. 26 പന്തിൽ 47 റൺസ് നേടിയ താരത്തെ സായി കിഷോര്‍ ആണ് പുറത്താക്കിയത്. 5 ഫോറും 3 സിക്സും അടങ്ങിയതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. സഞ്ജു പുറത്തായപ്പോള്‍ പത്തോവറിൽ 79 റൺസാണ് രാജസ്ഥാന്‍ രണ്ട് വിക്കറ്റ് നഷ്ടത്തിൽ നേടിയത്.

Saikishore

സഞ്ജു പുറത്തായ ശേഷം ക്രീസിലെത്തിയ ദേവ്ദത്ത് പടിക്കലും ജോസ് ബട്‍ലറും ബൗണ്ടറി കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍ രാജസ്ഥാന്‍ 150 കടക്കില്ലെന്നാണ് ഏവരും കരുതിയത്. സായി കിഷോര്‍ എറിഞ്ഞ 14ാം ഓവറിൽ ഒരു സിക്സും രണ്ട് ഫോറും അടക്കം നേടി പടിക്കൽ തന്റെ സ്ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്തിയെങ്കിലും താരം അടുത്ത ഓവറിലെ ആദ്യ പന്തിൽ വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു. ഒരു ഘട്ടത്തിൽ 15 പന്തിൽ 13 റൺസ് നേടി നിന്ന പടിക്കൽ പുറത്താകുമ്പോള്‍ 20 പന്തിൽ 28 റൺസാണ് താരം നേടിയത്.

യഷ് ദയാൽ എറിഞ്ഞ 16ാം ഓവറിൽ ഫീൽഡര്‍മാരും സഹായിച്ചപ്പോള്‍ രാജസ്ഥാന് റൺസ് വന്ന് തുടങ്ങുകയായിരുന്നു. ജോസ് ബട്ലര്‍ക്ക് ഫീൽഡര്‍മാരുടെ പിഴവിൽ ഒരു ജീവന്‍ ദാനവും മൂന്ന് ബൗണ്ടറിയുമാണ് ആ ഓവറിൽ ലഭിച്ചത്. താരം തന്റെ അര്‍ദ്ധ ശതകവും ഇതിനിടെ പൂര്‍ത്തിയാക്കി.

ഓവറിൽ നിന്ന് 18 റൺസ് പിറന്ന ശേഷം പിന്നീട് തന്റെ സ്വതസിദ്ധമായ ശൈലിയിൽ ജോസ് ബട്‍ലര്‍ ബാറ്റ് വീശിയപ്പോള്‍ അൽസാരി ജോസഫിന്റെ ഓവറിൽ നിന്ന് 14 റൺസും മുഹമ്മദ് ഷമിയുടെ ഓവറിൽ നിന്ന് 13 റൺസും വന്നു.

56 പന്തിൽ 89 റൺസാണ് ജോസ് ബട്‍ലറുടെ സംഭാവന. താരം ഇന്നിംഗ്സിലെ അവസാന പന്തിൽ റണ്ണൗട്ടായി പുറത്താകുകയായിരുന്നു. എന്നാൽ യഷ് ദയാൽ ആ പന്ത് നോബോള്‍ എറിഞ്ഞപ്പോള്‍ നാല് റൺസ് കൂടി ആ പന്തിൽ നിന്ന് രാജസ്ഥാന് നേടാനായി. അവസാന ഓവറിൽ 15 റൺസ് പിറന്നപ്പോള്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന്‍ ഈ സ്കോര്‍ നേടിയത്.