ഫൈനലുറപ്പാക്കി സിന്ധു, മൂന്ന് ഗെയിം പോരാട്ടത്തില്‍ ജയം

ഏഷ്യന്‍ ഗെയിംസ് 2018 ബാഡ്മിന്റണ്‍ വനിത സിംഗിള്‍സ് ഫൈനല്‍ സ്ഥാനം ഉറപ്പാക്കി പിവി സിന്ധു. ജയത്തോടെ സിന്ധു ഫൈനലില്‍ തായ്‍വാന്റെ തായി സു യിംഗിനെയാണ് നേരിടുന്നത്. മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലാണ് സിന്ധു ജപ്പാന്റെ അകാനെ യമാഗൂച്ചിയെ പരാജയപ്പെടുത്തിയത്. ആദ്യ ഗെയിമില്‍ വിജയിച്ച ശേഷം രണ്ടാം ഗെയിം കൈവിട്ടുവെങ്കിലും സിന്ധു നിര്‍ണ്ണായകമായ മൂന്നാം ഗെയിമില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. 21-17, 15-21, 21-10 എന്ന സ്കോറിനാണ് സിന്ധുവിന്റെ ജയം.

മത്സരത്തിലെ ആദ്യ പോയിന്റുകള്‍ ജപ്പാന്‍ താരം അകാനെ യമാഗൂച്ചിയാണ് നേടിയതെങ്കിലും ഏറെ വൈകാതെ സിന്ധു ഒപ്പമെത്തുകയും പിന്നീട് ലീഡ് നേടുകയും ചെയ്തു. ആദ്യ ഗെയിമിന്റെ ഇടവേള സമയത്ത് സിന്ധു 11-8നു ലീഡ് നേടുകയായിരുന്നു. ഇടവേളയ്ക്ക് ശേഷം സിന്ധു തുടരെ പോയിന്റുകള്‍ നേടി 15-10ന്റെ ലീഡ് നേടി. ആദ്യ ഗെയിം 21-17നു സിന്ധു സ്വന്തമാക്കി.

രണ്ടാം ഗെയിമില്‍ ഭേദപ്പെട്ട പ്രകടനമാണ് സിന്ധുവിനെതിരെ അകാനെ പുറത്തെടുത്തത്. ലീഡില്‍ നിന്ന് സിന്ധുവില്‍ നിന്ന് 11-10ന്റെ ലീഡ് ഇടവേള സമയത്ത് താരം സ്വന്തമാക്കി. ഇടവേളയ്ക്ക് ശേഷം ലീഡ് വര്‍ദ്ധിപ്പിച്ച് അകാനെ 16-13നു മുന്നിലെത്തിയിരുന്നു. അകാനെയുടെ മുന്നില്‍ പതറിപ്പോയ സിന്ധു ഗെയിം 15-21നു കൈവിടുകയായിരുന്നു.

മൂന്നാം ഗെയിമില്‍ 3-3 പോയിന്റ് വരെ ഇരു താരങ്ങളും ഒപ്പത്തിനൊപ്പമാണ് പോരാടിയതെങ്കിലും പിന്നീട് സിന്ധു ഉഗ്രപ്രകടനം പുറത്തെടുത്ത് 9-4ന്റെ ലീഡ് നേടി. ഇടവേള സമയത്ത് സിന്ധു 11-7ന്റെ ലീഡ് സിന്ധു കരസ്ഥമാക്കി. ഇടവേളയ്ക്ക് ശേഷം ആദ്യ ഗെയിമിലെന്ന പോലെ ഫോം പ്രകടിപ്പിച്ച സിന്ധു ലീഡുയര്‍ത്തി 16-8ലേക്ക് കടന്നു. ജപ്പാന്‍ താരത്തിനു തിരിച്ചുവരവിനു അവസരം നല്‍കാതെ സിന്ധു 21-10നു മത്സരം സ്വന്തമാക്കുകയായിരുന്നു.