വീണ്ടും കോഹ്‍ലി-‍‍ഡി വില്ലിയേഴ്സ് കൂട്ടുകെട്ടിനെ വീഴ്ത്തി ശ്രേയസ്സ് ഗോപാല്‍, ഒപ്പം ഹാട്രിക്കും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

രാജസ്ഥാന്‍ റോയല്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 62 റണ്‍സ് നേടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഇന്ന് മഴ മൂലം മത്സരം അഞ്ചോവറായി ചുരുക്കിയതിനു ശേഷം ബാറ്റിംഗിനായി ബാംഗ്ലൂര്‍ ഇറങ്ങിയപ്പോള്‍ ക്രീസിലെത്തിയത് വിരാട് കോഹ്‍ലിയും എബി ഡി വില്ലിയേഴ്സുമാണ്. ആദ്യ ഓവറില്‍ 23 റണ്‍സാണ് വരുണ്‍ ആരോണിനെ ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. കോഹ്‍ലി ഓവറില്‍ നിന്ന് രണ്ട് സിക്സ് നേടിയപ്പോള്‍ എബി ഡി വില്ലിയേഴ്സ് രണ്ട് ഫോറാണ് നേടിയത്.

ശ്രേയസ്സ് ഗോപാലെറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ രണ്ട് പന്തുകളില്‍ നിന്ന് കോഹ്‍ലി സിക്സും ഫോറും നേടിയ ശേഷം മൂന്നാം പന്ത് ഡബിള്‍ ഓടിയെങ്കിലും പിന്നീട് കണ്ടത് ഗോപാലിന്റെ ശക്തമായ തിരിച്ചുവരവാണ് വിരാട് കോഹ്‍ലി(25), എബി ഡി വില്ലിയേഴ്സ്(10) എന്നിവര്‍ക്ക് പുറമെ മാര്‍ക്കസ് സ്റ്റോയിനിസിനെയും പുറത്താക്കി ശ്രേയസ്സ് ഗോപാല്‍ തന്റെ ഹാട്രിക്ക് പൂര്‍ത്തിയാക്കുകയായിരുന്നു.

അടുത്ത ഓവറില്‍ റിയാന്‍ പരാഗ് ഗുര്‍കീരത്ത് സിംഗിനെയും(6) പുറത്താക്കിയതോടെ ബാംഗ്ലൂരിന്റെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലായി. പിന്നീട് പാര്‍ത്ഥിവ് പട്ടേലും ഹെയിന്‍റിച്ച് ക്ലാസ്സെനും കൂടി ടീമിനെ 50 കടത്തിയെങ്കിലും നാലാം ഓവറിന്റെ അവസാനം സ്കോര്‍ 54ല്‍ നില്‍ക്കെ പാര്‍ത്ഥിവിനെ അഞ്ചാം വിക്കറ്റായി ബാംഗ്ലൂരിനു നഷ്ടമായി.

അടുത്ത ഓവറില്‍ ഒഷെയ്‍ന്‍ തോമസ് ഹെയിന്‍റിച്ച് ക്ലാസ്സനെയും(6) പുറത്താക്കി. അടുത്ത പന്തില്‍ പവന്‍ നേഗി ഒരു ബൗണ്ടറി നേടിയെങ്കിലും തൊട്ടടുത്ത പന്തില്‍ തന്നെ നേഗിയെ സഞ്ജുവിന്റെ കൈകളിലെത്തിച്ച് തന്റെ രണ്ടാം വിക്കറ്റ് ഒഷെയ്ന്‍ സ്വന്തമാക്കി. 5 ഓവറില്‍ 62 റണ്‍സിലേക്ക് എത്തിയപ്പോള്‍ 7 വിക്കറ്റുകളാണ് റോയല്‍ ചലഞ്ചേഴ്സിനു നഷ്ടമായത്.