ഇറ്റാലിയൻ സീരി എയിൽ ഫിയറന്റീനയിലെ തന്റെ ഗോളടി മികവ് യുവന്റസിലും തുടർന്ന് തുസാൻ വ്ലാഹോവിച്. എംപോളിക്ക് എതിരെ സെർബിയൻ താരത്തിന്റെ ഇരട്ട ഗോൾ മികവിൽ ആണ് യുവന്റസ് ഇന്ന് ജയം കണ്ടത്. യുവന്റസിനു ആയി ആറു കളികളിൽ അഞ്ചു ഗോളുകൾ നേടിയ താരം നിലവിൽ 20 ഗോളുകളും ആയി സീരി എയിലെ ടോപ് സ്കോററും ആണ്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു യുവന്റസ് മത്സരം ജയിച്ചത്. ഇരു ടീമുകളും നിരവധി അവസരങ്ങൾ തുറന്ന മത്സരം ആവേശകരമായിരുന്നു. 32 മത്തെ മിനിറ്റിൽ റാബിയോറ്റിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ മോയിസ് കീൻ ആണ് യുവന്റസിനെ മത്സരത്തിൽ മുന്നിലെത്തിച്ചത്.
എന്നാൽ മിനിറ്റുകൾക്കു അകം സുർകോവ്സ്കിയിലൂടെ എംപോളി മത്സരത്തിൽ ഒപ്പമെത്തി. എന്നാൽ ആദ്യ പകുതിക്ക് തൊട്ടു മുമ്പ് കുഡറാഡ്രോയുടെ പാസിൽ നിന്നു തന്റെ ആദ്യ ഗോൾ കണ്ടത്തിയ വ്ലാഹോവിച് യുവന്റസിനെ മത്സരത്തിൽ വീണ്ടും മുന്നിലെത്തിച്ചു. രണ്ടാം പകുതിയിൽ 66 മത്തെ മിനിറ്റിൽ മൊറാറ്റയുടെ പാസിൽ നിന്നു തന്റെ രണ്ടാം ഗോൾ കണ്ടത്തിയ വ്ലാഹോവിച് യുവന്റസിനെ 3-1 നു മുന്നിലെത്തിച്ചു. തുടർന്ന് 76 മത്തെ മിനിറ്റിൽ ആന്ദ്രയ മാന്റിയയിലൂടെ എംപോളി ഒരു ഗോൾ തിരിച്ചടിച്ചത് യുവന്റസിനു ആശങ്ക നൽകി. എന്നാൽ സമനിലക്ക് ആയുള്ള അവരുടെ ശ്രമങ്ങൾ പ്രതിരോധിച്ച യുവന്റസ് ജയം സ്വന്തമാക്കുക ആയിരുന്നു. ജയത്തോടെ ലീഗിലെ നാലാം സ്ഥാനത്തിനുള്ള അവകാശവാദം യുവന്റസ് ഒന്നു കൂടി ശക്തമാക്കി.