ഇറ്റാലിയൻ സീരി എയിൽ ഒന്നാമതുള്ള എ. സി മിലാൻ സ്വന്തം മൈതാനത്ത് ഉഡിനെസിയോട് സമനില പാലിച്ചു. മത്സരത്തിൽ പന്തിന് മേൽ ആധിപത്യം മിലാനു ആയിരുന്നു എങ്കിലും കൂടുതൽ അവസരങ്ങൾ എതിരാളികൾ ആയിരുന്നു തുറന്നത്. 29 മത്തെ മിനിറ്റിൽ സാന്ദ്രോ ടൊണാലിയുടെ പാസിൽ നിന്നു റാഫേൽ ലിയോ മിലാനെ മത്സരത്തിൽ മുന്നിലെത്തിച്ചു. രണ്ടാം പകുതിയിൽ റോബർട്ടോ പെരേയ്രയുടെ പാസിൽ നിന്നു ഇയനോമ ഉഡോഗി ഉഡിനെസിക്ക് സമനില സമ്മാനിച്ചു. ഗോൾ അടിക്കുന്നതിനു മുമ്പ് ഹാന്റ് ബോൾ ആണ് എന്ന് സംശയം നൽകിയ ഗോൾ ആയിരുന്നു ഇത്. തുടർന്ന് ജയം നേടാനുള്ള മിലാൻ ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ മത്സരം സമനിലയിൽ അവസാനിച്ചു.
അതേസമയം ജയിച്ചാൽ ലീഗിൽ ഒന്നാമത് എത്താം എന്ന അവസരവും ആയി ആണ് ഇന്റർ മിലാൻ ജെനോവയെ നേരിടാൻ ഇറങ്ങിയത്. എന്നാൽ ഗോൾ രഹിത സമനില ആയിരുന്നു ഇന്ററിനെ കാത്തിരുന്നത്. മത്സരത്തിൽ 72 ശതമാനം പന്ത് കൈവശം വച്ചിട്ടും ഇന്ററിനു മത്സരത്തിൽ ഗോൾ മാത്രം നേടാൻ ആയില്ല. മികച്ച ഒരു അവസരം ബാറിൽ തട്ടി മടങ്ങിയതും അവർക്ക് തിരിച്ചടിയായി. ഹക്കന്റെ കോർണറിൽ നിന്നു ഡാനിലോയുടെ ഹെഡർ ആണ് ബാറിൽ തട്ടി മടങ്ങിയത്. ഇതോടെ നിലവിൽ 27 മത്സരങ്ങളിൽ നിന്നു 57 പോയിന്റുകളും ആയി എ. സി മിലാൻ ഒന്നാമത് നിൽക്കുമ്പോൾ 26 കളികളിൽ നിന്നു 55 പോയിന്റുകളും ആയി ഇന്റർ മിലാൻ രണ്ടാം സ്ഥാനത്ത് ആണ്.