ആറ് വിക്കറ്റ് നഷ്ടമെങ്കിലും വിജയം കൈവിടാതെ നമീബിയ

Namibiascotland

സ്കോട്‍ലാന്‍ഡിനെ 109/8 എന്ന സ്കോറിൽ ഒതുക്കിയ ശേഷം ലക്ഷ്യം ചേസ് ചെയ്യുന്നതിനിടെ 6 വിക്കറ്റ് നഷ്ടമായെങ്കിലും സ്കോട്‍ലാന്‍ഡ് സമ്മര്‍ദ്ദത്തിൽ പതറാതെ വിജയം പിടിച്ചെടുത്ത് നമീബിയ.

ഓപ്പണിംഗിൽ ക്രെയിഗ് വില്യംസും(23) മൈക്കൽ വാന്‍ ലിന്‍ഗെനും(18) റൺസ് കണ്ടെത്തിയ ശേഷം നമീബിയയ്ക്ക് തുടരെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ജെജെ സ്മിടും ഡേവിഡ് വീസും ടീമിനെ വിജയത്തിന് ഏഴ് റൺസ് അകലെ വരെ എത്തിച്ചു.

അഞ്ചാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 35 റൺസാണ് നേടിയത്. 16 റൺസ് നേടിയ വീസിനെ മൈക്കൽ ലീസക് പുറത്താക്കുകയായിരുന്നു. 32 റൺസ് നേടിയ ജെജെ സ്മിട് ആണ് നമീബിയയുടെ വിജയം 19.1 ഓവറിലുറപ്പാക്കിയത്. അവസാന ഓവറിലെ ആദ്യ പന്ത് സിക്സര്‍ പറത്തി സ്മിട് നമീബിയയുടെ 4 വിക്കറ്റ് വിജയം സ്വന്തമാക്കി.

സ്കോട്‍ലാന്‍ഡിന് വേണ്ടി ബാറ്റിംഗിൽ തിളങ്ങിയ മൈക്കൽ ലീസക് ബൗളിംഗിലും തിളങ്ങി രണ്ട് വിക്കറ്റ് നേടിയെങ്കിലും ചെറു സ്കോര്‍ തടയുവാന്‍ പര്യാപ്തമായിരുന്നില്ല സ്കോട്‍ലാന്‍ഡ് ബൗളര്‍മാരുടെ പ്രകടനം.