രാജസ്ഥാന്റെ വിജയം ഉറപ്പാക്കി കരുതലോടെ സഞ്ജുവിന്റെ ഇന്നിംഗ്സ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 6 വിക്കറ്റ് വിജയം നേടി രാജസ്ഥാന്‍ റോയല്‍സ്. കൊല്‍ക്കത്തയെ 133 റണ്‍സിന് ഒതുക്കിയ ശേഷം 18.5 ഓവറില്‍ 4 നഷ്ടത്തിലാണ് രാജസ്ഥാന്റെ വിജയം. സഞ്ജു സാംസണ്‍ തന്റെ സ്വതസിദ്ധമായ ശൈലിയ്ക്ക് കടിഞ്ഞാണിട്ട് റിസ്ക് എടുക്കാതെ ക്രീസില്‍ നിലയുറപ്പിച്ചാണ് രാജസ്ഥാന്റെ വിജയം ഉറപ്പാക്കിയത്. സഞ്ജുവിന് പിന്തുണയുമായി ഡേവിഡ് മില്ലര്‍, ശിവം ഡുബേ, യശസ്വി ജൈസ്വാല്‍ എന്നിവരാണ് നിര്‍ണ്ണായക സംഭാവന നല്‍കിയത്.

ജോസ് ബട്‍ലറുടെ വിക്കറ്റ് തുടക്കത്തിലെ നഷ്ടമായെങ്കിലും മറുവശത്ത് ഈ സീസണിലെ ആദ്യാവസരം ലഭിച്ച യശസ്വി ജൈസ്വാല്‍ 22 റണ്‍സ് നേടുകയായിരുന്നു. എന്നാല്‍ താരത്തിനെ പുറത്താക്കി ശിവം മാവി മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക് രണ്ടാമത്തെ ബ്രേക്ക്ത്രൂ നേടിക്കൊടുത്തു.

പകരം ക്രീസിലെത്തിയ ശിവം ഡുബേയും സഞ്ജു സാംസണും ചേര്‍ന്ന് രാജസ്ഥാനെ മുന്നോട്ട് നയിക്കുകയായിരുന്നു. 9ാം ഓവര്‍ അവസാനിക്കുമ്പോള്‍ രാജസ്ഥാന്‍ 77/2 എന്ന നിലയിലായിരുന്നു.

പവര്‍പ്ലേയ്ക്ക് ശേഷം അധികം വൈകാതെ ശിവം ഡുബേയെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തി തന്റെ രണ്ടാമത്തെ വിക്കറ്റ് നേടി. 45 റണ്‍സാണ് സഞ്ജുവും ശിവം ഡുബേയും ചേര്‍ന്ന് നേടിയത്. ശിവം ഡുബേ 18 പന്തില്‍ 22 റണ്‍സ് നേടിയാണ് പുറത്തായത്.

ഡുബേ പുറത്തായപ്പോള്‍ മില്ലറിന് പകരം രാഹുല്‍ തെവാത്തിയെയാണ് രാജസ്ഥാന്‍ ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറക്കിയത്. എന്നാലത് വിജയം കണ്ടില്ല. 5 റണ്‍സ് മാത്രം നേടിയ താരത്തിന്റെ വിക്കറ്റ് രാജസ്ഥാന് നഷ്ടപ്പെടുമ്പോള്‍ സ്കോര്‍ ബോര്‍ഡ് 100/4 എന്ന നിലയിലായിരുന്നു.

പിന്നീട് ക്രീസിലെത്തിയ ഡേവിഡ് മില്ലര്‍ രാജസ്ഥാന്‍ റോയല്‍സിനെ സഞ്ജുവിനൊപ്പം അഞ്ചാം വിക്കറ്റില്‍ നേടിയ 34 റണ്‍സിന്റെ ബലത്തില്‍ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. സഞ്ജു 41 പന്തില്‍ 42 റണ്‍സും ഡേവിഡ് മില്ലര്‍ 23 പന്തില്‍ 24 റണ്‍സും നേടിയാണ് രാജസ്ഥാന്റെ വിജയം ഉറപ്പാക്കിയത്.

34 റണ്‍സാണ് മില്ലര്‍ – സഞ്ജു കൂട്ടുകെട്ട് നേടിയത്. കൊല്‍ക്കത്തയ്ക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റ് നേടി.