പാക്കിസ്ഥാന്റെ മുറിവിൽ ഉപ്പ് പുരട്ടി ഫിൽ സാള്‍ട്ട്, പരമ്പരയിൽ ഇംഗ്ലണ്ട് ഒപ്പമെത്തി

പാക്കിസ്ഥാന്‍ ബൗളിംഗിനെ തച്ചുടച്ച് ഫിൽ സാള്‍ട്ട്. താരത്തിന്റെ വെടിക്കെട്ട് ഇന്നിംഗ്സിന്റെ ബലത്തിൽ പാക്കിസ്ഥാനെ ആറാം മത്സരത്തിൽ 8 വിക്കറ്റിന് പരാജയപ്പെടുത്തി പരമ്പരയിൽ 3-3 എന്ന നിലയിൽ ഒപ്പമെത്തുവാന്‍ ഇംഗ്ലണ്ടിന് സാധിച്ചു. 170 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിനായി ഓപ്പണര്‍മാര്‍ മിന്നും തുടക്കമാണ് നൽകിയത്.

3.5 ഓവറിൽ 55 റൺസ് നേടിയ ശേഷം 12 പന്തിൽ 27 റൺസ് നേടിയ അലക്സ് ഹെയിൽസ് ആണ് ആദ്യം പുറത്തായത്. ഇതിന് ശേഷം 19 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം സാള്‍ട്ട് തികച്ചപ്പോള്‍ രണ്ടാം വിക്കറ്റിൽ ദാവിദ് മലനും സാള്‍ട്ടും ചേര്‍ന്ന് 73 റൺസാണ് നേടിയത്. 26 റൺസ് നേടിയ മലനെയും ഷദബ് ഖാനാണ് പുറത്താക്കിയത്.

14.3 ഓവറിൽ ഇംഗ്ലണ്ട് വിജയം കുറിക്കുമ്പോള്‍ ഫിൽ സാള്‍ട്ട് പുറത്താകാതെ 41 പന്തിൽ നിന്ന് 87 റൺസും  ബെന്‍ ഡക്കറ്റ് 26 റൺസുമാണ് നേടിയത്. ഈ കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ 42 റൺസും നേടി. 33 പന്തിൽ അവശേഷിക്കെയാണ് ഇംഗ്ലണ്ടിന്റെ ആധികാരിക വിജയം.