തികച്ചും വ്യക്തിപരമായ കുറിപ്പ് ആണ് ഇത് എന്നു പറഞ്ഞു തന്നെ തുടങ്ങാം, കാരണം റോജർ ഫെഡറർ അന്നും ഇന്നും എന്നും എനിക്ക് വ്യക്തിപരമായ അനുഭവം മാത്രമാണ്. ഇത്രമേൽ ഒരു കായികതാരത്തെ അല്ലെങ്കിൽ മറ്റ് ആരെയെമോ ഇഷ്ടപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നു പോലും പറയാവുന്ന അത്ര തീവ്രതയോടെ ആ മനുഷ്യനെ ഞാൻ ഇഷ്ടപ്പെട്ടിരുന്നു എന്നത് ആണ് യാഥാർത്ഥ്യം. ജീവിതവും ആ മനുഷ്യനും അത്രമേൽ കെട്ടുപിണഞ്ഞു കിടക്കുക ആയിരുന്നു. ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ട ഏറ്റവും സന്തോഷം തന്ന ദിനം എന്നു എന്നെന്നും ഓർക്കുന്നത് 2017 ലെ ജനുവരി 29 ആണ്. പരിക്ക് ചിലപ്പോൾ ആദ്യമായി വലിയ വെല്ലുവിളിയായ കാലത്തിനു ശേഷം ഇനിയൊരു തിരിച്ചു വരവ് ഇല്ല എന്നു പോലും കരുതിയ സ്ഥലത്ത് നിന്നു ആ ദിനം ഫെഡറർ തന്റെ എക്കാലത്തെയും വലിയ എതിരാളി റാഫേൽ നദാലിനെ 5 സെറ്റ് പോരാട്ടത്തിൽ വീഴ്ത്തി ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം ചൂടുന്നുണ്ട്, ഫെഡറർക്ക് അത് അഞ്ചാം ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടവും 18 മത്തെ ഗ്രാന്റ് സ്‌ലാം കിരീടവും ആയിരുന്നു എങ്കിൽ എനിക്കത് ഒരു ദിവസം കഴിഞ്ഞുള്ള പിറന്നാളിന് ഏറ്റവും പ്രിയപ്പെട്ട ഒരാൾ നൽകിയ പിറന്നാൾ സമ്മാനം ആയിരുന്നു. എന്നെന്നും ഓർക്കാവുന്ന പിറന്നാൾ സമ്മാനം.
ജീവിതത്തിലെ ഏറ്റവും മോശം ദിനം രണ്ടു വർഷങ്ങൾക്ക് ശേഷമുള്ള ഒരു ജൂലൈ 14 ആണ്. സെമിഫൈനലിൽ റാഫേൽ നദാലിനെ ആവേശപോരാട്ടത്തിൽ വീഴ്ത്തി എത്തിയ ഫെഡറർ രണ്ടു മാച്ച് പോയിന്റുകൾ പാഴാക്കി ഏതാണ്ട് 5 മണിക്കൂറിനു ശേഷം 37 മത്തെ വയസ്സിൽ നൊവാക് ജ്യോക്കോവിച്ചിനോട് പന്ത്രണ്ടാമത്തെ വിംബിൾഡൺ ഫൈനലിൽ വീണത് തന്നത് അത്രക്ക് മോശം ദിനം ആയിരുന്നു. ടെന്നീസ് പോലും മുഷിപ്പിച്ച ദിനങ്ങൾ, ഇനി ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത ദിനം ആയി അത് മനസ്സിലുണ്ട്, അതിന്റെ ഈ ഓർമ്മ പോലും വല്ലാതെ വിഷമിപ്പിക്കുകയും ദേഷ്യം പിടിപ്പിക്കുകയും ചെയ്യുന്നുണ്ട്. അത്രമേൽ ഇഷ്ടപ്പെടാനും മാത്രം ആരായിരുന്നു റോജർ ഫെഡറർ എന്ന സ്വിസ് താരം എനിക്ക്? ടെന്നീസ് ഇഷ്ടപ്പെട്ടു തുടങ്ങിയത് അയാൾ ഉള്ളത് കൊണ്ട് മാത്രം ആയിരുന്നു, അയാളുടെ അത്രമേൽ അനായാസ ടെന്നീസ്, അത്രമേൽ സൗന്ദര്യം തുളുമ്പുന്ന ഷോട്ടുകൾ, അയാൾക്ക് മാത്രം സാധിക്കുന്ന ആ മനോഹാരിത, കളത്തിനു പുറത്ത് ഒരു നല്ല മനുഷ്യൻ ആയി ഭർത്താവ് ആയി മകൻ ആയി പിതാവ് ആയി എന്നെ അയാൾ വിസ്മയിപ്പിക്കുക മാത്രം ആണ് ചെയ്തത്. ടെന്നീസ് എന്ന കളിയെ മര്യാദക്ക് അറിയും മുമ്പ് അതിന്റെ നിയമങ്ങൾ പഠിക്കും മുമ്പ് ഞാൻ ഫെഡററുമായി പ്രണയത്തിൽ ആയിരുന്നു എന്നത് ആണ് സത്യം.
ഫെഡറർ പോയിന്റുകൾ ജയിക്കുന്നത് കാണാൻ അയാൾ ചിരിക്കുന്നത് കാണാൻ അയാൾ കിരീടങ്ങൾ ഉയർത്തുന്നത് കാണാൻ ഞാൻ കാത്തിരുന്നു. പത്ര കട്ടിങും അയാളുടെ പോസ്റ്ററും സൂക്ഷിച്ചു വക്കാനും തുടങ്ങിയതും അന്ന് തൊട്ടാണ്. പിന്നീട് കളി നിയമങ്ങൾ പഠിച്ചു, പിന്നീട് ടെന്നീസ് എന്ന കളിയുടെ അധികായകരെ അറിഞ്ഞു, ചരിത്രത്തെ അറിഞ്ഞു ഒക്കെ അറിയുന്ന പോലെ അയാളുമായുള്ള പ്രണയം മാത്രം നാൾക്കുനാൾ കൂടി വന്നു. 1998 ൽ ജൂനിയർ വിംബിൾഡൺ ജേതാവ് ആയ ഫെഡറർ ആ വർഷം തന്നെയാണ് തന്റെ സീനിയർ കരിയറിന് തുടക്കം കുറിക്കുന്നത്. സ്വന്തം നാട്ടിൽ കളി തുടങ്ങിയ ഫെഡറർ ആ വർഷം താൻ ഒരിക്കൽ ബോൾ ബോയി ആയ സ്വിസ് ഇൻഡോർ ടൂർണമെന്റിലും പങ്കെടുക്കുന്നുണ്ട്. പിന്നീട് 11 തവണ ആ ഓപ്പണിൽ ഫെഡറർ ചാമ്പ്യൻ ആവുന്നത്. 2001 ൽ ആണ് ഫെഡറർ ലോകത്തെ ഞെട്ടിക്കുന്നത്. ആ വർഷം വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ 7 തവണ വിംബിൾഡൺ ചാമ്പ്യൻ ആയ സാക്ഷാൽ പീറ്റ് സാമ്പ്രസിനെ 19 കാരനായ ഫെഡറർ 5 സെറ്റ് പോരാട്ടത്തിൽ അട്ടിമറിക്കുന്നുണ്ട്. അന്ന് ഒരുപാട് പേർ ആ 19 കാരന്റെ കളിമികവിന് ആരാധകർ ആവുന്നുണ്ട്, അതിൽ ചിലർ എങ്കിലും ചിലപ്പോൾ ഈ പയ്യൻ സാമ്പ്രസിന്റെ സിംഹാസനം തേടി വന്നവൻ ആണെന്നും ഒരിക്കൽ ആ ലോകം അവന്റെ കീഴിൽ ആവും എന്നും മനസ്സിലാക്കിയും കാണണം.
പിന്നീട് ആദ്യ വർഷങ്ങളിൽ ഫെഡറർ തന്റെ കഴിവ് പൂർണമായും പുറത്ത് എടുക്കുന്നില്ല എന്ന വിമർശനവും നേരിടുന്നുണ്ട്. 2002 ൽ മാററ്റ് സാഫിനെ വീഴ്ത്തി നേടിയ ഹാമ്പർഗ് ഓപ്പൺ ആണ് ഫെഡറർ നേടുന്ന ആദ്യ മാസ്റ്റേഴ്സ് കിരീടം. 2003 ൽ ആദ്യമായി വിംബിൾഡൺ സെന്റർ കോർട്ടിൽ തന്റെ ആദ്യ ഗ്രാന്റ് സ്‌ലാം കിരീടം ഉയർത്തി. ആന്റി റോഡികിനെ വീഴ്ത്തിയാണ് ഫെഡറർ അന്ന് കിരീടം ഉയർത്തുന്നത്. ആദ്യ വർഷങ്ങളിൽ ഡബിൾസിലും ഫെഡറർ ശ്രദ്ധ തിരിക്കുന്നുണ്ട്. പിന്നീട് സിംഗിൾസിൽ മാത്രം ശ്രദ്ധ പതിപ്പിക്കുന്ന ഫെഡറർ ടെന്നീസ് ലോകം കീഴടക്കുന്ന കാഴ്ചയാണ് കാണാൻ ആയത്. ഈ വർഷങ്ങളിൽ ആണ് ഞാൻ ടെന്നീസ് കണ്ടു തുടങ്ങുന്നത്. 2004 ൽ ഫ്രഞ്ച് ഓപ്പൺ ഒഴിച്ചു മൂന്നു ഗ്രാന്റ് സ്‌ലാം കിരീടങ്ങളും സ്വന്തം പേരിൽ ആക്കുന്നുണ്ട്. മൂന്നു തവണ എ.ടി.പി മാസ്റ്റേഴ്സ് കിരീടവും നേടുന്ന ഫെഡറർ സ്വന്തം മണ്ണിൽ സ്വിസ് ഓപ്പൺ കിരീടം നേടുന്നതും ആ വർഷം ആണ്. ആ വർഷം കരിയറിൽ ആദ്യമായി ലോക റാങ്കിങിൽ വർഷാവസാനം ലോക ഒന്നാം നമ്പറും ആയി ഫെഡറർ.
2005 ൽ ഓസ്‌ട്രേലിയൻ ഓപ്പൺ സെമിഫൈനലിൽ മാച്ച് പോയിന്റുകൾ നഷ്ടമാക്കി സാഫിനോട് വീണ ഫെഡറർ ഫ്രഞ്ച് ഓപ്പൺ സെമിയിൽ നദാലിനോട് വീണു. ടെന്നീസ് ലോകം കണ്ട എക്കാലത്തെയും മഹത്തായ പോരാട്ടങ്ങളുടെ ആദ്യ കാല കർട്ടൻ റേസ് ആയി പോലും ആ മത്സരത്തെ കാണാം. ആന്റി റോഡിക്കിനെ വീഴ്ത്തി വിംബിൾഡൺ തുടർച്ചയായി മൂന്നാം തവണ നേടിയ ഫെഡറർ ആന്ദ്ര അഗാസിയെ തോൽപ്പിച്ചു യു.എസ് ഓപ്പൺ കിരീടവും നേടി. 2005 യു.എസ് ഓപ്പൺ മുതൽ 2010 ഓസ്‌ട്രേലിയൻ ഓപ്പൺ വരെ നടന്ന 19 ഗ്രാന്റ് സ്‌ലാം ഫൈനലുകളിൽ 18 ലും ഫെഡറർ ഫൈനലിൽ എത്തി എന്നറിയുമ്പോൾ ഈ വർഷങ്ങൾ ഫെഡറർ എത്രത്തോളം ടെന്നീസ് ഭരിച്ചു എന്നറിയുക. 2006 എന്ന വർഷം ഫെഡററുടെ മാത്രം ആയിരുന്നു എന്ന് പറയാം. കളിച്ച 17 ടൂർണമെന്റുകളിൽ 16 ലും ജയിച്ച ഫെഡറർ 12 കിരീടവും ഈ വർഷം നേടി. 1969 ൽ റോഡ് ലേവറിന് ശേഷം ആദ്യമായി ഒരു വർഷം മുഴുവൻ ഗ്രാന്റ് സ്‌ലാം ഫൈനലുകളിലും എത്തുന്ന താരമായി ഫെഡറർ. കരിയറിൽ ആദ്യമായി ഗ്രാന്റ് സ്‌ലാം ഫൈനലിൽ ഫ്രഞ്ച് ഓപ്പണിൽ നദാലിനെ നേരിട്ട ഫെഡറർ അവിടെ മാത്രം ആണ് പരാജയം നേരിട്ടത്. വിംബിൾഡണിൽ നദാലിനെ ഫൈനലിൽ തോൽപ്പിച്ച ഫെഡറർ ആ വർഷം 3 ഗ്രാന്റ് സ്‌ലാം കിരീടങ്ങൾ നേടി. 6 മാസ്റ്റേഴ്സ് ഫൈനലിൽ എത്തിയ ഫെഡറർ നാല് എണ്ണത്തിൽ ജയിച്ചപ്പോൾ കളിമണ്ണ് കോർട്ടിൽ രണ്ടു എണ്ണത്തിൽ നദാലിനോട് തോൽവി അറിഞ്ഞു. എന്നാൽ കളിമണ്ണ് കോർട്ടിലെ രാജാവ് ആയ നദാലിനെ കളിമണ്ണ് കോർട്ടിൽ ഫെഡറർ ശക്തമായി വെല്ലുവിളിക്കുന്നത് കാണാൻ ആയി. മോണ്ട കാർലോയിലും, പാരീസിലും, റോമിലും അതുഗ്രൻ പോരാട്ടങ്ങൾ ആണ് ഇരുവരും കാഴ്ച വച്ചത്.
29 മത്സരങ്ങൾ തുടർച്ചയായി ജയിച്ചു കൊണ്ടു ലോക ഒന്നാം നമ്പർ ആയാണ് ഫെഡറർ 2006 അവസാനിപ്പിക്കുന്നത്. 2007 ലും ഫെഡറർ 2006 ആവർത്തിച്ചു നാലു ഗ്രാന്റ് സ്‌ലാം ഫൈനലുകളിൽ എത്തുകയും ഫ്രഞ്ച് ഓപ്പൺ ഒഴിച്ചു ബാക്കി എല്ലാ കിരീടങ്ങളും സ്വന്തം പേരിൽ കുറിക്കുകയും ചെയ്തു. 7 മാസങ്ങൾക്ക് ശേഷം 41 തുടർച്ചയായ ജയങ്ങൾക്ക് ശേഷം ആണ് ഫെഡറർ ഒരു മത്സരം തോൽക്കുന്നത്. ഹാമ്പർഗ് ഓപ്പണിൽ നദാലിന്റെ കളിമണ്ണ് കോർട്ടിലെ തുടർച്ചയായ 81 ജയങ്ങൾക്ക് അന്ത്യം കുറിച്ചു വന്ന ഫെഡറർക്ക് പക്ഷെ ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ കാലിടറി. നാലു സെറ്റ് പോരാട്ടത്തിൽ നദാലിനോട് ഒരിക്കൽ കൂടി തോൽവി. ഉണ്ടാക്കിയ 17 ബ്രേക്ക് പോയിന്റുകളിൽ ഒന്നു മാത്രമെ ഫെഡറർക്ക് മുതലെടുക്കാൻ ആയുള്ളൂ. ഒരിക്കൽ കൂടി ഫെഡറർ, നദാൽ വിംബിൾഡൺ ഫൈനൽ എത്തിയപ്പോൾ അത് സമീപകാലത്തെ ക്ലാസിക്ക് പോരാട്ടം ആയി. 5 സെറ്റ് പോരാട്ടത്തിൽ ജയം കണ്ട ഫെഡറർ തുടർച്ചയായ അഞ്ചാം തവണയും വിംബിൾഡൺ കിരീടം ഉയർത്തി. സകലതും നൽകി പൊരുതിയ നദാലിന് മുന്നിൽ സെന്റർ കോർട്ടിൽ തന്റെ ക്ലാസ് ഫെഡറർ അടയാളപ്പെടുത്തുക ആയിരുന്നു. ആ വർഷം മോണ്ടറയാൽ ഫൈനലിൽ പക്ഷെ മൂന്നാം സെറ്റ് ടൈബ്രേക്കിന് ഒടുവിൽ ഫെഡറർ അത്രയൊന്നും പ്രസിദ്ധൻ അല്ലാത്ത സെർബിയൻ താരം നൊവാക് ജ്യോക്കോവിചിന് മുന്നിൽ വീണു. പിന്നീട് ടെന്നീസ് ലോകം കാണാൻ പോകുന്ന മറ്റൊരു ഇതിഹാസ പോരാട്ടങ്ങളുടെ കർട്ടൻ ഉയരുക ആയിരുന്നു അന്ന് കാനഡയിൽ. യു.എസ് ഓപ്പൺ ഫൈനലിൽ പക്ഷെ ഫെഡറർ പ്രതികാരം ചെയ്തു. മികച്ച പോരാട്ടം നടത്തിയ ജ്യോക്കോവിചിനെ നേരിട്ടുള്ള സെറ്റുകൾക്ക് ഫെഡറർ തകർത്തു. 2007 ലെയും മൂന്നാം ഗ്രാന്റ് സ്‌ലാം കിരീടം.
തുടർച്ചയായ നാലാം വർഷം ലോക ഒന്നാം നമ്പർ ആയി വർഷം അവസാനിപ്പിച്ച ഫെഡറർ ഈ നാലു വർഷം 11 ഗ്രാന്റ് സ്‌ലാം കിരീടങ്ങൾ ആണ് നേടിയത്. 3 വർഷം 3 ഗ്രാന്റ് സ്‌ലാം കിരീടങ്ങൾ നേടുന്ന ചരിത്രത്തിലെ ആദ്യ താരമായ ഫെഡറർ ആ വർഷം ഉടനീളം ലോക ഒന്നാം നമ്പർ റാങ്കിലും തുടർന്നു. പരിക്കും അസുഖവും വേട്ടയാടിയ വർഷം ആയിരുന്നു ഫെഡറർക്ക് 2008, എങ്കിലും അഞ്ചാം തവണ യു.എസ് ഓപ്പൺ കിരീടം നേടിയ റോജർ ഒളിമ്പിക്സിൽ ഡബിൾസിൽ സ്റ്റാൻ വാവറിങ്കയും ആയി ചേർന്നു സ്വർണം നേടി. ഓസ്‌ട്രേലിയൻ ഓപ്പൺ സെമിയിൽ പിന്നീട് ചാമ്പ്യൻ ആയ ജ്യോക്കോവിചിനോട് പരാജയപ്പെട്ട ഫെഡറർ ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൺ ഫൈനലുകളിൽ നദാലിനോട് പരാജയപ്പെട്ടു. ചിലപ്പോൾ ടെന്നീസ് ചരിത്രം കണ്ട ഏറ്റവും മഹത്തായ ഫൈനൽ ആയിരുന്നു ആ വിംബിൾഡൺ ഫൈനൽ. തുടർച്ചയായ ആറാം വിംബിൾഡൺ എന്ന റോജറിന്റെ സ്വപ്നങ്ങൾക്ക് പക്ഷെ നദാൽ കടിഞ്ഞാൺ ഇട്ടു. രണ്ടു സെറ്റ് പിറകിൽ നിന്ന ശേഷം അവിശ്വസനീയ മികവോടെ തിരിച്ചു വന്ന ടെന്നീസ് ആരാധകർ ഒരിക്കലും മറക്കാനാവാത്ത പോരാട്ടത്തിനു ഒടുവിൽ അഞ്ചാം സെറ്റിൽ പരാജയം സമ്മതിച്ചു. നീളൻ റാലികളും അതിസുന്ദര ഷോട്ടുകളും ഇരു താരങ്ങളുടെയും പോരാട്ടവീര്യവും കണ്ട ആ മത്സരം ഇന്നും കണ്ണിനു മുന്നിൽ തന്നെയുണ്ട്. 2008 നു അവസാനം നദാലിന് മുന്നിൽ ലോക ഒന്നാം നമ്പർ പദവി ഫെഡറർ അടിയറവ് പറയുന്നുണ്ട്.
സാമ്പ്രസിന്റെ 14 ഗ്രാന്റ് സ്‌ലാം എന്ന റെക്കോർഡ് തകർക്കാൻ ആയാണ് ഫെഡറർ 2009 ൽ കളിക്കാൻ ഇറങ്ങുന്നത്. ഓസ്‌ട്രേലിയൻ ഓപ്പണിൽ ഒരിക്കൽ കൂടി 5 സെറ്റ് ക്ലാസിക്കിൽ റോജർ റാഫക്ക് മുന്നിൽ വീണു. കളിമണ്ണ് സീസണിൽ മാഡ്രിഡിൽ നദാലിനെ വീഴ്ത്തിയ ഫെഡറർ ആത്മവിശ്വാസം തിരികെ നേടി. കഴിഞ്ഞ നാലു സീസണിലും ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ നദാലിന് മുന്നിൽ വീണ ഫെഡറർക്ക് ഇത്തവണ കാര്യങ്ങൾ അനുകൂലമായി. റോബിൻ സോഡർലിങ് നദാലിനെ അട്ടിമറിച്ചപ്പോൾ ഫെഡറർക്ക് എല്ലാവരും കിരീടം പതിച്ചു നൽകി. എന്നാൽ ടാമി ഹാസിന് എതിരെ രണ്ടു സെറ്റും മൂന്നാം സെറ്റിൽ ഒരു ബ്രേക്കും പിറകിൽ ആയ ശേഷം 5 സെറ്റിൽ പൊരുതി ജയിച്ച് ആണ് റോജർ ഫ്രഞ്ച് ഓപ്പൺ സെമിഫൈനലിൽ എത്തുന്നത്. സെമിഫൈനലിൽ യുവാൻ ഡെൽ പോർട്ടോയെയും 5 സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിൽ ആണ് ഫെഡറർ കീഴടക്കിയത്. ഒടുവിൽ നദാലിനെ വീഴ്ത്തിയ സോഡർലിങിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത ഫെഡറർ പാരീസിൽ ആദ്യമായി കിരീടത്തിൽ മുത്തമിട്ടു. ഫ്രഞ്ച് ഓപ്പൺ കിരീടത്തോടെ കരിയർ സ്‌ലാം പൂർത്തിയാക്കിയ ഫെഡറർ സാമ്പ്രസിന്റെ 14 ഗ്രാന്റ് സ്‌ലാം കിരീടനേട്ടങ്ങൾക്ക് ഒപ്പവും എത്തി.
വിംബിൾഡൺ ഫൈനലിൽ ആന്റി റോഡിക് വലിയ വെല്ലുവിളി ആണ് ഫെഡറർക്ക് മുന്നിൽ ഉയർത്തിയത്. റെക്കോർഡ് തിരുത്തപ്പെട്ട അഞ്ചാം സെറ്റ് 16-14 എന്ന സ്കോറിന് ജയിച്ച റോജർ ആരും തകർക്കില്ലെന്നു ഒരു കാലത്ത് കരുതിയ സാമ്പ്രസിന്റെ 14 ഗ്രാന്റ് സ്‌ലാം കിരീടങ്ങൾ എന്ന നേട്ടം മറികടന്നു. 2009 സെമിഫൈനലിൽ തുടർച്ചയായ മൂന്നാം വർഷവും ജ്യോക്കോവിച് ഫെഡറർക്ക് എതിരാളിയായി വന്നു. ഈ മത്സരത്തിൽ ആണ് റോജർ ടെന്നീസ് ചരിത്രം കണ്ട എക്കാലത്തെയും മഹത്തായ ഷോട്ട് ആണെന്ന് പലരും കരുതുന്ന ‘ട്വീനർ’ വിന്നർ ഉതിർക്കുന്നത്. ഈ ട്വീനർ ഷോട്ട് ആണ് റോജറിന് മാച്ച് പോയിന്റുകൾ സമ്മാനിക്കുന്നത്. തുടർന്ന് സെമിഫൈനൽ ജയിച്ച റോജർ പക്ഷെ ഫൈനലിൽ ഡെൽ പോർട്ടോക്ക് മുന്നിൽ പരാജയപ്പെട്ടു. 2 സെറ്റ് മുന്നിൽ നിന്ന ശേഷവും നാലാം സെറ്റിൽ 2 പോയിന്റുകൾ അകലെ കിരീടം എന്ന നിലയിലും ആണ് റോജർ ഈ മത്സരം കൈവിടുന്നത്. കരിയറിൽ എന്നെങ്കിലും ഒരു മത്സരം ഒരിക്കൽ കൂടി കളിക്കാൻ അവസരം കിട്ടിയാൽ ഏത് തിരഞ്ഞെടുക്കും എന്ന ചോദ്യത്തിന് വർഷങ്ങൾക്ക് ശേഷം ഫെഡറർ നൽകുന്ന മറുപടി ഈ മത്സരം എന്നാണ്. അതിൽ നിന്നു തന്നെ ഈ പരാജയം റോജറിന് എത്രത്തോളം നിരാശ നൽകിയിട്ടുണ്ട് എന്നു മനസ്സിലാക്കാം. ചരിത്രപരമായ 2009 ൽ കരിയറിൽ അഞ്ചാം തവണയും ലോക ഒന്നാം നമ്പർ ആയാണ് റോജർ വർഷം അവസാനിപ്പിക്കുന്നത്.
2010 ൽ ആന്റി മറെയെ വീഴ്ത്തി ഓസ്‌ട്രേലിയൻ ഓപ്പൺ നേടിയ റോജർ ആന്ദ്ര അഗാസിയുടെ നാലു ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടങ്ങൾ എന്ന റെക്കോർഡ് നേട്ടത്തിന് ഒപ്പം എത്തി. ഫ്രഞ്ച് ഓപ്പണിൽ 700 മത്തെ കരിയർ ജയവും കളിമണ്ണ് കോർട്ടിലെ 150 മത്തെ ജയവും കുറിക്കാൻ ആയെങ്കിലും ക്വാർട്ടർ ഫൈനലിൽ റോജർ വീണു. സമാനമായ വിധി വിംബിൾഡണിലും റോജർ നേരിട്ടു. ലോക ഒന്നാം റാങ്കും നഷ്ടമായ ഫെഡറർ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിൽ എത്തിയ നദാൽ, ജ്യോക്കോവിച് എന്നിവർക്ക് മുമ്പിൽ ഫെഡറർ നിറം മങ്ങാൻ തുടങ്ങിയെന്ന് പോലും തോന്നി. ആ വർഷം യു.എസ് ഓപ്പൺ സെമി ഫൈനലിലെ പരാജയം ഹൃദയഭേദകമായ കാഴ്ച ആയിരുന്നു. രണ്ടു മാച്ച് പോയിന്റുകൾ നഷ്ടമാക്കിയ ഫെഡറർ നൊവാക് ജ്യോക്കോവിചിന് മുന്നിൽ വീഴുക ആയിരുന്നു. എ.ടി.പി ഫൈനൽസിൽ പക്ഷെ തന്റെ മുഖ്യഎതിരാളികൾ ആയ നദാൽ, ജ്യോക്കോവിച്, മറെ എന്നീ മൂന്നു പേരെയും വീഴ്ത്തി കിരീടം നേടിയ ഫെഡറർ ആ വർഷം അവസാനം ലോക രണ്ടാം റാങ്കിൽ ആണ് വർഷം അവസാനിപ്പിച്ചത്. വർഷങ്ങൾക്ക് ശേഷം ഒരു ഗ്രാന്റ് സ്‌ലാം ഇല്ലാത്ത വർഷം ആയിരുന്നു ഫെഡറർക്ക് 2011. ഓസ്‌ട്രേലിയൻ ഓപ്പൺ സെമിയിൽ ജ്യോക്കോവിച് ഫെഡറർക്ക് മുന്നിൽ ഒരിക്കൽ കൂടി വില്ലൻ ആയി.
എന്നാൽ ഫ്രഞ്ച് ഓപ്പൺ സെമിയിൽ ഫെഡറർ തിരിച്ചടിച്ചു. ജ്യോക്കോവിച്ചിന്റെ 43 മത്സരങ്ങളുടെ വിജയകുതിപ്പ് അവസാനിപ്പിച്ച ഫെഡറർ പക്ഷെ ഫൈനലിൽ നദാലിന് മുന്നിൽ ഒരിക്കൽ കൂടി വീണു. വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ കരിയറിൽ ആദ്യമായി ആദ്യ രണ്ടു സെറ്റ് നേടിയ ശേഷം ഗ്രാന്റ് സ്ളാമിൽ ഫെഡറർ ജോ-വിൽഫ്രയിഡ് സോങയോട് പരാജയപ്പെട്ടു. യു.എസ് ഓപ്പൺ സെമിഫൈനലിൽ കഴിഞ്ഞ വർഷത്തെ ആവർത്തനം ആണ് കാണാൻ ആയത്. സ്വന്തം സർവീസിൽ രണ്ടു മാച്ച് പോയിന്റുകൾ നഷ്ടമാക്കിയ ഫെഡറർ ആദ്യ രണ്ടു സെറ്റുകൾ നേടിയ ശേഷം ജ്യോക്കോവിചിന് മുന്നിൽ ഒരിക്കൽ കൂടി മത്സരം അടിയറവ് പറഞ്ഞു. 2002 നു ശേഷം ആ വർഷം ആദ്യമായി ആണ് ഫെഡറർ ഒരു ഗ്രാന്റ് സ്‌ലാം കിരീടം നേടാത്ത വർഷം ഉണ്ടാവുന്നത്. എ.ടി.പി ഫൈനൽസ്, പാരീസ് മാസ്റ്റേഴ്സ് കിരീടം നേടാൻ ആയെങ്കിലും വർഷാവസാനം റോജർ ജ്യോക്കോവിച്, നദാൽ എന്നിവർക്ക് പിറകിൽ മൂന്നാം റാങ്കിലേക്ക് പിന്തള്ളപ്പെട്ടു. 2012 ഫെഡററിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വർഷങ്ങളിൽ ഒന്നായിരുന്നു. ഓസ്‌ട്രേലിയൻ ഓപ്പൺ സെമിയിൽ നദാലിന് മുന്നിൽ വീണ ഫെഡറർ ആ വർഷം 3 മാസ്റ്റേഴ്സ് കിരീടങ്ങൾ ആണ് നേടിയത്. ഫ്രഞ്ച് ഓപ്പൺ സെമിയിൽ പക്ഷെ കഴിഞ്ഞ വർഷത്തെ ആവർത്തനത്തിൽ റോജർ ജ്യോക്കോവിചിന് മുന്നിൽ വീണു.
എന്നാൽ ഈ നിരാശ എല്ലാം ഫെഡറർ വിംബിൾഡൺ ഫൈനലിൽ തീർത്തു. ബ്രിട്ടീഷ് ചരിത്രം തേടിയിറങ്ങിയ മറെയെ നാലു സെറ്റ് പോരാട്ടത്തിൽ വീഴ്ത്തിയ ഫെഡറർ സാമ്പ്രസിന്റെ ആറു വിംബിൾഡൺ കിരീടങ്ങൾ എന്ന റെക്കോർഡ് നേട്ടത്തിന് ഒപ്പവും ലോക ഒന്നാം നമ്പർ പദവിയിലേക്കും തിരിച്ചെത്തി. നാലരമണിക്കൂർ നീണ്ട ഒളിമ്പിക് സെമിഫൈനൽ ഡെൽ പോർട്ടോയോട് ജയിച്ചു പിറ്റെ ദിവസം ഫൈനലിൽ ഇറങ്ങിയ റോജർ ഫൈനലിൽ ആന്റി മറെയോട് പരാജയപ്പെട്ടു ഒളിമ്പിക്സ് സിംഗിൾസ് വെള്ളി മെഡലിൽ തൃപ്തിപ്പെട്ടു. യു.എസ് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ വീണ റോജർ എ.ടി.പി ഫൈനൽസ് ഫൈനലിലും പരാജയപ്പെട്ടു. എങ്കിലും 300 ആഴ്ച ലോക ഒന്നാം നമ്പർ പദവിയിൽ ഫെഡറർ പൂർത്തിയാക്കി. പരിക്ക് വലക്കുന്ന സീസൺ ആണ് 2013 ൽ റോജറിനെ കാത്തിരുന്നത്. വിംബിൾഡൺ രണ്ടാം റൗണ്ടിൽ പുറത്തായ റോജർ നാലാം റാങ്കിലേക്ക് പിന്തള്ളപ്പെട്ടു. തുടർച്ചയായ 36 തവണ ഗ്രാന്റ് സ്‌ലാം ക്വാർട്ടർ ഫൈനലുകളിൽ എത്തിയ ശേഷമാണ് അത്രക്ക് വലിയ തോൽവി ഫെഡറർ നേരിട്ടത്. ബാക് ഇഞ്ച്വറി അടക്കം ഈ സമയങ്ങളിൽ റോജറിനെ വലക്കുന്നുണ്ട്. കരിയറിൽ ആദ്യമായി റാക്കറ്റ് മാറ്റി പരീക്ഷിച്ച റോജർ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ 2014 എത്തിയെങ്കിലും നദാലിന് മുന്നിൽ വീണു. തുടർച്ചയായ 11 മത്തെ തവണയാണ് ഫെഡറർ ഓസ്‌ട്രേലിയൻ ഓപ്പൺ സെമിഫൈനലിൽ എത്തുന്നത്. വിംബിൾഡണിൽ റെക്കോർഡ് ഒമ്പതാം തവണ ഫൈനലിൽ എത്താൻ ഫെഡറർക്ക് ആയെങ്കിലും 5 സെറ്റ് നീണ്ട മറ്റൊരു ക്ലാസിക് മത്സരത്തിന് ഒടുവിൽ ഫെഡറർ ജ്യോക്കോവിചിന് മുന്നിൽ വീണു. യു.എസ് ഓപ്പൺ സെമിഫൈനലിൽ പിന്നീട് ചാമ്പ്യൻ ആയ മാരിൻ ചിലിചിനോട് റോജർ വീണു. ബാക് ഇഞ്ച്വറി കാരണം എ.ടി.പി ഫൈനൽസ് ഫൈനലിൽ നിന്നു പിന്മാറിയ റോജർ പക്ഷെ പരിക്ക് വക വക്കാതെ ഡേവിസ് കപ്പ് ഫൈനൽ കളിക്കാൻ ഇറങ്ങി.
ഫ്രാൻസിന്റെ റിച്ചാർഡ് ഗാസ്ഗറ്റിനെ തോൽപ്പിച്ച ഫെഡറർ ചരിത്രത്തിൽ ആദ്യമായി സ്വിസർലാന്റിന് ഡേവിസ് കപ്പ് കിരീടം സമ്മാനിച്ചു. പരിക്കുകൾ അലട്ടുന്ന ഫെഡററും മികവ് തുടരുന്ന നദാലും ജ്യോക്കോവിച്ചും ആയിരുന്നു 2015 ലെയും കാഴ്ച. 1000 ജയം കുറിച്ച ഫെഡറർ ഓപ്പൺ യുഗത്തിൽ 1000 ജയങ്ങൾ കുറിക്കുന്ന മൂന്നാമത്തെ മാത്രം താരമായി. ഒപ്പം തുടർച്ചയായ 15 മത്തെ സീസണിലും കിരീടം നേടിയ ഫെഡറർ അത്തരം നേട്ടം ഓപ്പൺ യുഗത്തിൽ കൈവരിക്കുന്ന ആദ്യ താരവും ആയി മാറി. പത്താം വിംബിൾഡൺ ഫൈനലിൽ ജ്യോക്കോവിച്ചിന് മുന്നിൽ വീണ റോജർ യു.എസ് ഓപ്പൺ ഫൈനലിലും സെർബിയൻ താരത്തിന്റെ ചെറുപ്പത്തിനു മുന്നിൽ കീഴടങ്ങി. 2016 ൽ പരിക്കുകൾ കരിയർ അവസാനിപ്പിക്കും എന്ന നിലക്ക് വരെ ഫെഡററെ വേട്ടയാടി. ഓസ്‌ട്രേലിയൻ ഓപ്പൺ സെമിയിൽ എത്തിയെങ്കിലും ജ്യോക്കോവിചിന് എതിരായ മത്സരത്തിന് ഇടയിൽ കാൽ മുട്ടിനു ഏറ്റ പരിക്ക് റോജറിന് വലിയ വെല്ലുവിളിയായി. തുടർന്ന് കാൽ മുട്ടിനു ശസ്ത്രക്രിയക്ക് ഫെഡറർ വിധേയമായി. തിരിച്ചു വരവ് ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ 2016 ഫ്രഞ്ച് ഓപ്പണിൽ നിന്നു ഫെഡറർ പിന്മാറി. 2000 ഓസ്‌ട്രേലിയൻ ഓപ്പൺ മുതൽ 65 ഗ്രാന്റ് സ്‌ലാമുകളിൽ കളിച്ച ഫെഡറർ ഇല്ലാത്ത ആദ്യ ഗ്രാന്റ് സ്‌ലാം ടൂർണമെന്റ് ആയി ആ വർഷത്തെ ഫ്രഞ്ച് ഓപ്പൺ. വിംബിൾഡണിൽ റെക്കോർഡ് 11 മത്തെ തവണ ഫെഡറർ സെമിഫൈനലിൽ എത്തി. എന്നാൽ അഞ്ച് സെറ്റ് പോരാട്ടത്തിനു ഒടുവിൽ ഫെഡറർ കീഴടങ്ങി. അഞ്ചാം സെറ്റിൽ മുട്ടിനു പരിക്കേറ്റതോടെ ഫെഡററുടെ കരിയറിന് അന്ത്യം ആവുമോ എന്നു പോലും ആളുകൾ സംശയിച്ച നാളുകൾ ആയിരുന്നു ഇവ. 2016 ഒളിമ്പിക്സിൽ നിന്നും ഫെഡറർ പിന്മാറി.
2000 ത്തിന് ശേഷം ആദ്യമായി ഫെഡറർ ഒരു കിരീടം പോലും നേടാത്ത വർഷം ആയിരുന്നു 2016. 14 വർഷങ്ങൾക്ക് ശേഷം റാങ്കിംഗിൽ ആദ്യ പത്തിൽ നിന്നും റോജർ പുറത്തായി. നാലു വർഷം ഗ്രാന്റ് സ്‌ലാം കിരീടങ്ങളും നേടാൻ ആവാത്ത റോജർ ഫെഡറർ ഇനിയൊരു പ്രധാന കിരീടം നേടില്ലെന്നും താരം വിരമിക്കണം എന്നും ഉള്ള അഭിപ്രായങ്ങൾ ആളുകൾ പരസ്യമാക്കിയ കാലം ആയിരുന്നു ഇത്. 17 റാങ്കുകാരൻ ആയി ഓസ്‌ട്രേലിയ കാണാൻ കുടുംബവും ആയി 2017 ഓസ്‌ട്രേലിയൻ ഓപ്പണിൽ എത്തിയത് ആയി ആണ് താൻ പോലും കരുതിയത് എന്നു ഫെഡറർ പിന്നീട് പറഞ്ഞ ആ ഓസ്‌ട്രേലിയൻ ഓപ്പണിൽ ഒരാൾ പോലും വയസ്സനായ ഫെഡറർക്ക് സാധ്യത കൽപ്പിച്ചില്ല. ആദ്യ പത്തിൽ ഉള്ള താരങ്ങളെ മറികടന്നു സെമിഫൈനലിൽ എത്തിയ ഫെഡറർ 1991 ലെ ജിമ്മി കോണോർസിന് ശേഷം ഒരു ഗ്രാന്റ് സ്‌ലാം സെമിഫൈനലിൽ എത്തിയ ഏറ്റവും പ്രായം കൂടിയ താരമായി. വാവറിങ്കയെ 5 സെറ്റ് പോരാട്ടത്തിൽ മറികടന്ന ഫെഡറർ 1974 നു ശേഷം ഒരു ഗ്രാന്റ് സ്‌ലാം ഫൈനലിൽ എത്തുന്ന ഏറ്റവും പ്രായം കൂടിയ താരവും ആയി മാറി. ഫൈനലിൽ എതിരാളിയായി റാഫേൽ നദാൽ വന്നപ്പോൾ ടെന്നീസ് ലോകം എന്നല്ല ലോകം മുഴുവൻ ആ മത്സരത്തിനായി ഉറ്റു നോക്കി. തന്റെ നൂറാം ഓസ്‌ട്രേലിയൻ ഓപ്പൺ മത്സരത്തിൽ 5 സെറ്റ് നീണ്ട മറ്റൊരു ഇതിഹാസ മത്സരത്തിൽ ഫെഡറർ നദാലിനെ തോൽപ്പിച്ചു തന്റെ പതിനെട്ടാം ഗ്രാന്റ് സ്‌ലാം കിരീടം ഉയർത്തി. 2007 വിംബിൾഡൺ ഫൈനലിന് ശേഷം ഇത് ആദ്യമായി ആയിരുന്നു ഫെഡറർ നദാലിനെ ഗ്രാന്റ് സ്‌ലാം വേദിയിൽ തോൽപ്പിക്കുന്നത്. പിന്നാലെ ലോക റാങ്കിങിൽ ആദ്യ പത്തിൽ എത്താനും ഫെഡറർക്ക് ആയി. തുടർന്ന് മിയാമി ഓപ്പൺ, ഇന്ത്യൻ വെൽസ് എന്നിവയിലും നദാലിനെ തോൽപ്പിക്കുന്ന ഫെഡറർ ഇവിടെ രണ്ടിടത്തും കിരീടവും നേടുന്നുണ്ട്.
കിരീടം എന്ന ലക്ഷ്യം മുന്നിൽ കണ്ട ഫെഡറർ ഈ സീസണിൽ കളിമണ്ണ് സീസൺ ഒഴിവാക്കി ആണ് വിംബിൾഡണിൽ എത്തുന്നത്. ഒരു സെറ്റ് പോലും കൈവിടാതെ റോജർ ചിലിചിനെ മറികടന്നു വിംബിൾഡൺ കിരീടം ഉയർത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. 1976 ൽ ബോർഗിന് ശേഷം ഒരു സെറ്റ് പോലും കൈവിടാതെ വിംബിൾഡൺ നേടുന്ന ആദ്യ താരമായി റോജർ ഇതോടെ. ഓപ്പൺ യുഗത്തിൽ വിംബിൾഡൺ നേടുന്ന ഏറ്റവും പ്രായം കൂടിയ താരവും ആയി മാറി ഫെഡറർ. യു.എസ് ഓപ്പണിൽ ക്വാർട്ടർ ഫൈനലിൽ നിരാശപ്പെട്ടെങ്കിലും ആദ്യ 3 റാങ്കിൽ ഫെഡറർ എത്തി. ലേവർ കപ്പ് എന്ന ആശയം പ്രാവർത്തികമാക്കാൻ മുന്നിൽ നിന്ന ഫെഡറർ ആദ്യ ലേവർ കപ്പിൽ സിംഗിൾസിൽ രണ്ടു ജയങ്ങളും ആയി ടീം യൂറോപ്പിന്റെ ജയം ഉറപ്പിച്ചു. ഡബിൾസിൽ തന്റെ ദീർഘകാല ശത്രു നദാലും ഒന്നിച്ചു ഡബിൾസ് കളിക്കാൻ ഫെഡറർ ഇറങ്ങിയപ്പോൾ ടെന്നീസ് ലോകത്തിന് അത് വലിയ വിരുന്ന് ആയി. ആ മത്സരം ഇതിഹാസ താരങ്ങൾ ജയിക്കുകയും ചെയ്തിരുന്നു. ഷാങ്ഹായ് മാസ്റ്റേഴ്സ് ഫൈനലിൽ നദാലിനെ തോൽപ്പിച്ചു കിരീടം നേടുന്ന ഫെഡറർ നദാലിന് എതിരെ തുടർച്ചയായ അഞ്ചാം ജയം ആണ് കുറിച്ചത്. 2018 ൽ ഒരിക്കൽ കൂടി ഓസ്‌ട്രേലിയൻ ഓപ്പണിൽ ഫെഡറർ തന്റെ ക്ലാസ് അടയാളപ്പെടുത്തി. ഒരു സെറ്റ് പോലും വഴങ്ങാതെ ഫൈനലിൽ എത്തിയ 36 കാരനായ ഫെഡറർ ഫൈനലിൽ ചിലിചിനെ അടങ്ങാത്ത പോരാട്ടവീര്യത്തോടെ 5 സെറ്റ് പോരാട്ടത്തിൽ തോൽപ്പിച്ചു കിരീടം ഉയർത്തി.
ചരിത്രത്തിൽ ആദ്യമായി 20 ഗ്രാന്റ് സ്‌ലാം കിരീടങ്ങൾ നേടുന്ന താരമായ ഫെഡറർ 2008 നു ശേഷം ആദ്യമായി ഒരു ഗ്രാന്റ് സ്‌ലാം കിരീടം നിലനിർത്തുകയും ചെയ്തു. ഈ വർഷം 36 വയസ്സും 195 ദിവസവും പ്രായമുള്ളപ്പോൾ ലോക ഒന്നാം നമ്പർ റാങ്കിൽ എത്തിയ ഫെഡറർ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ലോക ഒന്നാം നമ്പർ താരമായി മാറി. വിംബിൾഡൺ കിരീടം നിലനിർത്താൻ ഇറങ്ങിയ ഫെഡറർ പക്ഷെ ക്വാർട്ടർ ഫൈനലിൽ കെവിൻ ആന്റേഴ്‌സനോട് പരാജയപ്പെട്ടു. യു.എസ് ഓപ്പണിൽ നാലാം റൗണ്ടിൽ പുറത്തായ ഫെഡറർ ലേവർ കപ്പ് നേടാൻ ടീം യൂറോപ്പിനെ സഹായിക്കുന്നുണ്ട്. കരിയറിൽ ആദ്യമായി ജ്യോക്കോവിചിന് ഒപ്പം ഡബിൾസ് മത്സരത്തിൽ ഫെഡറർ പങ്കാളിയും ആവുന്നുണ്ട് ഇവിടെ. 2019 ൽ ഓസ്‌ട്രേലിയൻ ഓപ്പൺ നാലാം റൗണ്ടിൽ നാലു സെറ്റ് കടുത്ത പോരാട്ടത്തിൽ പക്ഷെ ഫെഡറർ സിറ്റിപാസിനു മുന്നിൽ വീണു. 12 ബ്രേക്ക് പോയിന്റുകളിൽ ഒന്നു പോലും മുതലാക്കാൻ സാധിക്കാത്ത ഫെഡറർ ഒരു അവിശ്വസനീയ കാഴ്ച ആയിരുന്നു. വിരമിക്കൂ എന്ന മുറവിളിക്ക് ഇടയിൽ ഫെഡറർ 2016 നു ശേഷം ആദ്യമായി കളിമണ്ണ് സീസൺ കളിക്കും എന്നു ഫെഡറർ പ്രഖ്യാപിച്ചു. ദുബായ് ഓപ്പണിൽ സിറ്റിപാസിനോട് പ്രതികാരം ചെയ്തു എട്ടാം ദുബായ് ഓപ്പൺ കിരീടം ചൂടിയ ഫെഡറർ കരിയറിൽ നൂറാം കിരീടവും കുറിച്ചു. ജിമ്മി കോണോർസിന് ശേഷം 100 കിരീടങ്ങൾ കരിയറിൽ നേടുന്ന രണ്ടാമത്തെ മാത്രം താരമായും ഇതോടെ ഫെഡറർ മാറി.
മിയാമി ഓപ്പൺ കിരീടം നേടിയ ഫെഡറർ കരിയറിൽ തന്റെ 28 മത്തെ മാസ്റ്റേഴ്സ് കിരീടവും സ്വന്തം പേരിലാക്കി. മാഡ്രിഡ് ഓപ്പണിൽ കരിയറിലെ 1200 മത്തെ ജയം കുറിച്ച ഫെഡറർ ഇറ്റാലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനലിൽ കാലിനു ഏറ്റ പരിക്ക് കാരണം പിന്മാറി. എല്ലാവരും എഴുതി തള്ളിയ ഫെഡറർ ഫ്രഞ്ച് ഓപ്പണിൽ ഞെട്ടിക്കുന്നത് ആണ് പിന്നീട് കാണാൻ ആയത്. നേരിട്ടുള്ള സെറ്റുകൾക്ക് നാലു മത്സരവും ജയിച്ചു ക്വാർട്ടർ ഫൈനലിൽ എത്തിയ ഫെഡറർ ക്വാർട്ടർ ഫൈനലിൽ വാവറിങ്കയെ മൂന്നര മണിക്കൂർ നീണ്ട നാലു സെറ്റ് പോരാട്ടത്തിൽ വീഴ്ത്തി 2012 നു ശേഷം ആദ്യമായി ഫ്രഞ്ച് ഓപ്പൺ സെമിഫൈനലിൽ എത്തി. എന്നാൽ സെമിയിൽ കളിമണ്ണ് കോർട്ടിലെ രാജാവിന് മുന്നിൽ ഒരിക്കൽ കൂടി ഫെഡറർ പരാജയം സമ്മതിച്ചു. വിംബിൾഡൺ ജയിക്കാൻ ഉറച്ചു എത്തിയ ഫെഡററെ ആണ് സെന്റർ കോർട്ട് കണ്ടത്. അനായാസം സെമിഫൈനലിൽ എത്തിയ ഫെഡറർ സെമിയിൽ നദാലിനോട് ഫ്രഞ്ച് ഓപ്പണിലെ തോൽവിക്ക് പ്രതികാരം ചെയ്തു. 2008 ലെ ഇതിഹാസ ഫൈനലിന് ശേഷം വിംബിൾഡൺ സെന്റർ കോർട്ടിലെ പുൽ മൈതാനത്ത് ഫെഡറർ, നദാൽ പോരാട്ടം വന്നപ്പോൾ ലോകം ഒരിക്കൽ കൂടി അവിടേക്ക് ചുരുങ്ങി. നാലു സെറ്റ് പോരാട്ടം ജയിച്ചു ഫെഡറർ റെക്കോർഡ് 12 മത്തെ വിംബിൾഡൺ ഫൈനലിലേക്ക് യോഗ്യത നേടി.
37 മത്തെ വയസ്സിൽ അവിശ്വസനീയം ആയി കളിക്കുന്ന ഫെഡററെ ആണ് ഫൈനലിൽ നൊവാക് ജ്യോക്കോവിചിന് എതിരെ കാണാൻ ആയത്. അഞ്ചാം സെറ്റിൽ ലഭിച്ച രണ്ടു മാച്ച് പോയിന്റുകൾ കൈവിട്ട ഫെഡറർ 5 മണിക്കൂറിൽ ഏറെ നീണ്ട പോരാട്ടം 12 ഗെയിമുകൾ അടങ്ങിയ ടൈബ്രേക്കറിൽ ആണ് കൈവിട്ടത്. ഏതൊരു ഫെഡറർ ആരാധകന്റെയും ഹൃദയം തകർക്കുന്ന പരാജയം ആയിരുന്നു അത്. ജയിച്ചു എന്ന കളി സ്വന്തം സർവീസിൽ മാച്ച് പോയിന്റുകൾ നഷ്ടമാക്കി ഫെഡറർ പാഴാക്കിയത് ഹൃദയം പിളർത്തുന്ന കാഴ്ചയായി. യു.എസ് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ 2-1 നു മുന്നിട്ട് നിന്ന ശേഷം 5 സെറ്റിൽ മത്സരം ഗ്രിഗോർ ദിമിത്രോവിനു എതിരെ കൈവിടുന്ന ഫെഡററെയും ഈ വർഷം കാണാൻ ആയി. പത്താം സ്വിസ് ഇൻഡോർ കിരീടം നേടിയ ഫെഡറർ എ.ടി.പി ഫൈനൽസ് ഗ്രൂപ്പ് ഘട്ടത്തിൽ ജ്യോക്കോവിചിനെ തോൽപ്പിച്ചു എങ്കിലും സെമിയിൽ പരാജയപ്പെട്ടു. 2020 ഓസ്‌ട്രേലിയൻ ഓപ്പൺ സെമിഫൈനലിൽ ഫെഡറർ എത്തിയത് നീളം കൂടിയ മത്സരങ്ങൾ കളിച്ചു തന്നെ ആയിരുന്നു. ക്വാർട്ടർ ഫൈനലിൽ ടെന്നിസ് സാന്റ്ഗ്രനു എതിരെ 7 മാച്ച് പോയിന്റുകൾ ആണ് ഫെഡറർ രക്ഷിച്ചത്. ഒടുവിൽ അഞ്ചു സെറ്റ് പോരാട്ടത്തിൽ താരത്തെ വീഴ്ത്തി ഫെഡറർ സെമിയിൽ എത്തി. എന്നാൽ നേരിട്ടുള്ള സെറ്റുകൾക്ക് ഫെഡറർ ജ്യോക്കോവിചിനോട് വീണു. ടൂർണമെന്റിൽ പറ്റിയ ഗ്രോയിൻ ഇഞ്ച്വറി ഫെഡറർക്ക് വലിയ തിരിച്ചടി സമ്മാനിച്ചു. തുടർന്ന് ശസ്ത്രക്രിയക്ക് പിറകെ ശസ്ത്രക്രിയകൾക്ക് ഫെഡറർ വിധേയമായി. തുടർന്ന് ആ സീസണിൽ നിന്നു പിന്മാറിയ ഫെഡറർ 2021 ൽ തിരിച്ചു വരും എന്ന് പ്രഖ്യാപിച്ചു.
2021 ലെ ഓസ്‌ട്രേലിയൻ ഓപ്പണിൽ തിരിച്ചു വരാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഖത്തർ ഓപ്പണിൽ തിരിച്ചു വന്നു. ആദ്യ മത്സരത്തിൽ ജയിച്ച ഫെഡറർ രണ്ടാം മത്സരത്തിൽ പരാജയപ്പെട്ടു. വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ എത്തിയ 39 കാരനായ ഫെഡറർ ഓപ്പൺ യുഗത്തിൽ വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ എത്തുന്ന ഏറ്റവും പ്രായം കൂടിയ താരമായി മാറി. എന്നാൽ ക്വാർട്ടർ ഫൈനലിൽ ഉമ്പർട്ട് ഹുർകാഷിനു മുന്നിൽ ഹൃദയഭേദക പരാജയം ആണ് ഫെഡറർ ഏറ്റുവാങ്ങിയത്. 19 വർഷത്തിന് ഇടയിൽ ആദ്യമായി വിംബിൾഡൺ മത്സരം നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെട്ട ഫെഡറർ അവസാന സെറ്റ് 6-0 നു ആണ് കൈവിട്ടത്. സെന്റർ കോർട്ടിലെ ആരാധകർ ഒരു തരം അവിശ്വസനീയതോടെ തന്നെയാണ് ഫെഡററിന്റെ ഈ വീഴ്ച കണ്ടിരുന്നത്. ഫെഡറർ ആരാധകർക്ക് ആവട്ടെ അത് ഓർത്തിരിക്കാൻ ഇഷ്ടപ്പെടാത്ത സങ്കടകാഴ്ചയായി. തുടർന്ന് ഒരിക്കൽ കൂടി മുട്ടിനു ശസ്ത്രക്രിയക്ക് വിധേയമായ ഫെഡറർ പക്ഷെ വിരമിക്കില്ല എന്നു ആവർത്തിച്ചു. 2022 ൽ തിരിച്ചു വരാൻ എല്ലാ ശ്രമവും നടത്തുമെന്ന് യു.എസ് ഓപ്പണിൽ നിന്നു പിന്മാറിയ ശേഷം ഫെഡറർ പ്രഖ്യാപിച്ചു. എന്നാൽ അതിനു ശേഷം ഒരു മത്സരവും കളിക്കാൻ ഫെഡറർക്ക് ആയില്ല. ഒടുവിൽ ആണ് വരുന്ന ലേവർ കപ്പിന് ശേഷം താൻ വിരമിക്കും എന്ന പ്രഖ്യാപനം ഫെഡററിൽ നിന്നു ഉണ്ടാവുന്നത്.
പ്രതീക്ഷിച്ചത് തന്നെയാണ് ഈ വിരമിക്കൽ എങ്കിലും ഇത് അവശേഷിപ്പിപ്പിക്കുന്ന ശൂന്യത ഭയങ്കരം തന്നെയാണ്. വളർന്ന കാലത്ത് എന്നും എങ്ങോ ലോകത്ത് റോജർ ഫെഡറർ ടെന്നീസ് കളിച്ചിരുന്നു എന്നത്, അത് കാണുന്നത്, അത് അറിയുന്നത് ജീവിതത്തിലെ തന്നെ പ്രധാന കാര്യങ്ങളിൽ ഒന്നായിരുന്നു. ഓരോ വർഷവും അയാൾക്ക് പ്രായമേറുന്നത് ആശങ്കയോടെ കണ്ടത് ഈ ദിനം എന്നെങ്കിലും വരും എന്ന പേടിയോടെ ആണ്. ഏറ്റവും കൂടുതൽ ആഴ്ച(237) തുടർച്ചയായി ലോക ഒന്നാം നമ്പർ ആയി തുടർന്ന താരം, ഏറ്റവും പ്രായം കൂടിയ ലോക ഒന്നാം നമ്പർ, ഒരു വർഷം തന്നെ 3 തവണ നാലു ഗ്രാന്റ് സ്‌ലാം ഫൈനലുകളിലും എത്തിയ ഏക താരം, തുടർച്ചയായി ഏറ്റവും കൂടുതൽ തവണ ഗ്രാന്റ് സ്‌ലാം സെമിഫൈനൽ, ക്വാർട്ടർ ഫൈനൽ എന്നിവയിൽ എത്തിയ താരം, ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിംബിൾഡൺ(8) കിരീടങ്ങൾ നേടിയ താരം, 6 വേൾഡ് ടൂർ കിരീടങ്ങൾ ഇവയൊക്കെ ഇന്നും ഫെഡറർ സൂക്ഷിക്കുന്ന റെക്കോർഡുകൾ ആണ്. 103 കരിയർ കിരീടങ്ങളും, 20 ഗ്രാന്റ് സ്‌ലാം കിരീടങ്ങളും, 28 മാസ്റ്റേഴ്സ് കിരീടങ്ങളും, ഡേവിസ് കപ്പും, ഒളിമ്പിക് സ്വർണവും(ഡബിൾസ്) അടക്കം നേട്ടങ്ങൾ പറയാൻ ഒരുപാട് ഉണ്ട് ഫെഡറർ എന്ന ഇതിഹാസത്തിന്.
ഫെഡററുടെ പല നേട്ടങ്ങളും പിറകിൽ വന്ന നദാലും ജ്യോക്കോവിചും തകർക്കുന്നത് ദേഷ്യത്തോടെ സങ്കടത്തോടെ മാത്രമേ നോക്കി നിൽക്കാൻ ആയിട്ടുള്ളു. അവരോട് ബഹുമാനം സൂക്ഷിക്കുന്ന സമയത്തും ഫെഡററോടുള്ള ഇഷ്ടം കാരണം അത് നീരസം ആയാണ് പുറത്ത് വരിക. ഇനിയും ചിലപ്പോൾ ഫെഡറർ സൂക്ഷിച്ച പല റെക്കോർഡുകളും തകരുമായിരിക്കും. എന്നാൽ ഏത് നമ്പറുകൾക്കും അപ്പുറം തന്നെയാണ് ഫെഡററുടെ സ്ഥാനം. ആ സർവീസുകളുടെ പെർഫെക്ഷൻ, ആ ഫോർഹാന്റിന്റെ മനോഹാരിത, പലപ്പോഴും പിറക്കുന്ന ആ ഡ്രോപ്പ് ഷോട്ടുകളുടെ കൃത്യത, ബാക് ഹാന്റ്, ഫോർ ഹാന്റ് സ്ലൈസുകൾ ആ കളിക്ക് നൽകുന്ന ഭംഗി, പലപ്പോഴും വിശ്വസിക്കാൻ പിന്നീട് ഒരിക്കൽ കാണേണ്ടി വരുന്ന അവിശ്വസനീയ ഷോട്ടുകൾ ഇതൊക്കെ ഏത് നമ്പറിൽ ആണ് നിങ്ങൾക്ക് കാണാൻ ആവുക. അയാളുടെ മാന്ത്രിക ചലനങ്ങൾസ് അയാളുടെ ആ അനായാസ ടെന്നീസ്, അയാളുടെ ആ അത്രമേൽ സൗന്ദര്യം തുളുമ്പുന്ന ടെന്നീസ് നിങ്ങൾക്ക് ഏത് കണക്ക് പുസ്തകത്തിൽ ആണ് കാണാൻ ആവുക?
റോജർ ഫെഡററെ കണ്ടു വളർന്ന കുട്ടിക്കാലം ഉള്ള അയാളുടെ ടെന്നീസിന് ഒപ്പം വളർന്ന ഈ മനുഷ്യന് അയാൾക്ക് മേലേക്ക് ഒരു താരത്തെയും കാണാൻ ആവില്ല ഒരിക്കലും. ഇനിയൊരാൾ റെക്കോർഡ് പുസ്തകങ്ങൾ തകർത്തു മുന്നേറുമ്പോഴും ചോദ്യം നിങ്ങളുടെ ടെന്നീസ് അത് ഫെഡററിന്റെ മാന്ത്രികതക്ക് മനോഹാരിതക്ക് ഒപ്പം എത്തുന്നുണ്ടോ എന്നതിനു മാത്രം ആയിരിക്കും. വിട പറയുന്ന സമയത്ത് ഫെഡററോട് പറയേണ്ടത് നന്ദിയാണ്. ഈ കളിയെ പരിചയപ്പെടുത്തിയതിൽ, ഈ കളിയുടെ ആരാധകൻ ആക്കി മാറ്റിയതിൽ ഒക്കെ നിങ്ങളോട് മാത്രം ആണ് നന്ദി പറയാനുള്ളത്. നിങ്ങളുടെ ഓരോ സന്തോഷവും എന്റെ സന്തോഷങ്ങൾ ആയിരുന്നു, നിങ്ങളുടെ ഓരോ സങ്കടവും എന്റെ സങ്കടങ്ങൾ ആയിരുന്നു, ജീവിതത്തിലെ ഏറ്റവും ദുഖകരമായ പല നിമിഷങ്ങളും അതിജീവിച്ചത് നിങ്ങൾ ടെന്നീസ് കളിച്ചത് കൊണ്ടു മാത്രം ആണ്, അതിനാൽ തന്നെ ജീവിതത്തിനോട് പോലും നിങ്ങളോട് എനിക്ക് കടപ്പാടുണ്ട്. നിങ്ങളുടെ വിജയങ്ങൾ പോലെ പരാജയവും ജീവിതത്തിന്റെ ഭാഗം ആയിരുന്നു. എല്ലാറ്റിനും നന്ദിയുണ്ട് ഫെഡറർ, വിംബിൾഡണിൽ സെന്റർ കോർട്ടിൽ വെള്ള അണിഞ്ഞു നിൽക്കുന്ന നിങ്ങളെക്കാൾ മനോഹരമായ ഒന്നും സ്പോർട്സിൽ ഇല്ല എന്നു കരുതുന്നു. എണ്ണിയാൽ ഒടുങ്ങാത്ത അനുഭവങ്ങൾ ആണ് നിങ്ങൾ എനിക്ക് ഞങ്ങൾക്ക് സമ്മാനിച്ചത് എങ്കിലും എന്നെന്നും ഞാൻ ആ ഓസ്‌ട്രേലിയൻ ഓപ്പൺ ജയം ഹൃദയത്തിൽ പ്രത്യേകം സൂക്ഷിക്കും. നദാലിനെ തോൽപ്പിച്ചു കൊണ്ടു കണ്ണീർ അണിഞ്ഞു ആർത്തു വിളിച്ച നിങ്ങളുടെ മുഖം ആണ്, ആ മുഖം ആണ് എന്നും എന്റെ മനസ്സിൽ നിങ്ങൾ എന്നു കേട്ടാൽ ആദ്യം ഓടി വരിക. ഏറ്റവും പ്രിയപ്പെട്ട ഒരിക്കലും വിലമതിക്കാൻ ആവാത്ത വലിയ പിറന്നാൾ സമ്മാനം ആയി ഞാൻ അതെന്നും ഹൃദയത്തിൽ സൂക്ഷിക്കും. എല്ലാ ഓർമ്മകൾക്കും എല്ലാറ്റിനും നന്ദി റോജർ ഫെഡറർ.