ലോക റോഡ് സുരക്ഷാ സീരീസിൽ ഇന്ത്യൻ ഇതിഹാസങ്ങൾക്ക് ഗംഭീര വിജയം. ഇന്ന് ബംഗ്ലാദേശ് ഇതിഹാസങ്ങളെ നേരിട്ട ഇന്ത്യൻ ഇതിഹാസങ്ങൾ പത്ത് വിക്കറ്റ് വിജയമാണ് നേടിയത്. വീരേന്ദർ സെവാഗിന്റെ വെടിക്കെട്ട് പ്രകടനം ആണ് ഇന്ത്യൻ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത്. സെവാഗും സച്ചിനും ചേർന്ന് അടിച്ചു തകർത്ത് ഓപ്പണിങ് വിക്കറ്റിൽ തന്നെ ഇന്ത്യ വിജയം സ്വന്തമാക്കി.
ഇന്ന് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് 109 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ. അപ്പോഴേക്ക് ഇന്ത്യൻ ബൗളർമാർ അവരെ എറിഞ്ഞു വീഴ്ത്തി. ഇന്ത്യക്ക് വേണ്ടി യുവരാജ് സിങ്, വിനയ് കുമാർ, പ്രഖ്യാൻ ഓഹ്ജ എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. ഗോണിയും യൂസുഫ് പഠാനും ഒരു വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യൻ ഓപ്പണർമാർ തുടക്കം മുതൽ ആക്രമിച്ചാണ് കളിച്ചത്. 10.1 ഓവറിൽ വിജയ ലക്ഷ്യമായ 110 മറികടക്കാൻ ഇന്ത്യക്ക് ആയി. സച്ചിനും സേവാഗും അവരുടെ പ്രതാപ കാലത്തെ ഓർമ്മിപ്പിക്കുന്ന രീതിയിൽ ബാറ്റു ചെയ്തു. സെവാഗാണ് കൂടുതൽ ആക്രമിച്ചു കളിച്ചത്. 35പന്തിൽ 80 റൺസാണ് സെവാഗ് അടിച്ചു കൂട്ടിയത്. അഞ്ചു സിക്സും ആറ് ഫോറും ഇതിൽ ഉൾപ്പെടുന്നു. മറുവശത്ത് സച്ചിൻ 26 പന്തിൽ 33 റൺസ് അടിച്ച് സെവാഗിന് വലിയ പിന്തുണ നൽകി. 5 മനോഹര ബൗണ്ടറികൾ സച്ചിന്റെ ഇന്നിങ്സിൽ ഉണ്ടായിരുന്നു.