കളി കൈവിട്ട് സ്റ്റാര്‍സ്, എട്ടാം സീസണില്‍ കിരീടവുമായി റെനഗേഡ്സ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

വിക്കറ്റ് നഷ്ടമില്ലാതെ 93 റണ്‍സിനു അതിനു ശേഷം ഏഴ് വിക്കറ്റുകളും കളിയും നഷ്ടപ്പെടുത്തി മെല്‍ബേണ്‍ സ്റ്റാര്‍സ്. 13 റണ്‍സിന്റെ വിജയത്തോടെ ബിഗ് ബാഷ് എട്ടാം സീസണ്‍ കിരീടം മെല്‍ബേണ്‍ റെനഗേഡ്സ് സ്വന്തമാക്കിയപ്പോള്‍ സ്വന്തമാക്കിയ കളിയാണ് മെല്‍ബേണ്‍ സ്റ്റാര്‍സ് നഷ്ടമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത റെനഗേഡ്സ് 145/5 എന്ന സ്കോര്‍ മാത്രം നേടിയപ്പോള്‍ മെല്‍ബേണ്‍ സ്റ്റാര്‍സിനു 20 ഓവറില്‍ നിന്ന് 132/7 എന്ന സ്കോര്‍ മാത്രമേ നേടിയുള്ളു.

ആറാം വിക്കറ്റില്‍ ടോം കൂപ്പര്‍(43*)-ഡാനിയേല്‍ ക്രിസ്റ്റ്യന്‍(38*) കൂട്ടുകെട്ടാണ് 145 റണ്‍സിലേക്ക് റെനഗേഡ്സിനെ നയിച്ചത്. 65/5 എന്ന നിലയില്‍ വീണ ടീമിനു വേണ്ടി 80 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. സ്റ്റാര്‍സിനു വേണ്ടി 2 വീതം വിക്കറ്റുമായി ആഡം സംപയും ജാക്സണ്‍ ബേര്‍ഡുമാണ് തിളങ്ങിയത്.

മറുപടി ലക്ഷ്യം തേടിയിറങ്ങിയ സ്റ്റാര്‍സിനു മികച്ച തുടക്കമാണ് ബെന്‍ ഡങ്കും മാര്‍ക്കസ് സ്റ്റോയിനിസും നല്‍കിയത്. 13 ഓവറില്‍ 93 റണ്‍സ് നേടിയ കൂട്ടുകെട്ടില്‍ 38 റണ്‍സ് നേടിയ സ്റ്റോയിനിസ് ആണ് ആദ്യം പുറത്തായത്. അപ്പോള്‍ ലക്ഷ്യം 42 പന്തില്‍ നിന്ന് 53 റണ്‍സായിരുന്നു. കൈവശം 9 വിക്കറ്റും .എന്നാല്‍ പിന്നീട് ക്രിസ് ട്രെമൈനും ഡാനിയേല്‍ ക്രിസ്റ്റ്യനും കാമറൂണ്‍ ബോയസും വിക്കറ്റുകളുമായി സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ സ്റ്റാര്‍സ് തകരുകയായിരുന്നു.

അടുത്തടുത്ത പന്തുകളില്‍ ബെന്‍ ഡങ്കിനെയും ഗ്ലെന്‍ മാക്സ്വലിനെയും നഷ്ടമായ സ്റ്റാര്‍സ് 93/0 എന്ന നിലയില്‍ നിന്ന് 99/4 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. പിന്നീട് ഒരു തിരിച്ചുവരവ് ടീമിനു സാധ്യമായില്ല. 57 റണ്‍സ് നേടിയ ബെന്‍ ഡങ്ക് ആണ് സ്റ്റാര്‍സിന്റെ ടോപ് സ്കോറര്‍. അവസാനം 10 പന്തില്‍ 17 റണ്‍സുമായി ആഡം സംപ പുറത്താകാതെ പൊരുതിയെങ്കിലും ലക്ഷ്യത്തിനു 13 റണ്‍സ് അകലെ മാത്രമേ ടീമിനു എത്തുവാന്‍ സാധിച്ചുള്ളു.

ക്രിസ് ട്രെമൈന്‍, കാമറൂണ്‍ ബോയസ്, ഡാനിയേല്‍ ക്രിസ്റ്റ്യന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടിയാണ് റെനഗേഡ്സിനു കിരീടം നേടിക്കൊടുത്തത്.