PSL

കറാച്ചിയെ എറിഞ്ഞ് തകര്‍ത്ത് ഹാരിസ് റൗഫ്, ലാഹോറിനു മികച്ച ജയം

Sports Correspondent

എബി ഡി വില്ലിയേഴ്സ് വീണ്ടും പരാജയപ്പെട്ടുവെങ്കിലും കറാച്ചി കിംഗ്സിനെതിരെ വിജയം പിടിച്ചെടുത്ത് ലാഹോര്‍ ഖലന്തേഴ്സ്. 20 ഓവറില്‍ നിന്ന് 138 റണ്‍സ് മാത്രമാണ് ആറ് വിക്കറ്റ് നഷ്ടത്തില്‍ ലാഹോര്‍ നേടിയതെങ്കിലും 116 റണ്‍സിനു എതിരാളികളായ കറാച്ചിയെ എറിഞ്ഞിട്ട് 22 റണ്‍സിന്റെ വിജയമാണ് ലാഹോര്‍ സ്വന്തമാക്കിയത്.

സൊഹൈല്‍ അക്തര്‍(39), ഫകര്‍ സമന്‍(26), ആന്റണ്‍ ഡെവ്സിച്ച്(28) എന്നിവരാണ് ലാഹോര്‍ നിരയില്‍ റണ്‍സ് കണ്ടെത്തിയത്. എബി ഡി വില്ലിയേഴ്സ് 3 റണ്‍സ് മാത്രമാണ് നേടിയത്. ഉമര്‍ ഖാന്‍ രണ്ടും മുഹമ്മദ് അമീര്‍, സിക്കന്ദര്‍ റാസ എന്നിവര്‍ കറാച്ചിയ്ക്കായി ഓരോ വിക്കറ്റും നേടി.

മുഹമ്മദ് റിസ്വാനും(34), ബാബര്‍ അസവും(28) പൊരുതി നോക്കിയെങ്കിലും കറാച്ചിയുടെ നടുവൊടിച്ചത് ഹാരിസ് റൗഫിന്റെ തകര്‍പ്പന്‍ സ്പെല്ലാണ്. റൗഫ് 4 വിക്കറ്റും രാഹത് അലി മൂന്നും വിക്കറ്റ് നേടിയപ്പോള്‍ 19.5 ഓവറില്‍ 116 റണ്‍സിനു കറാച്ചി ഓള്‍ഔട്ട് ആയി. ഷഹീന്‍ അഫ്രീദിയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.