ഫോമിലേക്ക് മടങ്ങിയെത്തി കോഹ്‍ലി, വിജയ വഴിയിലേക്ക് തിരികെ എത്തി ആര്‍സിബി, ഇനി കാത്തിരിക്കാം ഡൽഹിയുടെ തോല്‍വിയ്ക്കായി

Fafkohli

ഐപിഎലിൽ തങ്ങളുടെ അവസാന മത്സരത്തിൽ മികച്ച വിജയവുമായി ആര്‍സിബി. ഗുജറാത്തിനെ 168 റൺസിലൊതുക്കിയ ശേഷം ലക്ഷ്യം 18.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ മറികടക്കുമ്പോള്‍ കിംഗ് കോഹ്‍ലിയുടെ ഫോമിലേക്കുള്ള മടങ്ങിവരവാണ് മത്സരത്തിലെ പ്രധാന ഹൈലൈറ്റ്.

വിജയത്തോടെ 16 പോയിന്റുമായി ആര്‍സിബി 4ാം സ്ഥാനത്തേക്ക് എത്തിയെങ്കിലും ഇനി അവര്‍ കാത്തിരിക്കുന്നത് ഡൽഹിയുടെ തോല്‍വിയ്ക്കായാണ്. ഡൽഹിയെക്കാള്‍ മോശം റൺറേറ്റാണ് ആര്‍സിബിയെ അലട്ടുന്ന കാര്യം. ആര്‍സിബിയുടെ വിജയത്തോടെ പഞ്ചാബും സൺറൈസേഴ്സും പ്ലേ ഓഫ് കാണാതെ പുറത്തായി.

115 റൺസാണ് ഒന്നാം വിക്കറ്റിൽ വിരാട് കോഹ്‍ലി – ഫാഫ് ഡു പ്ലെസി കൂട്ടുകെട്ട് നേിടയത്. 38 പന്തിൽ 44 റൺസ് നേടിയ ഡു പ്ലെസിയെ റഷീദ് ഖാന്‍ ആണ് പുറത്താക്കിയത്. എന്നാൽ പകരം ക്രീസിലെത്തിയ മാക്സ്വെൽ തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശി ലക്ഷ്യത്തിന് അടുത്തേക്ക് ബാംഗ്ലൂരിനെ നീക്കി.

ഹാര്‍ദ്ദിക് പാണ്ഡ്യയെ ഒരോവറിൽ രണ്ട് സിക്സിനും ഒരു ഫോറിനും പറത്തിയാണ് മാക്സ്വെൽ തന്റെ വരവറിയിച്ചത്. 54 പന്തിൽ 73 റൺസ് നേടിയ കോഹ്‍ലിയെ റഷീദ് ഖാന്‍ പുറത്താക്കുമ്പോള്‍ 23 റൺസ് കൂടി മാത്രമായിരുന്നു ആര്‍സിബി നേടേണ്ടിയിരുന്നത്.

കോഹ്‍ലി പോയ ശേഷവും ബൗണ്ടറികള്‍ കണ്ടെത്തി മാക്സ്വെൽ തിളങ്ങിയപ്പോള്‍ 18.4 ഓവറിൽ ബാംഗ്ലൂര്‍ 8 വിക്കറ്റ് വിജയം കരസ്ഥമാക്കുകയായിരുന്നു. മാക്സ്വെൽ പുറത്താകാതെ 18 പന്തിൽ 40 റൺസ് നേടി. ഇന്നത്തെ ആര്‍സിബിയുടെ വിജയത്തോടെ രാജസ്ഥാന്‍ റോയൽസും പ്ലേ ഓഫിലേക്ക് കടക്കുന്ന ടീമായി മാറി. അതേ സമയം പഞ്ചാബും സൺറൈസേഴ്സും ടൂര്‍ണ്ണമെന്റിൽ നിന്ന് പുറത്തായി.

രാജസ്ഥാന്റെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കിയുള്ളത്. നാളെ അത്രയും വലിയ തോല്‍വി നേരിടേണ്ടി വന്നാൽ പോലും രാജസ്ഥാന്‍ ആര്‍സിബിയുടെ റൺറേറ്റിലും താഴെപ്പോകുകയില്ലെന്നാണ് കണക്കാക്കപ്പെടുന്നത്.