സഞ്ജുവിന് ആദ്യ തോൽവി സമ്മാനിച്ച് ദിനേശ് കാര്‍ത്തിക്കും ഷഹ്ബാസ് അഹമ്മദും

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 87/5 എന്ന നിലയിലേക്ക് തള്ളിയിട്ട് വിജയം ഉറപ്പിച്ച രാജസ്ഥാന്‍ റോയൽസിനെ ഞെട്ടിച്ച് ദിനേശ് കാര്‍ത്തിക്കും ഷഹ്ബാസ് അഹമ്മദും. ഇരുവരുടെയും തട്ടുപൊളിപ്പന്‍ ബാറ്റിംഗിന്റെ ബലത്തിൽ ** വിക്കറ്റ് വിജയം നേടി ആര്‍സിബി രാജസ്ഥാന് ആദ്യ തോൽവി സമ്മാനിക്കുകയായിരുന്നു.

ഫാഫ് ഡു പ്ലെസിയും അനുജ് റാവത്തും കരുതലോടെ തുടങ്ങി 55 റൺസാണ് ബാംഗ്ലൂരിനായി ഒന്നാം വിക്കറ്റിൽ നേടിയത്. എന്നാൽ 29 റൺസ് നേടിയ ഫാഫിനെ പുറത്താക്കി ചഹാല്‍ കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു.

അടുത്ത ഓവറിൽ 26 റൺസ് നേടിയ റാവത്തിനെ സൈനി മടക്കിയയച്ചപ്പോള്‍ വിരാട് കോഹ്‍ലി റണ്ണൗട്ട് രൂപത്തിലും പുറത്തായി. 55/0 എന്ന നിലയിൽ നിന്ന് 62/4 എന്ന നിലയിലേക്ക് ബാംഗ്ലൂര്‍ വീണപ്പോള്‍ മത്സരം രാജസ്ഥാന്‍ സ്വന്തമാക്കുമെന്നാണ് കരുതിയത്.

നവ്ദീപ് സൈനി എറിഞ്ഞ 12ാം ഓവറിൽ രണ്ട് സിക്സും ഒരു ഫോറും അടക്കം 15 റൺസ് നേടി ഷഹ്ബാസ് അഹമ്മദാണ് ആര്‍സിബി ക്യാമ്പിൽ പ്രതീക്ഷ നൽകിയത്. രവിചന്ദ്രന്‍ അശ്വിനെറിഞ്ഞ 14ാം ഓവറിൽ ദിനേശശ് കാര്‍ത്തിക് റൺ മഴ തീര്‍ത്തപ്പോള്‍ 21 റൺസ് കൂടി റോയൽ ചലഞ്ചേഴ്സ് സ്കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തു.

നവ്ദീപ് സൈനിയുടെ അടുത്ത ഓവറിൽ 16 റൺസ് കൂടി പിറന്നപ്പോള്‍ പ്രസിദ്ധ് കൃഷ്ണയുടെ ഓവറിൽ 13 റൺസ് വന്നു. എന്നാൽ ചഹാല്‍ വെറും 4 റൺസ് വിട്ട് കൊടുത്ത് മികച്ച സ്പെൽ പൂര്‍ത്തിയാക്കി.

ബോള്‍ട്ട് 45 റൺസ് നേടിയ ഷഹ്ബാസിനെ പുറത്താക്കിയെങ്കിലും അതിന് മുമ്പ് ഒരു സിക്സും ഫോറും നേടിയപ്പോള്‍ ഓവറിൽ നിന്ന് 13 റൺസ് വന്നു. 67 റൺസാണ് ഷഹ്ബാസ് – കാര്‍ത്തിക് കൂട്ടുകെട്ട് നേടിയത്. രണ്ടോവറിൽ 15 റൺസായിരുന്നു ആര്‍സിബിയ്ക്ക് വിജയത്തിനായി നേടേണ്ടിയിരുന്നത്.

പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ 19ാം ഓവറിൽ 12 റൺസ് പിറന്നപ്പോള്‍ അവസാന ഓവറിൽ 3 റൺസായിരുന്നു ആര്‍സിബിയുടെ വിജയ ലക്ഷ്യം. യശസ്വി ജൈസ്വാളിനെ ആദ്യ പന്തിൽ സിക്സര്‍ പറത്തി ഹര്‍ഷൽ പട്ടേൽ 5 പന്ത് ബാക്കി നില്‍ക്കവെ ആര്‍സിബിയെ വിജയത്തിലേക്ക് നയിച്ചപ്പോള്‍ ദിനേശ് കാര്‍ത്തിക് 23 പന്തിൽ 44 റൺസുമായി പുറത്താകാതെ നിന്നു. ഹര്‍ഷൽ 9 റൺസാണ് നേടിയത്.

രാജസ്ഥാന്‍ നിരയിൽ യൂസുവേന്ദ്ര ചഹാലിന്റെ പ്രകടനം എടുത്ത് പറയേണ്ട ഒന്നായിരുന്നു.